തിരുവനന്തപുരം: സൈബർ തട്ടിപ്പ് സംഘങ്ങൾക്കായി ബാങ്ക് അക്കൗണ്ടുകൾ എടുത്തുനൽകി ലക്ഷങ്ങളുടെ കമ്മീഷൻ കൈപ്പറ്റി വന്ന സംഘത്തിലെ മൂന്നുപേർ പൊലീസ് പിടിയിലായി. മ്യൂൾ അക്കൗണ്ടുകൾ വഴി വൻതോതിൽ പണമിടപാട് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സൈബർ പൊലീസിന്റെ നിരീക്ഷണത്തിനൊടുവിലാണ് പ്രതികളെ പാങ്ങോട് പൊലീസ് പിടികൂടിയത്. കല്ലറ സ്വദേശി അൽഅമീൻ (34), ഭരതന്നൂർ മൈലമൂട് സ്വദേശി ഷാൻജി (34), കല്ലറ പാട്ടറ വണ്ടിത്തടത്ത് താമസിക്കുന്ന സജിൻ (26) എന്നിവരാണ് അറസ്റ്റിലായത്.

അജ്ഞാതരായ സൈബർ തട്ടിപ്പുകാരുടെ നിർദേശപ്രകാരം സ്വന്തം പേരിൽ വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തുടങ്ങുന്നതാണ് ഇവരുടെ ആദ്യ ഘട്ടം. തുടർന്ന് ഈ അക്കൗണ്ടുകളുടെ ചെക്ക് ബുക്ക്, എടിഎം കാർഡ്, പാസ് ബുക്ക് എന്നിവ തട്ടിപ്പ് സംഘത്തിന് കൈമാറും. വിവിധ സൈബർ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം പല അക്കൗണ്ടുകൾ മാറി പ്രതികളുടെ അക്കൗണ്ടിലെത്തും. ഈ തുക പ്രതികൾ നേരിട്ട് ബാങ്ക് ശാഖകളിലെത്തി ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് സംഘത്തിന് എത്തിച്ചുനൽകും.

ഓരോ ഇടപാടിനും കൃത്യമായ കമ്മീഷൻ ഇവർ കൈപ്പറ്റിയിരുന്നു. പ്രതികൾ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇത്തരത്തിൽ നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കളമശേരി ഫെഡറൽ ബാങ്ക് ശാഖയിലെ ചെക്ക് ഉപയോഗിച്ച് അൽ അമീൻ കല്ലറ ശാഖയിൽ നിന്ന് രണ്ടു ലക്ഷം രൂപയാണ് പിൻവലിച്ചത്. പാലോട് ഗ്രാമീൺ ബാങ്ക് അക്കൗണ്ട് വഴി ഷാൻജി 7,35,000 രൂപയും കണിയാപുരം ഐ.ഒ.ബി ശാഖയിലെ അക്കൗണ്ട് വഴി സജിൻ 1,77,000 രൂപയും പിൻവലിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

മറ്റുള്ളവർക്ക് വേണ്ടി അക്കൗണ്ട് തുടങ്ങി പണം കൈമാറുന്ന സംഘങ്ങളെക്കുറിച്ച് സൈബർ പൊലീസ് നടത്തിയ വിപുലമായ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. സൈബർ വിഭാഗം കൈമാറിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർക്ക് സഹായം നൽകിയിരുന്ന കല്ലറ കോട്ടൂർ സ്വദേശി സിദ്ധീഖിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഘത്തിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.