ന്യൂഡൽഹി: 27 വയസ്സുകാരിയായ ഡൽഹി പൊലീസ് സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (SWAT) കമാൻഡോ ഭർത്താവിന്റെ ക്രൂരമർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് ഭാരമേറിയ ഡംബൽ ഉപയോഗിച്ച് തലയ്ക്കടിച്ചതിനെത്തുടർന്നാണ് കാജൽ ചൗധരി കൊല്ലപ്പെട്ടത്. ഇവർ നാല് മാസം ഗർഭിണിയായിരുന്നു. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് കൊലപാതകം. ജനുവരി 22-നാണ് യുവതി കൊല്ലപ്പെട്ടത്.

പ്രതിരോധ മന്ത്രാലയത്തിലെ ക്ലർക്കായ ഭർത്താവ് അങ്കുറാണ് കാജലിനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാജൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരിച്ചത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ കാജലിന്റെ സഹോദരൻ നിഖിൽ പറയുന്നതനുസരിച്ച്, ആക്രമണം നടന്ന ദിവസം കാജൽ അങ്കുറിനെ ഫോണിൽ വിളിച്ചിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അങ്കുർ ഡംബൽ ഉപയോഗിച്ച് കാജലിനെ അടിക്കാൻ തുടങ്ങി.

താൻ കാജലിനെ ആക്രമിച്ചു എന്ന കാര്യം അങ്കുർ തന്നെ ഫോണിലൂടെ നിഖിലിനെ അറിയിക്കുകയും ചെയ്തു. കാജലിന്റെ അമ്മായിയമ്മയും രണ്ട് നാത്തൂന്മാരും ചേർന്ന് കാജലിനെ നിരന്തരം സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നതായി സഹോദരൻ ആരോപിച്ചു. കൂടാതെ, അങ്കുർ കാജലിന്റെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങിയിരുന്നതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അങ്കുറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. 2022-ലാണ് കാജൽ ഡൽഹി പോലീസിൽ ചേർന്നത്. നിലവിൽ സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (SWAT) ടീമിലായിരുന്നു ജോലി. 2023-ലായിരുന്നു അങ്കുറുമായുള്ള വിവാഹം. ഇവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്.