പത്തനംതിട്ട: സിപിഎം ഭരിക്കുന്ന മൈലപ്ര സഹകരണ ബാങ്കിൽ പ്രസിഡന്റും മുൻ സെക്രട്ടറിയും ചേർന്ന് നടത്തിയ കോടികളുടെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ വീണ്ടും സസ്പെൻഷൻ. ബാങ്ക് അസി. സെക്രട്ടറി സാജൻ കോശി, അക്കൗണ്ടന്റ് തോമസ് മാത്യു എന്നിവരെയാണ് പ്രസിഡന്റ് ശനിയാഴ്ച സസ്പെൻഡ് ചെയ്തത്. വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ബാങ്കിന്റെ രേഖകൾ പുറത്തേക്ക് ചോർത്തി എന്ന് ആരോപിച്ചാണ് സസ്പെൻഷൻ. ഇതോടെ ബാങ്കിൽ സസ്പെൻഷനിലായ ജീവനക്കാരുടെ ആകെ എണ്ണം അഞ്ചായി.

അതേ സമയം, കഴിഞ്ഞ ദിവസം സസ്പെഷൻനിലായവർ രേഖകൾ നൽകിയത് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കാണെന്ന് പറയുന്നു. ചട്ടം 65 പ്രകാരം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ചോദിച്ച രേഖകളാണ് ഇവർ നൽകിയത്. ഇവരുടെ സസ്പെൻഷനോടെ ഇനി അന്വേഷണത്തിന് തടസം നേരിടും.

ആവശ്യമായ രേഖകൾ നൽകാൻ പരിചയമുള്ളതും ഉത്തരവാദിത്തപ്പെട്ടവരുമായ ജീവനക്കാർ ഇനിയില്ല എന്നുള്ളതാണ് കാരണം. ഇതു തന്നെയാണ് ബാങ്ക് പ്രസിഡന്റും ഭരണ സമിതിയും ലക്ഷ്യം വച്ചതും. സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ 44 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും ഇത്രത്താളം തുകയുടെ തന്നെ തട്ടിപ്പു കൂടി പുറത്തു വരാനുണ്ട്. ഇത് കണ്ടുപിടിക്കാൻ വേണ്ടി നടക്കുന്ന അന്വേഷണമാണ് ഇപ്പോൾ പ്രസിഡന്റ് മുൻകൈയെടുത്ത് അട്ടിമറിച്ചിരിക്കുന്നത്.

പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, മുൻ സെക്രട്ടറി ജോഷ്വ മാത്യു എന്നിവരാണ് തട്ടിപ്പിന് ചുക്കാൻ പിടിച്ചത്. പദ്ധതികൾ തയാറാക്കിയത് ജോഷ്വായാണ്. പ്രസിഡന്റിന്റെ സഹായത്തോടെ ഇത് നടപ്പാക്കുകയും ചെയ്തു. നിലവിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിൽ ഗോതമ്പ് വാങ്ങിയതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് ചാർജ് ചെയ്ത നാലു കോടിയുടെ തട്ടിപ്പു കേസിന്റെ അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇതിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യു മാത്രമാണ് പ്രതി.

ബാങ്കിലെ മറ്റു ക്രമക്കേടുകളിലേക്ക് അന്വേഷണം പോകാതിരിക്കാനുള്ള നീക്കമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത് എന്നാണ് ആരോപണം. ബാങ്കിന്റെ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ സിപിഎം ഏരിയാ സെക്രട്ടറിയാണ്.