തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിന് മുന്നിൽ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് തിരുവനന്തപുരം ഡിസിപി അറിയിച്ചു. സംഭവം കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ പൊലീസിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

പരാതിക്കാരിയായ യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് നടക്കാനിറങ്ങിയ തനിക്കുനേരെ അപ്രതീക്ഷിതമായി ആക്രമണം നടന്നതെന്ന് യുവതി പറഞ്ഞു.

മ്യൂസിയത്തിന്റെ വെസ്റ്റ് ഗേറ്റിന്റെ അടുത്തേക്ക് നടക്കുമ്പോൾ എതിരേയൊരാൾ നടന്നുവരുന്നത് കണ്ടിരുന്നു. പെട്ടെന്നാണ് അയാൾ തന്നെ ആക്രമിച്ചതെന്നും പെട്ടെന്നു ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയെന്നും അവർ പറഞ്ഞു. പിന്നീട് വെള്ളയമ്പലം ദിശയിലേയ്ക്ക് നടന്ന അയാളുടെ നേരെ ഓടിച്ചെന്നുവെങ്കിലും പിൻതുടരുന്നത് മനസിലാക്കിയ അയാൾ മ്യൂസിയത്തിന്റെ അകത്തേയ്ക്ക് ഗേറ്റ് ചാടുകയായിരുന്നു.

അയാളുടെ പിന്നാലെ പോയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ പൊലീസിനെ അറിയിച്ചു. പൊലീസ് വന്നുവെങ്കിലും അവർക്കും ആളെ കണ്ടെത്താനായില്ല. അയാൾ ഒളിച്ചിരുന്നവെന്നു സംശയം തോന്നിയ സ്ഥലം പറഞ്ഞുകൊടുത്തിട്ടും പൊലീസ് അവിടെ തിരഞ്ഞില്ലെന്നും യുവതി ആരോപിക്കുന്നു.

പിന്നീട് സിസിടിവി പരിശോധിക്കുമ്പോൾ അതേ സ്ഥലത്തുനിന്നും അയാൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ കണ്ടുവെന്നും യുവതി പറഞ്ഞു. പിന്നീട് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സിസിടിവി പലതും പ്രവർത്തിക്കുന്നില്ലെന്നും ചിലത് ലൈവാണെന്നും അതിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നില്ലെന്നുമാണ് പറഞ്ഞതെന്നും അവർ പറഞ്ഞു.