- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീഡിയോ എഡിറ്റ് ചെയ്തുകൊണ്ടിരിക്കെ ലൈറ്റുകൾ ഓഫാക്കാൻ ആവശ്യപ്പെട്ടതിനെ ചൊല്ലി തർക്കം; മാനേജരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞു; പിന്നാലെ ഡംബൽ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; 24കാരൻ പിടിയിൽ
ബെംഗളൂരു: ജോലിസ്ഥലത്ത് ലൈറ്റ് ഓഫ് ചെയ്യുന്നതുമായുണ്ടായ തർക്കത്തിൽ മാനേജരെ സഹപ്രവർത്തകനായ ഐടി ജീവനക്കാരൻ ഡംബൽ കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഗോവിന്ദരാജനഗറിലെ ഡിജിറ്റൽ വോൾട്ട് ആൻഡ് ഫോട്ടോ എഡിറ്റിംഗ് സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ചിത്രദുർഗ സ്വദേശിയും 41 വയസ്സുള്ളതുമായ ഭീമേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 24-കാരനായ സോമല വംശി ഗോവിന്ദരാജനഗർ പൊലീസിൽ കീഴടങ്ങി.
അനാവശ്യമായ ലൈറ്റുകൾ ഓഫാക്കാൻ സോമല വംശി സഹപ്രവർത്തകരെ നിർബന്ധിക്കാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം പുലർച്ചെ ഏകദേശം ഒരു മണിയോടെ, ഭീമേഷ് ബാബു ലൈറ്റ് ഓഫാക്കാൻ ആവശ്യപ്പെട്ടു. വീഡിയോകൾ എഡിറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു സോമല വംശി പ്രകോപിതനായി. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ദേഷ്യത്തിൽ, വംശി ബാബുവിൻ്റെ മുഖത്ത് മുളകുപൊടി എറിയുകയും തുടർന്ന് ഇരുമ്പ് ഡംബൽ ഉപയോഗിച്ച് തലയിലും മുഖത്തും നെഞ്ചിലും ആവർത്തിച്ച് ഇടിക്കുകയും ചെയ്തു.
തുടർന്ന് ബാബു അബോധാവസ്ഥയിൽ താഴെ വീഴുകയായിരുന്നു. സഹപ്രവർത്തകരിലൊരാളായ ഗൗരി പ്രസാദ് സഹായത്തിനായി ഓടിയെത്തി. ഉടൻതന്നെ ആംബുലൻസ് വിളിപ്പിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ആശുപത്രിയിലെത്തുന്നതിന് മുമ്പേ ബാബു മരണപ്പെട്ടതായി ആംബുലൻസ് ജീവനക്കാർ സ്ഥിരീകരിച്ചു.
കൊലപാതകത്തിന് കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസി (വെസ്റ്റ്) ഗിരീഷ് എസ് അറിയിച്ചു. ഓഫീസിലെ ലൈറ്റുകൾ അണച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പ്രതി സോമല വംശി ആന്ധ്രാപ്രദേശ് നയന്ദഹള്ളി സ്വദേശിയാണ്.




