ജയ്‌പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ മാങ്‌ലോദ് ഗ്രാമത്തിൽ വിവാഹിതയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. സ്ത്രീധന പീഡനത്തെ തുടർന്നാണ് യുവതിയായ സവിതയെ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തി ആത്മഹത്യയായി ചിത്രീകരിക്കാൻ ശ്രമിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

ഒക്ടോബർ 18ന് ഭർത്താവിനോടൊപ്പമുള്ള ജീവിതം സഹിക്കാനാവുന്നില്ലെന്നും വീട്ടിലേക്ക് കൊണ്ടുപോകാൻ സഹോദരനെ അയക്കണമെന്നും സവിത അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിറ്റേദിവസം സഹോദരൻ സവിതയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോൾ മരണവാർത്തയാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ആറ് മാസമായി സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ സവിതയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

വിവാഹസമയത്ത് 20 പവൻ സ്വർണം, ഒരു ബലേനോ കാർ, ഒരു വസ്തു, 5 ലക്ഷം രൂപ എന്നിവ സ്ത്രീധനമായി നൽകിയിരുന്നതായി സവിതയുടെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എങ്കിലും, ഭർത്താവ് നിതിൻ ഫോർച്യൂണർ കാർ, 70 പവൻ സ്വർണം, 21 ലക്ഷം രൂപ എന്നിവ അധിക സ്ത്രീധനമായി ആവശ്യപ്പെട്ട് സവിതയെ പീഡിപ്പിക്കുകയായിരുന്നു. ഈ പീഡനങ്ങളാണ് സവിതയുടെ മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.