മാവേലിക്കര: ഇതൊരു അവിശ്വസനീയമായ കുറ്റാന്വേഷണ കഥയാണ്. 27 വർഷം പൊലീസിന്റെയും നിയമ സംവിധാനങ്ങളുടെയും കണ്ണുവെട്ടിച്ച് ഈ സമൂഹത്തിൽ തന്നെ കഴിഞ്ഞു പോയ റെജി എന്ന അച്ചാമ്മയുടെ കഥ. സുകുമാരക്കുറുപ്പിന്റെ മാരകമായ സ്ത്രീ വേർഷൻ എന്ന് പറഞ്ഞാലും തെറ്റില്ല. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിന് പിന്നാലെ ഒളിവിൽപ്പോവുകയും മറ്റൊരു പേരിൽ വിവാഹം കഴിച്ച് സ്വസ്ഥമായി കുടുംബ ജീവിതം നയിച്ചു വരികയും ചെയ്തിരുന്ന കുറ്റവാളി പിടിയിലായപ്പോൾ ഞെട്ടിയത് സ്വന്തം കുടുംബാംഗങ്ങൾ തന്നെയായിരുന്നു. കേരളാ പൊലീസിന്റെ തൊപ്പിയിൽ അന്തസിന്റെ ഒരു പൊൻതൂവൽ ചാർത്തിയതാകട്ടെ മാവേലിക്കര പൊലീസും.

വർഷം 1990 ഫെബ്രുവരി 21. അന്നാണ് മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) അതിക്രൂരമായി കൊല്ലപ്പെടുന്നത്. വീടിന്റെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതിൽ നിന്നും കമ്മൽ ഊരി എടുത്തത്. കൈകളിലും പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു. സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ അറുന്നൂറ്റിമംഗലം ബിജു ഭവന(പുത്തൻവേലിൽ ഹൗസ് )ത്തിൽ തങ്കച്ചന്റെ മകൾ റെജി എന്ന അച്ചാമ്മയായിരുന്നു കൊലപാതകം നടത്തി. ആദ്യം ആരും റെജിയെ സംശയിച്ചിരുന്നില്ല. തുടർന്നുള്ള അന്വേഷണത്തിൽ റെജി അറസ്റ്റിലായി.

1993-ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്റ്റംബർ 11 ന് ഹൈക്കോടതി റെജിയെ ജീവപര്യന്തം ശിക്ഷിച്ച് ഉത്തരവിട്ടു. അതിന് ശേഷമാണ് കഥ തുടങ്ങുന്നത്. വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോയി. അതിന് ശേഷം കാലാകാലങ്ങളായി റെജിയെ കണ്ടെത്താൻ പൊലീസ് തമിഴ്‌നാട്, ഡൽഹി, ആന്ധ്ര എന്നിവിടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തി. ഒരു തുമ്പും കിട്ടിയില്ല. പതുകെ പതുക്കെ റെജി മറ്റൊരു സുകുമാരക്കുറുപ്പ് ആയി മാറുകയായിരുന്നു. മാവേലിക്കര പൊലീസ് തന്നെ രജിസ്റ്റർ ചെയ്ത പ്രമാദമായ ചാക്കോ കൊലക്കേസിലാണ് സുകുമാരക്കുറുപ്പ് ചരിത്രത്തിൽ കയറിയ പിടികിട്ടാപ്പുള്ളി ആയത് എന്നുള്ളത് മറ്റൊരു വിരോധാഭാസം. അവിടെ നിന്ന് രണ്ടാമതൊരു സുകുമാരക്കുറുപ്പ് കൂടിയാകുമെന്ന് പൊലീസ് പോലും കരുതിപ്പോയി.

കൊലപാതകം നടന്ന് 33 വർഷവും, ശിക്ഷ വിധിച്ചിട്ട് 27 വർഷവുമായ കേസിൽ കുറ്റവാളിയെ പിടികൂടികൂടണമെന്ന് മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി- രണ്ട് ജഡ്ജി. കെ.എൻ. അജിത് കുമാർ വാറണ്ട് പുറപ്പെടുവിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈ.എസ്‌പി എം. കെ.ബിനുകുമാറിന്റെ നേതൃത്വത്തിൽ മാവേലിക്കര പൊലീസ് ഇൻസ്‌പെക്ടർ സി. ശ്രീജിത്ത്,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്‌ക്കർ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

