ആലപ്പുഴ: മുതുകുളം നാലാംവാർഡിലെ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച യു.ഡി.എഫ്. സ്വതന്ത്രൻ ജി.എസ്. ബൈജുവിനുനേരെ ഗുണ്ടാ ആക്രമണം. വ്യാഴാഴ്ചരാത്രി എട്ടേമുക്കാലോടെ കല്ലൂമൂടിനു കിഴക്ക് കളപ്പാട്ടു ഭാഗത്തുവച്ചാണ് ഒരുസംഘം ആക്രമിച്ചത്. ഇന്ന് മുതുകളത്ത് യുഡിഎഫ് ഹർത്താൽ ആചരിക്കും. ബൈജു അപകട നില തരണം ചെയ്തിട്ടുണ്ട്.

അതിനിടെ ജി എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത് എത്തി. ആക്രമണത്തിന് പിന്നിൽ ബിജെപിക്കാരാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ശക്തമായ മത്സരത്തിൽ നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബൈജുവിനെ ജനാധിപത്യ മത്സരത്തിൽ തോൽപിക്കാൻ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിന്റെ മറവിൽ അദേഹത്തെ ആക്രമിച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചു.

കമ്പിവടിയും മറ്റുമായി മൂന്നു ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിസരവാസികൾ പറഞ്ഞു. തലയ്ക്കും വലതുകാലിനും ഇടതുകൈക്കും സാരമായി പരിക്കേറ്റ ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞ കൈയിലും കാലിലും അടിയന്തര ശസ്ത്രക്രിയ നടത്തി. തിരഞ്ഞെടുപ്പു വിജയത്തിനുശേഷം യുഡി.എഫ്. പ്രവർത്തകരെ കാണാനായെത്തിയതായിരുന്നു അദ്ദേഹം. ബിജെപി. അംഗമായിരുന്ന ജി.എസ്. ബൈജു രാജിവെച്ചതിനുശേഷം യു.ഡി.എഫ്. സ്വതന്ത്രനായാണു മത്സരിച്ചത്. 103 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു തിരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നിലപാടുകളിൽ മനം മടുത്ത് പാർട്ടി വിട്ട ബിജുവിന് പൂർണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും നൽകിയതാണ്. ശക്തമായ മത്സരത്തിൽ നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബിജുവിനെ ജനാധിപത്യ മത്സരത്തിൽ തോൽപിക്കാൻ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിന്റെ മറവിൽ അദേഹത്തെ ആക്രമിച്ചിരിക്കുന്നതെന്ന് സുധാകരൻ പറയുന്നു.

ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിക്കാണ് ബിജെപി ഗുണ്ടകളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയാതെ പോയാൽ വാളെടുക്കുന്ന സംസ്‌കാരം ഈ നാടിന് ചേർന്നതല്ല. പതിവു പോലെ പ്രതികളെ രക്ഷിക്കാൻ നോക്കിയാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരള പൊലീസിനെ ഓർമപ്പെടുത്തുന്നുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

വിജയാഹ്ലാദപ്രകടനത്തിനുശേഷം യു.ഡി.എഫ് പ്രവർത്തകരെ കാണാൻ സ്ഥലത്ത് എത്തിയതായിരുന്നു ബൈജു. മുതുകളത്തെ ഉപതിരഞ്ഞെടുപ്പിൽ 69 വോട്ട് നേടിയ ബിജെപിക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.