തിരുവനന്തപുരം: മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ ബോംബ് വെക്കുമെന്ന് ഇ-മെയിൽവഴി ഭീഷണി മുഴക്കിയ കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻഷായ്ക്ക് (23) തീവ്രവാദ ബന്ധമില്ല. ഓഹരി വിപണിയിൽ പണം നിക്ഷേപിച്ച് വലിയ തുക നഷ്ടമായതിനെ തുടർന്നാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് ഫെബിൻ പൊലീസിനോടു പറഞ്ഞത്.

മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡാണ് ഫെബിൻ ഷായെ തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്. കേരള പൊലീസിനെ അറിയിക്കാതെയായിരുന്നു നീക്കം. ഫെബിൻ ഷായ്ക്ക് ഓഹരി വിപണിയിലെ നിക്ഷേപത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും നഷ്ടം നികത്താമെന്ന പ്രതീക്ഷയിലായിരുന്നുവെന്നും ഇയാളെ പിടികൂടിയ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓഹരി വിപണയിലെ നഷ്ടം നികത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭീഷണി സന്ദേശം അയച്ചതെന്നാണ് ഇയാൾ മൊഴി നൽകിയതും.

മൊബൈൽ ഹാക്ക് ചെയ്തതാണെന്ന് ആദ്യം പറഞ്ഞെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ബിബിഎ ബിരുദമുള്ള ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. ഫെബിൻഷായെ മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും. ട്രാൻസിറ്റ് വാറന്റ് വാങ്ങിയശേഷം മുംബൈയിലേക്ക് കൊണ്ടുപോകും.

48 മണിക്കൂറിനുള്ളിൽ 8.5 കോടിരൂപ മൂല്യംവരുന്ന ബിറ്റ്കോയിൻ ഒരു പ്രത്യേക വിലാസത്തിലേക്ക് കൈമാറിയില്ലെങ്കിൽ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ചയാണ് വിമാനത്താവള അധികൃതർക്ക് സന്ദേശം ലഭിച്ചത്. വ്യാജ ഇ-മെയിൽ വിലാസം നിർമ്മിച്ചായിരുന്നു ഭീഷണിസന്ദേശം അയച്ചത്. വിമാനത്താവള അധികൃതരുടെ പരാതിയെത്തുടർന്ന് സഹർ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് ഭീകരവിരുദ്ധ സ്‌ക്വാഡിന് കൈമാറുകയായിരുന്നു.

ഇ-മെയിൽ അയച്ച കമ്പ്യൂട്ടറിന്റെ ഐ.പി വിലാസം പിന്തുടർന്നാണ് തിരുവനന്തപുരത്തെത്തിയത്. ഭീഷണിക്ക് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, എ.ടി.എസ് അന്വേഷിച്ച് സ്ഥിരീകരിക്കും. വിമാനത്താവളത്തിന്റെ സൗകര്യങ്ങളെക്കുറിച്ച് അഭിപ്രായം അറിയിക്കാനുള്ള ഫീഡ് ബാക്ക് ഐ.ഡിയിലാണ് ഇ-മെയിൽ അയച്ചത്. ഇ-മെയിലിൽ സ്‌ഫോടനം എന്ന് വിഷയം രേഖപ്പെടുത്തിയിരുന്നു. പണം നൽകിയില്ലെങ്കിൽ രണ്ടാം ടെർമിനൽ 48 മണിക്കൂറിനകം തകർക്കുമെന്നും ഇത് അവസാനത്തെ മുന്നറിയിപ്പാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുംബൈ ടീം വിപുലമായ അന്വേഷണം നടത്തിയത്.

വ്യാഴാഴ്ച 11.06 നാണ് വിമാനത്താവളം ഓപ്പറേറ്റ് ചെയ്യുന്ന മിയാലിന്( മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) ഇ-മെയിൽ വഴി ഭീഷണിക്കത്ത് കിട്ടിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 385-ാം വകുപ്പും (കൊള്ളയടിക്കാൻ ശ്രമിക്കൽ), 505 ാ ംവകുപ്പും( പൊതുസമാധാനത്തിന് എതിരെയോ, പൊതുജനത്തിന് ഭീതിയുണ്ടാക്കുന്ന പ്രസ്താവന നടത്തൽ) എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം പൂണെയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട ആകാശ എയർ വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ അവകാശപ്പെട്ടതിനെ തുടർന്നാണ് 185 യാത്രക്കാരുമായി പുറപ്പെട്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കിയത്.

''എന്റെ ബാഗിൽ ബോംബുണ്ട്'' എന്ന് യാത്രക്കാരൻ പറഞ്ഞതിന് പിന്നാലെയാണ് ആകാശ എയർ വിമാനം അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. പിന്നീട് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡിന്റെ (ബിഡിഡിഎസ്) സംഘമെത്തി വിമാനത്തിൽ വെച്ച് ഇയാളുടെ ബാഗ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ഈ സാഹചര്യത്തിലാണ് ഇ മെയിൽ ഭീഷണിയും ഗൗരവത്തോടെ എടുത്തത്.