പരവൂർ : വയോധികനെ അയൽവാസിയും ബന്ധുവുമായ യുവാവ് തലക്ക് അടിച്ച് കൊലപ്പെടുത്തി. പൂതക്കുളം ഇടയാടി മുക്കം കോളനിയിൽ ചരുവിള പുത്തൻവീട്ടിൽ റിട്ട. പോസ്റ്റ് മാൻ ഗോപാലൻ (76) ആണ് മരിച്ചത്.സംഭവത്തിൽ അയൽവാസിയായ ചരുവിള വീട്ടിൽ അനിൽകുമാറിനെ (42) പരവൂർ പൊലീസ് പിടികൂടി.

ഇന്നലെ വൈകിട്ട് 5.30 ആണ് സംഭവം. ഗോപാലനും അനിൽകുമാറും തമ്മിൽ മുൻപ് കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സംഭവ സമയം വീട്ടിൽ ഗോപാലനും ഭാര്യ സരസ്വതിയും മാത്രമാണ് ഉണ്ടായിരുന്നത്. വൈകിട്ട് വീടിന്റെ മുറ്റത്ത് നിന്ന് ഫോൺ ചെയ്യുകയായിരുന്നു. ഇതിനിടയിൽ അനിൽകുമാർ പിന്നിൽ നിന്നും വന്ന് ഗോപാലനെ കല്ല് കൊണ്ട് തലക്ക് അടിച്ചു വീഴ്‌ത്തുകയായിരുന്നു. തറയിൽ വീണ ഗോപാലന്റെ തലയിൽ ഉണ്ടായ മുറിവിൽ വീണ്ടും മരക്കമ്പ് കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.

അതുവഴി വന്ന നാട്ടുകാരാണ് സംഭവം കാണുന്നത്. ഗോപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. പ്രതി അനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഗോപാലന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ചാത്തന്നൂർ എസിപി ബി.ഗോപകുമാറും പരവൂർ ഇൻസ്പെക്ടർ എ.നിസാറും, സബ് ഇൻസ്പെക്ടർ നിതിൻ നളനും സംഭവസ്ഥലത്ത് എത്തി. മക്കൾ: രേണുക, രോഹിണി, ഉദയകുമാർ. മരുമക്കൾ: ബൈജു, ലിഡിയ.