- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽമറ്റില്ലാതെ വാഹനമോടിച്ച പിക്കപ്പ് വാൻ ഡ്രൈവർക്ക് പിഴയൊടുക്കാൻ നോട്ടീസ്; പിക്കപ്പിന്റെ നമ്പർ രേഖപ്പെടുത്തി നോട്ടീസ് അയച്ചത് ഹെൽമറ്റില്ലാതെ ആരോ ബൈക്കോടിക്കുന്ന ചിത്രത്തിനൊപ്പം; വിവാദമായതോടെ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ്
ആറ്റിങ്ങൽ: ഹെൽമറ്റില്ലാതെ വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി പിക്കപ്പ് വാൻ ഓടിച്ചയാൾക്ക് പിഴയൊടുക്കാൻ നോട്ടീസ് നൽകിയത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മോട്ടർ വാഹന വകുപ്പ്. വണ്ടി നമ്പർ രേഖപ്പെടുത്തിയപ്പോൾ വന്ന പിഴവാണെന്നും നോട്ടീസ് പിൻവലിച്ചുവെന്നും എംവിഡി അറിയിച്ചു. ആറ്റിങ്ങൽ ആർടിഒയിലെ ഉദ്യോഗസ്ഥനാണ് പിഴവ് സംഭവിച്ചത്. പിഴ പിൻവലിച്ച വിവരം വാഹന ഉടമയായ ആറ്റിങ്ങൽ കാഞ്ഞിരംപാറ സ്വദേശി ബഷീറിനെ വിളിച്ച് അറിയിച്ചു.
ഹെൽമറ്റില്ലാതെ ആരോ ബൈക്കോടിക്കുന്ന ചിത്രത്തിനൊപ്പമാണ് പിക്കപ്പിന്റെ നമ്പറും രേഖപ്പെടുത്തി മോട്ടർ വാഹന വകുപ്പ് നോട്ടിസ് അയച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹെൽമറ്റില്ലാതെ ബൈക്കോടിച്ചതിന് 500 രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ട് മോട്ടർ വാഹന വകുപ്പിന്റെ വിചിത്ര നോട്ടിസ് ലഭിച്ചത്. ബഷീറിന്റെ ഫോണിലേക്ക് ആറ്റിങ്ങൽ ആർടിഒയുടെ സന്ദേശമെത്തിയിരുന്നു.
എന്നാൽ ബഷീറിന് സ്വന്തമായി ബൈക്കില്ല. ഒരു സ്കൂട്ടറാണ് ഉള്ളത്. എന്നാൽ പിഴ നോട്ടിസിൽ രേഖപ്പെടുത്തിയ വാഹന നമ്പർ കണ്ട് ബഷീർ ഞെട്ടി. ഹെൽമറ്റ് വച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പിക്കപ്പ് വാനിന്റെ നമ്പറിലാണ് നോട്ടിസ് വന്നത്.
ലിങ്ക് തുറന്ന് വാഹന നമ്പർ അടക്കം രേഖപ്പെടുത്തി പരിശോധിച്ചപ്പോൾ KL02BD5318 വാഹന ഇനം ഗുഡ്സ് ക്യാരിയറെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് 500 രൂപാ പിഴ ഒടുക്കണമെന്നും നോട്ടീസിലുണ്ടായിരുന്നു. കൊല്ലം മൈലക്കാട് കണ്ണനല്ലൂരിൽവച്ച് എംവിഡി ക്യാമറക്കണ്ണിൽപ്പെട്ട ബൈക്കിന്റെ ചിത്രത്തിലാകട്ടേ രജിസ്റ്റർ നമ്പർ പോലും വ്യക്തമായിരുന്നില്ല.
കൊല്ലം മൈലക്കാട് കണ്ണനല്ലൂരിൽവച്ച് മോട്ടർ വാഹന വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ബൈക്കിന്റെ ചിത്രത്തിൽ, വാഹന നമ്പർ വ്യക്തമല്ല. അന്നേ ദിവസം ബഷീർ കണ്ണനല്ലൂർ ഭാഗത്തേക്കു പോയിട്ടുമില്ല. എന്നിട്ടും കെഎൽ 02 ബിഡി 5318 എന്ന പിക്കപ്പ് വാൻ നമ്പറിൽ എങ്ങനെ നോട്ടിസ് വന്നുവെന്നാണ് ബഷീറിന്റെ ചോദ്യം.
''ഹെൽമറ്റ് വച്ചിട്ടില്ലെന്ന് പറഞ്ഞ് എന്റെ പിക്കപ്പ് വാനിന്റെ നമ്പറിലാണ് നോട്ടിസ് വന്നത്. ബാക്കി വിലാസവും കാര്യങ്ങളുമെല്ലാം എന്റേതു തന്നെയാണ്. പക്ഷേ അതിലെ നിയമലംഘനം ഹെൽമറ്റ് ധരിച്ചിട്ടില്ല എന്നതും. ഇനി ഇതേ നമ്പറിൽ വല്ല ക്രിമിനലുകളും വാഹനം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കിൽ ഞാൻ കുടുങ്ങും. ഒന്നുകിൽ ഇത്തരം കാര്യങ്ങളിൽ സർക്കാർ ശ്രദ്ധിക്കുക. അല്ലെങ്കിൽ കുറച്ചു ബോധമുള്ളവരെ ഇത്തരം ജോലികൾ ചെയ്യാൻ ഏൽപ്പിക്കുക.' ബഷീർ പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിന് പിഴയൊടുക്കി കുറ്റക്കാരനാകാനില്ലെന്ന് ബഷീർ വ്യക്തമാക്കി. വേണമെങ്കിൽ ഹെൽമറ്റ് ധരിച്ച് പിക്കപ്പ് വാൻ ഓടിക്കാമെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതരോട് പറയാമെന്നും ബഷീർ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