തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായതിന് പിന്നാലെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്കു മുറുകുന്നു. എൽദോസിനെതിരെ പൊലീസ് വധശ്രമകുറ്റം ചുമത്തി കേസെടുത്തു. കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയിലാണ് കേസെടുത്തത്. സെപ്റ്റംബർ പതിനാലിന് കോവളത്ത് വെച്ച് വധശ്രമം നടന്നെന്നാണ് യുവതിയുടെ മൊഴി. 307, 354ബി വകുപ്പുകൾ ചേർത്താണ് കേസ്.

കോവളം ആത്മഹത്യാ മുനമ്പിൽ വെച്ച് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ കുന്നപ്പിള്ളിൽ ശ്രമിച്ചെന്നാണ് രഹസ്യ മൊഴിയിലും ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലും യുവതി ആരോപിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നൽകിയത്. കോവളം സൂയിസൈഡ് പോയിന്റിൽ എത്തിച്ച് തന്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയിരുന്നു. ഇക്കഴിഞ്ഞ മാസം 14 നാണ് ഇതെല്ലാം സംഭവിച്ചതെന്നും പരാതിക്കാരി മൊഴി നൽകി.

ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചപ്പോൾ, എംഎൽഎയും സുഹൃത്തും അനുനയിപ്പിച്ച് റോഡിൽ എത്തിച്ചു. തുടർന്ന് എംഎൽഎ മർദ്ദിച്ചപ്പോൾ താൻ ബഹളമുണ്ടാക്കുകയും നാട്ടുകാർ ഓടി കൂടുകയും പൊലീസ് എത്തുകയും ചെയ്തു. എന്നാൽ അവരുടെ മുന്നിൽവെച്ച് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞിരുന്നു.

അതിനിടെ ഒളിവിൽ കഴിയുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും അന്വേഷണസംഘം നടത്തുന്നുണ്ട്. ഇന്നലെ പരാതിക്കാരിയുടെ വീട്ടിൽ നിന്ന് എൽദോസിന്റെ വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. എൽദോസ് ഉപയോഗിച്ച മദ്യക്കുപ്പികളും കണ്ടെത്തിയതായി അന്വേഷണസംഘം അറിയിച്ചു. അതേസമയം യുവതിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടിൽ നിന്നാണ് വസ്ത്രങ്ങൾ കണ്ടെത്തിയത്. മദ്യക്കുപ്പിയും ഇതോടൊപ്പം കണ്ടെടുത്തു. മദ്യക്കുപ്പി വിരലടയാള പരിശോധനയ്ക്ക് വിധേയമാക്കും. യുവതിയുടെ വസ്ത്രങ്ങളും ബെഡ്ഷീറ്റും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ഏഴ് ദിവസം പിന്നിട്ടിട്ടും എംഎൽഎയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എംഎൽഎ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അതിനിടെ, തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും എൽദോസ് കുന്നപ്പിള്ളി എത്തിയില്ല. എംഎൽഎയ്ക്ക് വോട്ടുള്ളതിനാൽ അദ്ദേഹം കെപിസിസി ഓഫീസിൽ എത്തുമോയെന്ന് നിരീക്ഷിക്കാൻ തിങ്കളാഴ്ച രാവിലെ മുതൽ ഷാഡോ പൊലീസിനേയും അന്വേഷണ സംഘം ഏർപ്പെടുത്തിയിരുന്നു.

പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളിൽവച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പൊലീസിന് നൽകിയ മൊഴി. അതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച തിരുവനന്തുപുരം പേട്ട ഭാഗത്തായിരുന്നു തെളിവെടുപ്പ്. ചൊവ്വാഴ്ച പെരുമ്പാവൂരിലെ എംഎൽഎയുടെ വീട്ടിൽ തെളിവെടുക്കും. വീട്ടിൽവച്ചും പീഡനത്തിന് ഇരയായതായി പരാതിയിൽ പറയുന്നുണ്ട്.

അതേസമയം, എംഎൽഎയ്ക്കെതിരേ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ മറ്റൊരു പരാതി കൂടി ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷിയെ വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എംഎൽഎയുടെ മുൻകൂർ ജാമ്യഹർജിയിൽ ഒക്ടോബർ 20-നാണ് കോടതി വിധി പറയുക.