ഭാവനഗർ: ഗുജറാത്തിലെ ഭാവനഗറിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ഔദ്യോഗിക വസതിക്ക് സമീപം കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയ ശൈലേഷ് ഖംഭ്ല (40) ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. നയന (42), മകൻ ഭവ്യ (9), മകൾ പ്രഥ (13) എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് വർഷമായി സഹ പ്രവർത്തകയുമായ് ഇയാൾ അടുപ്പത്തിലായിരുന്നു. ഭാര്യ നയനുമായുള്ള വിവാഹമോചനത്തിന് ഉണ്ടായ തടസ്സമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ശൈലേഷിന്റെ സഹോദരിയെ നയനയുടെ സഹോദരനാണ് വിവാഹം കഴിച്ചിരിക്കുന്നത്. 'സാറ്റ-പാറ്റ' എന്ന പ്രാദേശിക സമ്പ്രദായമനുസരിച്ച്, ഇയാൾ വിവാഹമോചനം നേടിയാൽ സഹോദരിയുടെ ഭർത്താവും വിവാഹബന്ധം വേർപെടുത്തേണ്ടിവരും. ഇതാണ് വിവാഹമോചനത്തിന് തടസ്സമായതെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാട്ടി നവംബർ 7-നാണ് ശൈലേഷ് ഖംഭ്ല പോലീസിൽ പരാതി നൽകിയത്. ദീപാവലി അവധിക്ക് സൂറത്തിൽ ഭർതൃവീട്ടിൽ താമസിച്ചിരുന്ന ഭാര്യയും മക്കളും ഭാവനഗറിലെത്തിയിരുന്നു. എന്നാൽ നവംബർ 5-ന് ഇവർ തന്നെ അറിയിക്കാതെ സൂറത്തിലേക്ക് മടങ്ങിപ്പോയെന്നാണ് ഇയാൾ പോലീസിനെ ധരിപ്പിച്ചത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

വിവിധ അന്വേഷണങ്ങൾക്കൊടുവിൽ, ഖംഭ്ലയുടെ ഔദ്യോഗിക വസതിക്ക് സമീപം അടുത്തിടെ കുഴിച്ച കുഴികൾ മൂടിയതായി ഒരു കീഴുദ്യോഗസ്ഥൻ നൽകിയ മൊഴി കേസിൽ നിർണായകമായി. മാലിന്യം നിക്ഷേപിക്കാൻ വേണ്ടിയാണ് കുഴി കുഴിച്ചതെന്നാണ് ശൈലേഷ് ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നത്. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ നായകൾ മണംപിടിച്ച ഭാഗത്ത് കുഴിച്ചപ്പോൾ മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

ഭാര്യ നയനയെയും മക്കളെയും കൊലപ്പെടുത്തിയതായി ചോദ്യം ചെയ്യലിൽ ശൈലേഷ് സമ്മതിച്ചു. ഒരു വനിതാ ജൂനിയർ ഉദ്യോഗസ്ഥയുമായി കഴിഞ്ഞ നാല് വർഷമായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടായിരുന്നു. ഈ ബന്ധം തുടരുന്നതിന് ഭാര്യ തടസ്സമാണെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. അവധിക്കായി ഭാവനഗറിലെത്തിയ നയന, അവിടെ സ്ഥിരമായി താമസിക്കാൻ നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

നവംബർ 5-ന് രാത്രിയുണ്ടായ തർക്കത്തെത്തുടർന്ന് ശൈലേഷ് ഭാര്യയെ സോഫയിൽ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് ഉറങ്ങുകയായിരുന്ന മക്കളെയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് രണ്ടു ദിവസം മുമ്പ് തന്നെ ഇയാൾ കുഴികൾ തയ്യാറാക്കിയിരുന്നു എന്നതും സംഭവം ആസൂത്രിതമാണെന്ന് തെളിയിക്കുന്നു.

കൊലപാതകത്തിനു ശേഷം കുടുംബത്തെ കാണാനില്ലെന്ന് പരാതി നൽകി ഇയാൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മാത്രമല്ല, ഭാര്യയുടെ ഫോണിൽ നിന്ന് 'മക്കളുടെ യഥാർത്ഥ അച്ഛന്റെ അടുത്തേക്ക് പോകുന്നു, അന്വേഷിക്കേണ്ട' എന്നൊരു സന്ദേശം സ്വന്തം ഫോണിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ ഫോൺ എയർപ്ലെയിൻ മോഡിലായിരുന്നതിനാൽ സന്ദേശം ഡെലിവറി ആയിരുന്നില്ല. ഇതും പോലീസിന്റെ സംശയം വർദ്ധിപ്പിച്ചു.