ഭോപാൽ: മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിൽ ആദിവാസി സ്ത്രീയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് വിവരങ്ങൾ. സ്വകാര്യഭാഗത്ത് ഇരുമ്പ് വടി തിരുകിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

ഖൽവ ആദിവാസി മേഖലയ്ക്കു കീഴിലുള്ള റോഷ്‌നി ചൗക്കി പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ക്രൂരമായ ബലാത്സംഗ കൊലപാതകം നടന്നിരിക്കുന്നത്. ആദിവാസിയായ സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയാണെന്ന് പോലീസ് പറഞ്ഞു. മകളാണ് അയൽപക്കത്തെ വീട്ടിൽ അമ്മയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് വടി തിരുകുകയും ഗർഭാശയം പുറത്തെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രക്തം വാർന്ന നിലയിൽ തറയില്‍ കിടക്കുകയായിരുന്നു സ്ത്രീ. ഗ്രാമവാസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സ്ത്രീയുടെ അയൽക്കാരായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ വീട്ടിലെ താമസക്കാരായ ഹരി പാൽവി, സുനിൽ ധ്രുവെ എന്നിവരെയാണ് പിടികൂടിയത്.

അതേസമയം, കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.