ഛണ്ഡീഗഡ്: അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകളെ വെറുതെ വിട്ട് കോടതി. സുമൈ ലാല എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് മകൾ ആശയ്ക്കെതിരെ ചുമത്തിയ കൊലപാതകക്കുറ്റമാണ് ഛണ്ഡീഗഡ് കോടതി തള്ളിയത്. കൊലപാതകത്തിനായി ഉപയോഗിച്ചുവെന്ന് പോലീസ് ഹാജരാക്കിയ കത്തിയുടെ ബ്ലേഡിൻ്റെ നീളം, കൊല്ലപ്പെട്ടയാളുടെ ശരീരത്തിലെ മുറിവിൻ്റെ നീളത്തേക്കാൾ കുറവാണെന്ന പ്രതിഭാഗം അഭിഭാഷകൻ്റെ വാദമാണ് കേസിൽ നിർണായകമായത്. ഇതോടെ ആശയ്ക്ക് കൃത്യത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.

വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ച കത്തിയുടെ ബ്ലേഡിന് 9.8 സെൻ്റിമീറ്റർ നീളമുണ്ടായിരുന്നപ്പോൾ, സുമൈ ലാലയുടെ നെഞ്ചിലേറ്റ മുറിവിന് 10.6 സെൻ്റിമീറ്റർ നീളമുണ്ടായിരുന്നു. 0.8 സെൻ്റിമീറ്ററിൻ്റെ ഈ വ്യത്യാസം കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി അംഗീകരിച്ചു. 2023 ഓഗസ്റ്റ് 9-നാണ് ഛണ്ഡീഗഡിലെ വീട്ടിൽവെച്ച് സുമൈ ലാലയ്ക്ക് കുത്തേറ്റത്. തണുത്ത വെള്ളമെടുക്കാനായി ലാലയുടെ വീട്ടിലെത്തിയ അയൽവാസിയായ ഗുലാബ് ആണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന ലാലയെയും, മുറിവിൽ കൈവെച്ച് രക്തമൊഴുകുന്നത് തടയാൻ ശ്രമിക്കുന്ന ആശയെയും കണ്ടത്.

ഗുലാബും നാട്ടുകാരും ചേർന്ന് ലാലയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൂർച്ചയേറിയ ആയുധം കൊണ്ടേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഗുലാബ് പോലീസിന് നൽകിയ മൊഴിയിൽ ലാല പതിവായി മദ്യപിച്ച് വീട്ടിലെത്തി മകളെ ഉപദ്രവിക്കാറുണ്ടെന്നും, താനാണ് അച്ഛനെ കൊന്നതെന്ന് ആശ തന്നോട് പറഞ്ഞതായും വെളിപ്പെടുത്തി.

ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആശയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിലൂടെ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയെന്ന് കുറ്റപത്രത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, ഗുലാബ് ആശ അച്ഛനെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ടിട്ടില്ലെന്നും, ആശ കുറ്റസമ്മതം നടത്തിയെന്ന പോലീസിൻ്റെ വാദം കളവാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കത്തിയുടെയും മുറിവിൻ്റെയും നീളത്തിലുള്ള വ്യത്യാസം ഉയർത്തിക്കാട്ടിയതോടെ, പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ട് കോടതി ആശയെ കുറ്റവിമുക്തയാക്കി.