ലണ്ടൻ: വോക്കിംഗിന് സമീപത്തെ ആൾത്തിരക്കൊഴിഞ്ഞ ഗ്രാമമായ ഹോഴ്സെല്ലിലെ ഒരു വീട്ടിൽ ഒരു പത്ത് വയസ്സുകാരി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സറേ പൊലീസ് അന്വേഷണമാരംഭിച്ചു. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്നു പേർ ബ്രിട്ടൻ വിട്ട് പോയതിനാൽ അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടും എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്‌ച്ച തന്നെ, ഈ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപായിരുന്നു അവർ രാജ്യം വിട്ടത്.

മൃതദേഹം കണ്ടെത്തിയ ഉടനെ തന്നെ പൊലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിരുന്നു. മേഖലയിലെ ഓരോ വീടുകളും കയറിയിറങ്ങി, നിരവധി പേരെ ചോദ്യം ചെയ്തുകൊണ്ടുള്ള അന്വേഷണത്തിനൊടുവിലാണ് സംശയം ഈ മൂന്ന് പേരിൽ എത്തിച്ചേർന്നത്. പൊതുവെ ശാന്തമായ ഒരു ഗ്രാമീണ മേഖ്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ പരിസരവാസികൾ ആകെ പരിഭ്രാന്തിയിലുമാണ്. കുറച്ചു നാളുകൾ കൂടി പൊലീസ് പട്രോളിങ് ഈ മേഖലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു, ആറ് കുട്ടികളുമായി ഒരു പാക്കിസ്ഥാനി കുടുംബം, പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിൽ താമസം ആരംഭിച്ചതെന്ന് അയൽവാസികൾ പറയുന്നു. അതുകൊണ്ടു തന്നെ ആർക്കും ആ കുടുംബത്തെ കുറിച്ച് കൂടുതൽ അറിവില്ല. കുടുംബനാഥൻ ഒരു ടാക്സി ഡ്രൈവർ ആയിരുന്നു എന്ന് അവർ പറയുന്നു.എന്നിരുന്നാലും തങ്ങളുടെ അയൽവക്കത്ത് ഇത്തരമൊരു സംഭവം നടന്നതിൽ എല്ലാവരും ഞെട്ടലിലാണ്. പ്രദേശത്തെ കുട്ടികൾ പ്രത്യേകുച്ചും ഭയപ്പെട്ടിരിക്കുകയാണെന്നും അവർ പറയുന്നു.

മരണമടഞ്ഞ പെൺകുട്ടിയുടെ കുടുംബക്കാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും, അവർക്ക് പ്രത്യേക കൗൺസിലിങ് സേവനം നൽകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു/ അതുപോലെ ഗ്രാമവാസികളുടെ ഭയമകറ്റാൻ കുറച്ചു നാളുകൾ കൂടി അവിടെ പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.