സംഘം കേസ് ഫയൽ പരിശോധിച്ചും നാട്ടുകാരോടും ബന്ധുക്കളോടും മറ്റും അന്വേഷണം തുടങ്ങി. പ്രാഥമിക ഘട്ടത്തിൽ റെജി മുംബൈയിൽ ഉണ്ടെന്നും തമിഴ്‌നാട്ടിലോ ഗുജറാത്തിലോ ആണെന്നും അതല്ല ഏതോ അനാഥാലയത്തിൽ ആണെന്നും മറ്റും നാട്ടുകാരിൽ നിന്നും അറിയാൻ കഴിഞ്ഞു. ബന്ധുക്കളാകട്ടെ റെജി ഒളിവിൽ പോയ ശേഷം കണ്ടിട്ടില്ലെന്നും മറ്റു വിവരങ്ങൾ അറിയില്ലെന്നും പറഞ്ഞു. പഴയ പത്ര കട്ടിങ്ങിൽ നിന്നും കിട്ടിയ ഫോട്ടോയും കേസിൽ എഴുതപ്പെട്ട അഡ്രസും അല്ലാതെ മറ്റൊരു സൂചനയുമില്ല. പൊലീസ് സംഘം ശരിക്കും ഇരുട്ടിൽ തപ്പിയ ദിനങ്ങൾ. ഇതിനിടയിൽ റെജി കോവിഡ് വന്നു മരിച്ചുവെന്ന് കിംവദന്തി പരന്നു. ഇവർ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനായി കോവിഡ് വന്നു മരിച്ചവരുടെ വിവരങ്ങൾ, വാക്സിൻ എടുത്തവരുടെ വിവരങ്ങൾ, ഊരും പേരും ഇല്ലാതെ മരണപ്പെട്ടവരുടെ വിവരങ്ങൾ എന്നിവ ശേഖരിച്ചുവെങ്കിലും ഫലമുണ്ടായില്ല.

ഒളിവിൽ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലർത്താതെ കഴിഞ്ഞു വന്ന റെജിയെ ഹൈക്കോടതി വിധി വന്ന ശേഷം കാണാതായ അവസാന സമയത്ത് എവിടെ ആയിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു ആദ്യ ലക്ഷ്യം. റെജി ഒളിവിൽ പോകുന്നതിന് മുൻപ് കോട്ടയം ജില്ലയിൽ അയ്മനത്തും ചുങ്കത്തും മിനി എന്ന പേരിൽ വീടുകളിൽ അടുക്കള പണിക്കായി നിന്നിരുന്നുവെന്ന് വിവരം ലഭിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം അവിടേക്ക് പോയി എന്ന് കിട്ടിയ ചെറിയ വിവരത്തിൽ നിന്നും ശാസ്ത്രീയമായും സാങ്കേതികമായുമുള്ള അന്വേഷണം നടത്തി. ചെന്നു നിന്നത് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിളെ വീടിന് മുന്നിൽ.

മിനി രാജു എന്ന പേരിൽ റെജി അവിടെ കുടുംബസമേതം താമസിച്ചു വരികയാണ്. 27 വർഷമായി പൊലീസിന് പിടികൊടുക്കാതെയും തന്നിലേക്ക് അന്വേഷിച്ചു എത്താൻ ഒരു സാഹചര്യവും ഉണ്ടാക്കാതെയും മറ്റൊരു പേരിൽ, ആർക്കും താൻ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണെന്നു സംശയം തോന്നാൻ ഇട വരുത്താതെയും ഒളിവിൽ കഴിയുകയായിരുന്നു. പക്ഷേ, അവർ നയിച്ചിരുന്നത് സാധാരണ ജീവിതമായിരുന്നു. അന്വേഷിച്ചു ചെന്ന പൊലീസ് സംഘം സംശയം കൂടാതെ ഇവരെ കസ്റ്റഡിയിൽ എടുത്തു.

1996 ൽ ഹൈക്കോടതി വിധി വന്നശേഷം ഒളിവിൽ പോയ റെജി കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മിനി എന്ന പേരിൽ വീട്ടുജോലി ചെയ്ത് വരികയായിരുന്നു. ആ കാലയളവിൽ തമിഴ്‌നാട് തക്കല സ്വദേശിയുമായി പരിചയത്തിലായി. 1999 ൽ ഇവർ വിവാഹിതരായി. .കുറച്ചുനാൾ തക്കലയിൽ കഴിഞ്ഞു. പിന്നീട് കോതമംഗലത്ത് പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് വന്നു മിനി രാജു എന്ന പേരിൽ കുടുംബസമേതം താമസമാക്കി. അഞ്ചു വർഷമായി അടിവാട് ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്തു വരികയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ ഇ. ശ്രീജിത്ത്, എസ്. ഐ. പ്രഹ്ളാദൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജു മുഹമ്മദ്, സുഭാഷ്, സജുമോൾ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീക്ക്, അരുൺ ഭാസ്‌കർ, സി. പി. ഓ. ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. റെജിയെ തിങ്കളാഴ്ച മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി-രണ്ടിൽ ഹാജരാക്കും.