കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ 64 വയസ്സുകാരനെ നടുറോഡിൽ വെച്ച് തീകൊളുത്തിക്കൊന്ന സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭർതൃപിതാവിനെ മരുമകളും കാമുകനും ചേർന്നാണ് കൊലപ്പെടുത്തിയത്. മകന്റെ ഭാര്യയുടെ വിവേഹതര ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു അരുംകൊല.സംഭവവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്റെ മരുമകൾ ബി ജയപ്രിയ (28), കാമുകൻ ഡി മണികണ്ഠൻ (39) എന്നിവരുൾപ്പെടെ നാല് പേരെ കടലൂർ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലിഗംപട്ട് സ്വദേശി രാജേന്ദ്രൻ ശനിയാഴ്ചയാണ് മരണപ്പെട്ടത്. മണികണ്ഠനും ജയപ്രിയയും തമ്മിലുള്ള ബന്ധം രാജേന്ദ്രൻ കണ്ടെത്തിയിരുന്നത് കുടുംബത്തിൽ തുടർച്ചയായ വഴക്കുകൾക്ക് കാരണമായിരുന്നു. ഈ ബന്ധത്തെ രാജേന്ദ്രൻ ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ആക്രമണം നടന്ന ദിവസം രാജേന്ദ്രൻ ബൈക്കിൽ പോകുമ്പോൾ മണികണ്ഠനും കൂട്ടാളികളും ചേർന്ന് വഴിയിൽ തടയുകയായിരുന്നു.

തുടർന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് രാജേന്ദ്രന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ശേഷം ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കഴുത്തിലും ശരീരത്തിന് പുറകിലും അരയിലുമായി 70 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേന്ദ്രനെ കടലൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയും വലിയ ജനരോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ വൈറലായതിനെത്തുടർന്ന് കടലൂർ പോലീസ് വേഗത്തിൽ അന്വേഷണം ആരംഭിക്കുകയും പ്രധാന പ്രതി മണികണ്ഠൻ, മരുമകൾ ജയപ്രിയ എന്നിവരുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.