- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈലപ്ര ബാങ്ക് തട്ടിപ്പ്: അറസ്റ്റിലായ മുൻ സെക്രട്ടറി ജോഷ്വ മാത്യുവിന് പിന്നാലെ പൊലീസ്; രണ്ടു കേസുകളിൽ അറസ്റ്റ് ചെയ്യാൻ ലോക്കൽ പൊലീസ് അപേക്ഷ നൽകി; കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും; പ്രസിഡന്റ് മുൻകൂർ ജാമ്യത്തിന്
പത്തനംതിട്ട: രാഷ്ട്രീയ സാമുദായിക സമ്മർദത്തെ തുടർന്നുള്ള സ്റ്റാർട്ടിങ് ട്രബിളിന് ശേഷം മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ശരിയായ ട്രാക്കിലെത്തി. ഇതു വരെ സുരക്ഷിതനെന്ന് കരുതിയിരുന്ന ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.
തട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി അറസ്റ്റിലാവുകയും കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ബോധ്യമാവുകയും ചെയ്തതിന് പിന്നാലെയാണ് ജെറി കോടതിയിലേക്ക നീങ്ങിയിരിക്കുന്നത്. മൂന്നു കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ 3.94 കോടി തട്ടിയ കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യു റിമാൻഡിലാണ്.
ജോഷ്വയെ മറ്റ് രണ്ട് കേസുകളിൽ അറസ്റ്റ് ചെയ്യുന്നതിന് അനുമതി തേടി ലോക്കൽ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അപേക്ഷ നൽകിയിട്ടുണ്ട്. സി.ജെ.എം കോടതി മുമ്പാകെ നൽകിയിട്ടുള്ള മൂന്ന് അപേക്ഷകളും ചൊവ്വാഴ്ച പരിഗണിക്കും.
മൈലപ്ര ബാങ്കിലെ സ്ഥിരനിക്ഷേപമായ 86 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകുന്നില്ലെന്ന് കാട്ടി ട്രിനിറ്റി തീയറ്റർ ഉടമ രാജേന്ദ്രപ്രസാദ് നൽകിയ പരാതിൽ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിന് അനുമതി തേടി വ്യാഴാഴ്ചയാണ് ലോക്കൽ പൊലീസ് ആദ്യ അപേക്ഷ നൽകിയത്. പിന്നാലെ 89 ബിനാമി വായ്പകളിലായി 86.12 കോടി തട്ടിയെടുത്തുവെന്ന സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെ ലോക്കൽ പൊലീസ് അറസ്റ്റിന് അപേക്ഷ നൽകി.
ഈ കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച ഉത്തരവുണ്ടാകാത്തത് കാരണമാണ് ലോക്കൽ പൊലീസ് തന്നെ അറസ്റ്റിന് അനുമതി തേടിയിരിക്കുന്നത്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈ ഫുഡ് റോളർ ഫാക്ടറിയിൽ ഗോതമ്പ് പർച്ചേസ് നടത്തിയ വകയിൽ 3.94 കോടി തട്ടിയ കേസിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത മുൻ സെക്രട്ടറിയെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ കിട്ടുന്നതിനാണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരിക്കുന്നത്.
വമ്പൻ തട്ടിപ്പുകളുടെ ചുരുൾ നിവരുന്നതിലേക്കാണ് അന്വേഷണം പോകുന്നത്. തട്ടിയെടുത്ത പണം ആരാണ് കൊണ്ടു പോയത് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. താനൊന്നും എടുത്തിട്ടില്ലെന്നാണ് മുൻ സെക്രട്ടറി ജോഷ്വാ മാത്യു പറയുന്നത്. എന്നാൽ ജോഷ്വ സെക്രട്ടറിയും കെ.കെ. മാത്യു മാനേജരും ജെറി ഈശോ ഉമ്മൻ പ്രസിഡന്റുമായിരിക്കുന്ന കാലയളവിലാണ് തട്ടിപ്പുകൾ മുഴുവൻ നടന്നിരിക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്