കോട്ടയ്ക്കല്‍: സ്ത്രീകളുമായി പാട്ടുപാടി അടുത്ത ശേഷം അശ്ലീല ചാറ്റിംഗ് പതിവാക്കിയ സംഗീതാധ്യാപകന്‍ അറസ്റ്റിലായി. വീടുകയറി ആക്രമണം, വീട്ടുകാര്‍ക്കുനേരേ വധഭീഷണി എന്നിവ നടത്തി ഒളിവില്‍ക്കഴിയുകയായിരുന്ന സംഗീതാധ്യാപകനാണ് പോലീസിന്റെ പിടിയിലായത്. വളാഞ്ചേരി കണ്ടംപറമ്പില്‍ ശിവനെ (40)യാണ് അറസ്റ്റുചെയ്തത്.

ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന്റെ വീട്ടില്‍ രാത്രിയോടെ അതിക്രമിച്ചുകയറിയ പ്രതി, വീടിന്റെ ജനല്‍ച്ചില്ലുതകര്‍ക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുകയും വീട്ടുകാരെ പെട്രോളൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയും ചെയ്തതായാണു പരാതി. സംഭവം നടന്നശേഷം പ്രതി മുങ്ങി.

സംഗീതാധ്യാപകനായ പ്രതി ആപ്പുപയോഗിച്ച് പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുമായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഇവരുടെ ഫോണ്‍നമ്പര്‍ നേടി അതിലൂടെ ചാറ്റിങ് തുടങ്ങും. അശ്ലീല ചാറ്റിങ്ങിനു വിസമ്മതിച്ചാല്‍ വീട്ടുകാരെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതാണ് രീതി. വഴങ്ങാതിരുന്നാല്‍ വീടുകളില്‍കയറി അതിക്രമം നടത്തും. പുനലൂരിലും സമാനമായ കേസുണ്ട്.

സ്ത്രീകളുമായി ഇത്തരത്തില്‍ അശ്ലീല ചാറ്റിംഗ് നടത്തുന്നത് ഇയാളുടെ പതിവുപരിപാടിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്കെതിരെ തിരുവനന്തപുരത്ത് മോഷണക്കേസുമുണ്ട്. കോട്ടയ്ക്കല്‍ ഇന്‍സ്പെക്ടര്‍ ദീപകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.