കൊച്ചി: എളമക്കരയില്‍ മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് പീഡന വിവരം വ്യക്തമായത്. പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിനിരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്കു മുന്‍പും പീഡനം നടന്നുവെന്നുമുള്ള വിവരമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നത്.

സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് എളമക്കര പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. ആലപ്പുഴ സ്വദേശികളായ കുടുംബം എറണാകുളം എളമക്കരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയ്ക്ക് പീഡനവിവരത്തെക്കുറിച്ച് അറിവില്ലെന്നാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കുട്ടിയെ ഉപദ്രവിച്ചത് ആരാണെന്ന് കണ്ടെത്താൻ പോലീസ് ഊർജ്ജിത അന്വേഷണം നടത്തിവരികയാണ്. പ്രതിയെക്കുറിച്ച് പോലീസിന് നിർണായക സൂചനകൾ ലഭിച്ചതായും വിവരമുണ്ട്. കുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് പൊലീസ്.

കുട്ടിയുടെ അച്ഛൻ തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ ക്രൂരതയ്ക്ക് പിന്നിലെന്ന് കണ്ടെത്താനാണ് പോലീസിന്റെ നീക്കം കഴിഞ്ഞമാസം 16നാണ് അച്ഛനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയേയും അച്ഛനേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കുഞ്ഞ്. തൂങ്ങി മരണമായിരുന്നു അച്ഛന്റേത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

മകളെ കിടക്കയില്‍ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നില്‍ക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്. മകള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്‍റെ അന്നത്തെ നിഗമനം. കേസിലെ ദുരൂഹത നീക്കി യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.