കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. 30 വയസ്സുകാരനായ നാസിർ അലിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ബിഎൽഒ ആയ റിസ്വാൻ ഹസൻ മൊണ്ടാൾ, ഇയാളുടെ കൂട്ടാളി സാഗർ ഗായ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിസ്വാൻ മൊണ്ടാളിന് നാസിർ അലിയുടെ ഭാര്യയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

നാസിർ അലിയുടെ മൃതദേഹ ഭാഗങ്ങൾ വെള്ളിയാഴ്ച ഒരു കനാലിൽ കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബംഗാളിൽ എസ്‌ഐആർ (സർവേ ഓഫ് ഇന്ത്യ റെക്കോർഡ്സ്) നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം നടന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തിങ്കളാഴ്ച രാത്രി വൈകി വിജനമായ സ്ഥലത്തേക്ക് റിസ്വാൻ മൊണ്ടാൾ നാസിർ അലിയെ വിളിച്ച് വരുത്തുകയായിരുന്നു.

തുടർന്ന് നാസിർ അലി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തിങ്കളാഴ്ച രാത്രി മുതൽ നാസിർ അലിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അടുത്ത ദിവസം കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, നാസിർ അലിയുടെ ഫോൺ കോളുകൾ നിരീക്ഷിച്ചതിൽ നിന്നാണ് മൊണ്ടാളിലേക്ക് അന്വേഷണം എത്തിയത്. ഫോൺ രേഖകൾ പരിശോധിച്ചതിനെ തുടർന്ന് ബിഎൽഒ റിസ്‌വാൻ മൊണ്ടാളിനെ ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലിൽ, അലിയെ കൊലപ്പെടുത്തിയതായും മൃതദേഹം കനാലിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി ഉപേക്ഷിച്ചതായും ഇയാൾ കുറ്റസമ്മതം നടത്തി. തുടർന്നായിരുന്നു റിസ്വാൻ മൊണ്ടാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിനും മൃതദേഹം വെട്ടിമുറിച്ച് കനാലിൽ ഉപേക്ഷിക്കുന്നതിനും മൊണ്ടാളിനെ സഹായിച്ച കൂട്ടാളി സാഗർ ഗായിയും പിന്നീട് പിടിയിലായി. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് പ്രദേശവാസികൾ അരമണിക്കൂറോളം റോഡ് ഉപരോധിച്ചു. പോലീസ് ഇടപെട്ടതിനെ തുടർന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.