- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സൂചന സേത്തിനെ കുടുക്കിയ പഴുതുകൾ
ബെംഗളൂരു: എത്ര മിടുക്കരായ കുറ്റവാളികളാണെങ്കിലും, കുറ്റകൃത്യത്തിന്റെ ചില തെളിവുകൾ അല്ലെങ്കിൽ പഴുതുകൾ അവശേഷിപ്പിക്കുമെന്ന് പറയാറുണ്ട്. ഗോവയിലെ ഹോട്ടൽ മുറിയിൽ നാലുവയസുകാരൻ മകനെ കൊലപ്പെടുത്തിയ ശേഷം നിർമ്മിത ബുദ്ധി കൺസൾട്ടിങ് കമ്പനി സിഇഒ സൂചന സേത്തും കുറ്റം മറയ്ക്കാൻ വല്ലാതെ വെപ്രാളം കാണിച്ചു.
മകന്റെ മൃതദേഹം അടങ്ങിയ ബാഗ് ആരുമറിയാതെ ഉപേക്ഷിക്കുകയായിരുന്നു സൂചനയുടെ ലക്ഷ്യം. അതിന് വേണ്ടി ഗോവ മുതൽ ബെംഗളൂരു വരെ കാബ് വാടകയ്ക്ക് എടുത്തു. 30,000 രൂപയാണ് കാബ് ഡ്രൈവർക്ക് നൽകിയത്. വളരെ കുറഞ്ഞ നിരക്കിൽ ബെംഗളൂരുവിലേക്ക് വിമാനത്തിൽ പോകാമെന്നും ടിക്കറ്റ് എടുത്തുതരാമെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞെങ്കിലും സൂചന ചെവിക്കൊണ്ടില്ല. കാബിൽ തന്നെ പോകണമെന്ന് നിർബന്ധം പിടിച്ചു. 26,00 മുതൽ 3000 രൂപയ്ക്ക് വരെ ഗോവ-ബെംഗളൂരു ഫ്ളൈറ്റ് ലഭ്യമായിരുന്നപ്പോഴാണ് 30,000 മുടക്കി സൂചന ബാഗുമായി ഇറങ്ങി തിരിച്ചത്.
ജനുവരി ആറ് മുതൽ ജനുവരി 10 വരെയാണ് സൂചന മുറി ബുക്ക് ചെയ്തിരുന്നത്. പണം നേരത്തെ മുൻകൂറായി അടയ്ക്കുകയും ചെയ്തു. എന്നാൽ ജനുവരി 8 ന് 12.30 ന് തന്നെ ചെക്ക് ഔട്ട് ചെയ്തു. ഇതും സംശയത്തിന് ഇടയാക്കി. മൈൻഡ്ഫുൾ എഐ ലാബിന്റെ സിഇഒയാണ് സൂചന സേത്ത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ദ്ധ എന്നാണ് സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പറയുന്നത്.
കഫ് സിറപ്പിനായി വിളി
മകനുമൊത്ത് സൂചന 404 ാം നമ്പർ മുറിയിലായിരുന്നു താമസം. ജനുവരി 7ന് ഏകദേശം നാലുമണിയോടെ റിസപ്ഷനിലേക്ക് സൂചനയുടെ കോൾ വന്നു. രണ്ട് ബോട്ടിൽ കഫ് സിറപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ബ്രാൻഡും പറഞ്ഞുകൊടുത്തു. തനിക്ക് വേണ്ടിയാണെന്നാണ് അവർ റിസപ്ഷനിൽ പറഞ്ഞത്. കഫ് സിറപ്പ് കൊടുത്ത് മകനെ മയക്കി കിടത്തിയ ശേഷം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചുകൊന്നുവോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അഞ്ചുമണിക്കൂറിന് ശേഷം രാത്രി 9.10 ഓടെ, തനിക്ക് ബെംഗളൂരുവിൽ അടിയന്തരമായി പോകണമെന്ന് പറഞ്ഞാണ് കാബ് ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടത്. അപ്പോഴാണ് ഹോട്ടൽ ജീവനക്കാർ നിരക്ക് കുറഞ്ഞ ഫ്ളൈറ്റുകളുടെ കാര്യം അറിയിച്ചത്. ഏതായാലും സൂചനയുടെ ആവശ്യപ്രകാരം ഇന്നോവ ക്രിസ്റ്റ ഏർപ്പാടാക്കി. റെയ്ജോൺ എന്നയാളായിരുന്നു ഡ്രൈവർ. രാത്രി 12.30 യോടെ യാത്ര പുറപ്പെട്ടു.
