പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കുമായി ബന്ധപ്പെട്ട 86.12 കോടിയുടെ ബിനാമി വായ്പാ തട്ടിപ്പിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമാകുന്നത് ബാങ്കിൽ വാരിക്കോരി നൽകിയ വായ്‌പ്പകളിലേക്കുമാണ്. ബാങ്കിന്റെ മുൻ സെക്രട്ടറിയും പ്രസിഡന്റും ബന്ധുക്കളുടെ പേരിൽ വാരിക്കോരി വായ്‌പ്പയെടുത്തു. ഈ വായ്‌പ്പകൾ ഇനിയും തിരിച്ചടച്ചിട്ടുമില്ല. വലിയ തുക തന്നെ ഈ ഇനത്തിൽ വരുമെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്.

മുൻ സെക്രട്ടറി ജോഷ്വാ മാത്യു, ഭാര്യ, മക്കൾ, സഹോദരങ്ങൾ മറ്റു ബന്ധുക്കള് തുടങ്ങിയവർക്കാണ് 28 വായ്പകളാണ് എടുത്തിരിക്കുന്നത്. ഭാര്യ സഹോദരി ഓമന ജോസിന് മാത്രം ആറ് വായ്പകൾ നൽകിയെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മക്കളായ മേഘ മേരി റെഡി, മൃദുല ഹന്ന റെജി എന്നിവർക്ക് ഏഴുവായ്പകൾ അനുവദിച്ചു. സഹോദരി സി.എം.മോളിക്ക് നാല് വായ്പകൾ. ഇങ്ങനെ ബന്ധുക്കൾക്ക് വാരിക്കോരിയായിരുന്നു വായ്‌പ്പകൾ നൽകിയത്. ഈ ഇനത്തിൽ തിരിച്ചടക്കാനുള്ളത് പതിനെട്ട് കോടി എൺപത്തി മൂന്നുലക്ഷം രൂപയാണ്.

ജോഷ്വാ മാത്യുവിൽ മാത്രം ഈ വായ്‌പ്പാ തട്ടിപ്പ് ഒതുങ്ങില്ല. മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും ഭാര്യയ്ക്കും മകൾക്കും മരുമകനുമായി ആകെ എട്ടു ലോണുകളിലായി രണ്ടുകോടി പന്ത്രണ്ട് ലക്ഷം രൂപയാണ് നൽകിയത്. ഈ പണവും തിരിച്ചടച്ചിട്ടില്ല. അതേസമയം പല ലോണുകളും തങ്ങൾ അറിഞ്ഞില്ലെന്നാണ് ബന്ധുക്കൾ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. മുൻകാലത്തെ ഓഡിറ്റർമാരും തട്ടിപ്പ് അറിഞ്ഞിരുന്നുവെന്ന് പരാതിക്കാരനായ മൂൻ ഡയറക്ടർ ബോർഡ് അംഗം ഗീവർഗീസ് പാറയിൽ ആരോപിച്ചു.

ആളുകൾ ഒരുതവണ വെച്ച വസ്തുവിന്റെ ആധാരം ഉപയോഗിച്ചു പല വായ്‌പ്പകൾ എടുക്കുകയായിരുന്നു എന്നാണ് സൂചനകൾ. വാഴംമുട്ടം സ്വദേശി ജോൺ കെ. ജോർജിനും ബിനാമികൾക്കുമായി 28 വായ്പകളിലായി ആറ് കോടി മുപ്പത്തിനാല് ലക്ഷം അനുവദിച്ചിട്ടുണ്ട്. തിരിച്ചടയ്ക്കാനുള്ളത് പത്ത് കോടി നാൽപത്തിയേഴ് ലക്ഷം രൂപയാണ്. ഡ്രൈവർക്കും വീട്ടുജോലിക്കാരിക്കും ബന്ധുക്കൾക്കും വരെയാണ് വായ്പ. ഒരു ഭൂമിക്ക് പലവായ്പകളും യഥാർഥ മൂല്യത്തിന്റെ പത്തിരട്ടി വരെ പണവും നൽകി.

ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസ് ഏറ്റെടുത്ത് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചതിനു ശേഷമാണ് അടൂർ യൂണിറ്റ് ഡിവൈ.എസ്‌പി എം.എ. അബ്ദുൾറഹിമും സംഘവും പരിശോധനയ്ക്കെത്തിയിരുന്നു. രേഖകൾ വിലയിരുത്തിയതിന് ശേഷം കൂടുതൽ പേരെ കേസിൽ പ്രതികളാക്കുന്നതിനുള്ള സാദ്ധ്യതയാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

നിലവിൽ ഈ കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യു, മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ എന്നിവരെയാണ് ലോക്കൽ പൊലീസ് പ്രതി ചേർത്തിരുന്നത്. 89 ബിനാമി വായ്പകളിലായിട്ടാണ് 86.12 കോടി രൂപയുടെ നഷ്ടം ബാങ്കിന് വന്നു ചേർന്നിരിക്കുന്നത്. ഒരു പ്രമാണം ഈടാക്കി വച്ച് 10 പേർക്ക് വരെയാണ് വായ്പ നൽകിയിരിക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

സഹകരണസംഘം കോന്നി അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കണ്ടെത്തിയ തിരിമറികൾ സംബന്ധിച്ച് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർപൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ബിനാമി വായ്പകളിൽ കേസുണ്ടായത്. കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് സംഘം ഉടൻ രേഖപ്പെടുത്തും.ബിനാമി വായ്പക്കാരിൽ ഏറെയും മൈലപ്ര ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ളവരാണ്.

പത്തനംതിട്ടയിലെ ബിസിനസുകാർ, ആധാരം എഴുത്തുകാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരൊക്കെ ഇതിന്റെ ഗുണഭോക്താക്കളാണെന്നാണ് കണ്ടെത്തൽ. ബാങ്ക് മുൻ സെക്രട്ടറിയുമായോ ചില ഭരണസമിതിയംഗങ്ങളുമായോ നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ആർക്കും എത്ര തുക വേണമെങ്കിലും വായ്പ നൽകുന്നതായിരുന്നു രീതി. വായ്പയ്ക്കുവേണ്ടി നിശ്ചിത ജാമ്യ വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുമില്ല.

ഒരാൾക്ക് ചുരുങ്ങിയത് 25 ലക്ഷം വരെ നൽകും. ആരും വായ്പ തിരിച്ചടയ്ക്കില്ല. കാലാവധി എത്തുമ്പോൾ മുതലും പലിശയുമടക്കം ചേർത്ത് ആ തുക പുതുക്കി വയ്ക്കുകയാണ് ചെയ്യുന്നത്.ബാങ്കിലേക്കു നിക്ഷേപം കുമിഞ്ഞു കൂടിയ അവസരത്തിലാണ് ബിനാമി വായ്പകൾ നൽകിയിരിക്കുന്നത്.