മുംബൈ: സിനിമയുടെ പേരിൽ പലവിധത്തിലുള്ള തട്ടിപ്പുകൾ നടക്കാറുണ്ട്. ഇത്തരം തട്ടിപ്പുകളിൽ ഏറ്റവും ഒടുവിൽ പുറത്തുവന്നത് സൈബറിടത്തിലെ വ്യാജ കാസ്റ്റിങ് ഡയറക്ടർ ചമഞ്ഞെത്തിയ ആൾ നടത്തയ തട്ടിപ്പാണ്. തെന്നിന്ത്യയിൽ നിന്നുള്ള കാസ്റ്റിങ് ഡയറക്ടറും അസോസിയേറ്റും ചേർന്ന് യുവനടിയിൽ നിന്ന് 10.31 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിയുമായി നടി രംഗത്തുവന്നു. പ്രമുഖ നടന്മാർക്കൊപ്പം പ്രധാന വേഷം നൽകാം എന്ന് വാഗ്ദാനം നൽകിയായിരുന്നു 21കാരിയായ മാറാത്തി ടിവി താരത്തിന്റെ കൈയിൽ നിന്ന് പണം തട്ടിയെടുത്തത്.

രാംചരൺ, കിയാര അധ്വാനി അടക്കമുള്ള പ്രമുഖ താരങ്ങൾ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിലേക്ക് വളരെ പ്രധാനപ്പെട്ട മറ്റൊരു വേഷത്തിൽ അഭിനയിക്കാൻ താരങ്ങളെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു നടിക്ക് ഇൻസ്റ്റഗ്രാമിൽ കൂടി ഇവന്റ് കമ്പനിയുടെ സന്ദേശം ലഭിക്കുന്നത്. നടി താത്പര്യമുണ്ടെന്ന് കാണിച്ച് തന്റെ നമ്പർ അവർക്ക് നൽകുകയായിരുന്നു. തുടർന്ന് കാസ്റ്റിങ് ഡയറക്ടർ എന്ന് പരിചയപ്പെടുത്തിയ ആളിൽ നിന്ന് നടിക്ക് കോൾ വന്നു. താൻ ഹൈദരാബാദിൽ ഒരു കമ്പനി നടത്തുന്നുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോൾ. കമ്പനിയുടെ ജോലികൾ ഓൺലൈൻ വഴി കണ്ട് വ്യക്തമായതിന് ശേഷമായിരുന്നു താരം വീഡിയോ അയച്ചു കൊടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അടുത്തദിവസം കാസ്റ്റിങ് ഡയറക്ടർ താരത്തെ വിളിച്ച് സിനിമയിലേക്ക് തിരഞ്ഞെടുത്തതായി അറിയിച്ചു. 45 ദിവസത്തെ ഷൂട്ടിങ് ആണെന്നും ദിവസവും 70,000 രൂപ പ്രതിഫലം നൽകുമെന്നും അറിയിച്ചു. തുടർന്ന് പ്രോജക്ട് ആവശ്യങ്ങൾക്കായി കുറച്ചു തുക അയച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് നടിക്ക് ക്യു ആർ കോഡ് അയച്ചു കൊടുത്തു. നടി പണം കൊടുത്ത ശേഷം അസിസ്റ്റന്റ് വിളിച്ച് പാസ്‌പോർട്ടിന് വേണ്ടിയുള്ള രേഖകൾ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയിലാണ് ഷൂട്ടിങ് എന്നും കൂടെ പോകുന്നവരുടെ ടിക്കറ്റിന്റെ ചിലവും എടുക്കണമെന്നാവശ്യപ്പെട്ട് വീണ്ടു പണം ചോദിച്ചു. ഇങ്ങനെ നിരന്തരം താരത്തിന്റെ കൈയിൽ നിന്നും ഇവർ പണം തട്ടിയെടുത്തു. കരാർ രേഖകൾ തയ്യാറാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ചില രേഖകളും നടിക്ക് ഇവർ അയച്ചു കൊടുത്തു. അതുകൊണ്ട് തന്നെ താരം തെറ്റായി ഒന്നും സംശയിച്ചില്ലെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

വീണ്ടും ഒരു സിനിമ കൂടി താരത്തിന് ഇവർ വാഗ്ദാനം ചെയ്തു. രജനികാന്തിനൊപ്പം അഭിനയിക്കാൻ അവസരമുണ്ടെന്നും കരാർ രേഖകൾ തയ്യാറാക്കാനും മറ്റു രേഖകൾക്കുമായി കുറച്ചു പണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് 10.31 ലക്ഷത്തോളം രൂപ ഇവർ നടിയുടെ കൈയിൽ നിന്ന് തട്ടിയെടുത്തുവെന്ന് പരാതിയിൽ പറയുന്നു. സംശയം തോന്നിയ താരം കാസ്റ്റിങ് ഡയറക്ടറുടെ ഫോട്ടോ ചോദിക്കുകയായിരുന്നു. ഇയാൾ അയച്ചു കൊടുത്ത വ്യാജ ഫോട്ടോ സിനിമാ നിർമ്മാതാവിന്റേതാണെന്ന് മനസ്സിലായതോടെ ദഹിസർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.