അജ്മീര്‍: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് രോഹിത് സെയ്നിയും കാമുകി റിതുവും പിടിയില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. ഓഗസ്റ്റ് 10-ന് രോഹിതിന്റെ ഭാര്യ സഞ്ജു കൊലചെയ്യപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയിരുന്നു.

ആദ്യം മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന വ്യാജവാദം ഉയര്‍ത്തിയിരുന്നെങ്കിലും അന്വേഷണത്തില്‍ പോലീസിന് രോഹിത്തിന്റെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കാമുകിയുടെ സമ്മര്‍ദ്ദത്തിലാണ് കൊലപാതകത്തിന് താന്‍ പദ്ധതിയിട്ടതെന്ന് രോഹിത് വെളിപ്പെടുത്തി.

ദീര്‍ഘകാലമായി രോഹിതും റിതുവും പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ ഭാര്യ തടസ്സമാണെന്ന് കരുതി സഞ്ജുവിനെ ഇല്ലാതാക്കണമെന്ന് റിതു നിരന്തരം ആവശ്യപ്പെട്ടുവെന്നാണ് അന്വേഷണം. വിവാഹമോചനം ശ്രമിച്ചാല്‍ ബന്ധം പുറത്ത് വരുകയും നഷ്ടപരിഹാര ബാധ്യത ഉണ്ടാകുമെന്നും ഭയപ്പെട്ടതോടെയാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്ന് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

സംഭവവുമായി ബന്ധപ്പെട്ട് രോഹിത്തിനെ പ്രധാന പ്രതിയായി അറസ്റ്റ് ചെയ്ത പൊലീസ്, ഗൂഢാലോചനയില്‍ പങ്കാളിയായ റിതുവിനെയും പിടികൂടി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഇരുവരെയും ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.