അഹമ്മദാബാദ്: സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെ 20കാരിയായ ബി.സി.എ. വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ. സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാര (22) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.

കൊല്ലപ്പെട്ട സാക്ഷി ഭുജിലെ ശങ്കർ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. ഹോസ്റ്റലിൽ നിന്ന് പഠിച്ചിരുന്ന സാക്ഷിയെ താമസസ്ഥലത്ത് നിന്ന് വിളിച്ചിറക്കിയാണ് മോഹിത് ആക്രമണം നടത്തിയത്. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു സുഹൃത്തിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയാണ് മോഹിത് സാക്ഷിയെ വിളിച്ചിറക്കിയത്. സംസാരിക്കുന്നതിനിടെ, മോഹിതുമായുള്ള ബന്ധം തുടരാൻ താല്പര്യമില്ലെന്ന് സാക്ഷി നിലപാടെടുത്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ, കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മോഹിത് സാക്ഷിയുടെ കഴുത്തറുക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിന് ശേഷം മോഹിത് ബൈക്കിൽ രക്ഷപ്പെട്ടു. ഇരുവരും മുൻപ് പ്രണയത്തിലായിരുന്നുവെന്നും, അടുത്തിടെ സാക്ഷി മോഹിത്തിൽ നിന്ന് അകന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ബ്ലോക്ക് ചെയ്യുകയുമായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.