- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യ ഉപേക്ഷിച്ചു, 'ലൈംഗികശേഷിയില്ലാത്തവൻ' എന്ന കളിയാക്കലുകളിൽ നിരാശ; അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി, കഴുത്തറുത്ത് കൊലപ്പെടുത്തി; ആ ക്രൂരതയ്ക്ക് പിന്നിൽ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരൻ; കൊലപാതകം മദ്യലഹരിയിലെന്ന് കുറ്റസമ്മതം

ജെഹാനാബാദ്: ബിഹാറിലെ ജെഹാനാബാദിൽ അഞ്ചു വയസ്സുകാരനെ ഹോസ്റ്റലിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ ചുഴുളഴിച്ച് പൊലീസ്. സ്കൂൾ കാന്റീനിലെ ജീവനക്കാരൻ മുകേഷ് എന്ന സുദാമ (46) ആണ് കുറ്റസമ്മതം നടത്തിയത്. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയുള്ള ബ്ലേഡ് കണ്ടെടുത്തിട്ടുണ്ട്.
ഹോസ്റ്റൽ നടത്തിപ്പുകാരനായ തരുൺ കുമാറിനെ നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. വർഷങ്ങൾക്ക് മുൻപ് മുകേഷിനെ ഭാര്യ ഉപേക്ഷിച്ചു പോയതാണ്. ഹോസ്റ്റലിലെ കുട്ടികൾ തന്നെ 'ലൈംഗികശേഷിയില്ലാത്തവൻ' എന്ന് വിളിച്ച് കളിയാക്കിയിരുന്നതായും ഇതിലുള്ള നിരാശയാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി മൊഴി നൽകിയതായി എസ്പി അപരാജിത് ലോഹൻ അറിയിച്ചു.
ഹോസ്റ്റൽ നടത്തിപ്പുകാരനോടുള്ള മുൻവൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ഹോസ്റ്റലിന്റെ പേര് നശിപ്പിച്ച് അത് പൂട്ടിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി കുട്ടിയെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളം വെക്കുമെന്ന് ഭയന്നാണ് തൊണ്ടയറുത്ത ശേഷം മൃതദേഹം ഹോസ്റ്റലിലെ പടിക്കെട്ടിൽ ഉപേക്ഷിച്ചത്.
തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പിതാവ് അറിയുന്നത്. ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടത് തൊണ്ടയറുത്ത നിലയിലും ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലുമുള്ള മകനെയാണ്. വയറിന്റെ ഇടതുവശത്തും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. പട്നയിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു അധ്യാപകനെയും രണ്ട് ജീവനക്കാരെയും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ശാസ്ത്രീയമായ അന്വേഷണത്തിലാണ് മുകേഷിനെ കുടുക്കാനുള്ള തെളിവുകൾ ലഭിച്ചത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൃത്യം നടത്തുമ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്നും പ്രതി പറഞ്ഞു. ഹോസ്റ്റൽ നടത്തിപ്പുകാരനും നിലവിൽ കസ്റ്റഡിയിലാണ്.
ഏപ്രിൽ ഒന്നിനാണ് അഞ്ചു വയസ്സുകാരനെ മാതാപിതാക്കൾ ഹോസ്റ്റലിലാക്കിയത്. ഏപ്രിൽ ആറിന് പുലർച്ചെ 5.20-ഓടെ സ്കൂൾ ഡയറക്ടർ തരുൺ കുമാർ കുട്ടിയുടെ പിതാവിനെ വിളിച്ച് കുട്ടിക്ക് സുഖമില്ലെന്ന് അറിയിക്കുകയായിരുന്നു. പരിഭ്രാന്തനായി സ്വകാര്യ ആശുപത്രിയിലെത്തിയ അജയ് കുമാർ കണ്ടത് ഐസിയുവിൽ മരണത്തോട് മല്ലിടുന്ന മകനെയാണ്.
കണ്ണുനീരോടെ ആ പിതാവ് പോലീസിനോട് പറഞ്ഞതിങ്ങനെ: "കുട്ടിയുടെ കഴുത്ത് അറുത്തിരുന്നു. ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിലായിരുന്നു. വയറിന്റെ ഇടതുഭാഗത്തും കവിളിലും പുരികത്തിന് താഴെയും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു." നില വഷളായതിനെത്തുടർന്ന് പട്നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടർമാരും സ്ഥിരീകരിച്ചിരുന്നു.
കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും പട്ന-ഗയ ദേശീയപാത ഉപരോധിച്ചിരുന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പിന്നാലെ പോലീസ് നടത്തിയ ഊജ്ജിത അന്വേഷണത്തിലാണ് പ്രതി വലയിലായത്.


