- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട് വിറ്റപ്പോൾ ലഭിച്ച 5 ലക്ഷം രൂപ അമ്മ ശോഭന ബാങ്കിൽ നിക്ഷേപിച്ചു; ആ പണം തനിക്ക് വേണമെന്ന് നിരന്തരം ആവശ്യപ്പെട്ട് മകൻ വിഷ്ണു; പണം നൽകാനാകില്ലെന്ന് ശോഭന തറപ്പിച്ചു പറഞ്ഞതോടെ മകന് കലിമൂത്തു; കോടാലിയിൽ അമ്മയെ മകൻ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന സംഭവത്തിന് പിന്നിലെ തർക്കം ഇങ്ങനെ
തൃശൂർ: തൃശ്ശൂർ കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ കാരണം പണത്തെ ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്. വീട് വിറ്റ് കിട്ടിയ അഞ്ച് ലക്ഷം രൂപ മകൻ വിഷ്ണു നിരന്തരം ആവശ്യപ്പെട്ടിട്ടും ശോഭന കൊടുക്കാതിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്. പെട്ടന്നുള്ള ദേഷ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കൊള്ളിക്കുന്നിലെ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവിടേക്ക് താമസം മാറിയത് ഒരു മാസം മുൻപ്. അതുവരെ താലൂർപാടം എന്ന സ്ഥലത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. ആ വീട് വിറ്റപ്പോൾ ലഭിച്ച 5 ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു.
ഈ പണം എടുത്ത് നൽകാൻ വിഷ്ണു ആവശ്യപ്പെട്ടിട്ടും ശോഭന തയ്യാറായിരുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് അച്ഛൻ ജോലിക്ക് പോയ സമയം അമ്മയുമായി വിഷ്ണു തർക്കിച്ചു. ഇതിനിടെ വീടിന്റെ ഹാളിൽ വെച്ച് ഗ്യാസ് കുറ്റികൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി. അമ്മയും മകനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നു എന്നാണ് ശോഭനയുടെ ഭർത്താവ് ചാത്തൂട്ടി പറയുന്നത്. ഉച്ചത്തിൽ സംസാരിക്കുന്നതോ ബഹളവോ വീട്ടിൽ നിന്ന് കേൾക്കാറില്ലെന്ന് സമീപവാസികളും പറയുന്നു.
കൊലയ്ക്ക് ശേഷം വിഷ്ണു പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും ആദ്യം ഒന്നും പറയാൻ കൂട്ടാക്കിയിരുന്നില്ല. ഏറെ നേരം മിണ്ടാതെ നിന്ന വിഷ്ണുവിനോട് ഷർട്ടിലെ ചോരക്കറ എന്താണെന്ന് പൊലീസുകാർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കൊലപാതക വിവരം പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