അടൂർ: ദൂരൂഹ സാഹചര്യത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന 65കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് കുന്നത്തുകര ചിറവരമ്പേൽ സുധാകരൻ (65) മരിച്ച കേസിൽ മുണ്ടപ്പള്ളി കാവട വീട്ടിൽ അനിലിനെയാ(40)ണ് അടൂർ ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ് അറസ്റ്റ് ചെയ്തത്.

മാർച്ച് 24 നാണ് കേസിന് ആസ്പദമായ സംഭവം. ഗുരുതര പരുക്കുകളോടെ സുധാകരനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരുക്ക് ഗുരുതരമായിരുന്നതിനാൽ ചികിത്സയിൽ കഴിയവെ ഏപ്രിൽ 11 ന് സുധാകരൻ മരിച്ചു. ഇതിനിടെ രണ്ടാമത്തെ മകൾക്ക് തോന്നിയ സംശയമാണ് അനിലിനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് പൊലീസിനെ എത്തിച്ചത്.

സുധാകരന്റെ ഇളയ മകൾ സംശയം തോന്നി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പിതാവിന് പരുക്കേറ്റത് സംബന്ധിച്ച് സംശയം ഉണ്ടെന്നും സംഭവ ദിവസം അനിലും, സുധാകരനും തമ്മിൽ തർക്കമുണ്ടായതായും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സുധാകരൻ അനിലിന്റെ പറമ്പിൽ കൃഷിപ്പണിക്ക് പോകുന്ന പതിവുണ്ട്. സംഭവ ദിവസം ഇരുവരും പണിക്ക് ശേഷം ഒരുമിച്ചിരുന്ന് മദ്യപിക്കുകയും കൂലി സംബന്ധിച്ച് തർക്കമുണ്ടാകുകയും ചെയ്തു. വാക്കേറ്റം അടിപിടിയായി. അനിൽ സുധാകരനെ ക്രൂരമായി മർദിച്ചു. മൺവെട്ടിയും കസേരയും മർദനത്തിന് ഉപയോഗിച്ചു. മർദനത്തിൽ തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണത്തിന് കാരണമായത്. സുധാകരനെ മർദിച്ച് അവശനാക്കിയ ശേഷം അനിൽ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പട്ടു.

മകളുടെ പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശ പ്രകാരം അടൂർ ഡിവൈ.എസ്‌പി ആർ.ജയരാജിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പൊലീസ് ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ രഹസ്യമായി നിരീക്ഷിച്ചു. സമീപവാസികളോടും ബന്ധുക്കളോടും മറ്റും അന്വേഷണ നടത്തി. ശനിയാഴ്ച രാത്രിയിൽ അനിലിനെ കസ്റ്റഡിയിൽ എടുത്തു. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.

ഒടുവിൽ പ്രതി നടന്ന കാര്യങ്ങൾ പറഞ്ഞു. ജില്ലാ പൊലീസ് ഫോറൻസിക് വിഭാഗം, സയന്റിഫിക് വിഭാഗം, ഫിംഗർ പ്രിന്റ് യൂണിറ്റ്, പൊലീസ് ഫോട്ടോഗ്രാഫർ, ഡോഗ് സ്‌ക്വാഡ് എന്നീ സംഘങ്ങൾ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. മർദനത്തിന് ഉപയോഗിച്ച മൺവെട്ടിയും കസേരയും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് അടൂർ ഡി.വൈ.എസ്‌പി അറിയിച്ചു. പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്പെക്ടർമാരായ വിപിൻ കുമാർ, ജലാലുദ്ദീൻ റാവുത്തർ, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, റോബി ഐസക്, ശ്രീജിത്ത്, പ്രവീൺ.റ്റി, അമൽ.ആർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.