മുറിയിൽ രക്തക്കറ
ഏതാനും മണിക്കൂറുകൾക്ക് ശേഷം ഹൗസ് കീപ്പിങ് ജീവനക്കാരൻ മുറി വൃത്തിയാക്കാൻ വന്നപ്പോഴാണ് രക്തക്കറ കണ്ടത്. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. പൊലീസ് എത്തിയപ്പോൾ സ്വീകരണ മുറിയിലും, കിടപ്പുമുറിയിലും, കുളിമുറിയിലും രക്തക്കറ കണ്ടു. ഈ രക്തക്കറ മാസമുറയുടേതാണെന്നാണ് സൂചന പിന്നീട് പൊലീസിനോട് കള്ളം പറഞ്ഞത്.
വ്യാജ വിലാസം
പൊലീസ് ഉടൻ കാബ് ഡ്രൈവറെ വിളിച്ച് ഫോൺ സൂചനയ്ക്ക് കൊടുക്കാൻ ആവശ്യപ്പെട്ടു. മകൻ എവിടെ എന്നായിരുന്നു ചോദ്യം. ഗോവയിലെ മർഗോവയിൽ തന്റെ ഒരുകൂട്ടുകാരിക്കൊപ്പമാണ് കുട്ടി എന്നായിരുന്നു മറുപടി. സൂചന അയച്ചുകൊടുത്ത വിലാസം വ്യാജമെന്ന് പിന്നീട് തെളിഞ്ഞു.
പിടി വീണത് ട്രാഫിക് ജാം കാരണം
ഗോവ അതിർത്തിയിൽ ഉണ്ടായ ഒരു വലിയ അപകടം ഈ കേസ് അന്വേഷണത്തിൽ പൊലീസിനെ സഹായിച്ചെന്ന് പറയാം. ഒരു വാഹനാപകടം കാരണം ഗോവ, കർണാടക, മഹാരാഷ്ട്ര അതിർത്തികൾ ചേരുന്ന ചോർല ഘട്ടിൽ വൻ ഗതാഗത കുരുക്കായിരുന്നു. സൂചന സഞ്ചരിച്ച ക്യാബ് നാല് മണിക്കൂറോളം ചോർല ഘട്ടിൽ കുടുങ്ങി. ഈ കാലതാമസം ഉണ്ടായിരുന്നില്ലെങ്കിൽ, സൂചന നേരത്തെ ബെംഗളൂരുവിൽ എത്തുകയും, കുട്ടിയുടെ മൃതദേഹം വിദഗ്ധമായി മറവു ചെയ്യുകയും ചെയ്യുമായിരുന്നു. അത് കേസിനെ കൂടുതൽ സങ്കീർണമാക്കുമായിരുന്നു.
പ്രതിയെ ചൊവ്വാഴ്ച ആറുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വൈദ്യ പരിശോധനയ്ക്കൊപ്പം, മന: ശാസ്ത്രപരമായ പരിശോധനയും ഉണ്ടാകും. അന്വേഷണവുമായി സൂചന സഹകരിക്കുന്നില്ലെന്നും, അവർക്ക് ഇതുവരെ പശ്ചാത്താപം ഒന്നും ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്.