- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈലപ്ര സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതി ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളിലും ബിനാമി നിക്ഷേപം സംശയിക്കുന്ന സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് റെയ്ഡ്; മുൻ പ്രസിഡന്റിന് ഒപ്പമിരുത്തിയും ചോദ്യം ചെയ്യൽ
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളിലും ബിനാമി നിക്ഷേപമുള്ളതായി സംശയിക്കുന്ന സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. ബന്ധുക്കളുടെ പേരിൽ വസ്തുവകകൾ പണയപ്പെടുത്തി എടുത്ത ലോണിൽ അവർ അറിയാതെ തുക കൂടുതൽ എഴുതിചേർത്തുവെന്നും വ്യക്തമായിട്ടുണ്ട്. കസ്റ്റഡിയിലുള്ള ജോഷ്വായെ മുൻ ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മനൊപ്പമിരുത്തിയും ചോദ്യം ചെയ്തു. തട്ടിപ്പിൽ മറ്റാർക്കും പങ്കില്ലെന്നാണ് നിലവിലുള്ള നിഗമനം.
ശനിയാഴ്ച രാവിലെ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് അഞ്ചിടത്താണ് പരിശോധന നടന്നത്. ജോഷ്വായുടെ മകളുടെ ഭർതൃമാതാവായ പത്തനംതിട്ട നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർ മേഴ്സി വർഗീസിന്റെ വീട്ടിൽ അടക്കമാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി എം.എ. അബ്ദുൾ റഹിമിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ജോഷ്വായുടെ സ്വന്തം സഹോദരി, ഭാര്യയുടെ സഹോദരി എന്നിവരുടെ വീടുകളിലും അടൂരിലും പത്തനംതിട്ടയിലുമുള്ള രണ്ടു സ്ഥാപനങ്ങളിലും പരിശോധന നടന്നു.
ബാങ്കിൽ നിന്ന് ക്രമക്കേട് നടത്തി കൈക്കലാക്കിയ പണം ജോഷ്വാ ബന്ധുക്കളെ ബിനാമികളാക്കി വിവിധ സ്ഥലങ്ങളിൽ നിക്ഷേപിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേരളത്തിനകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളിൽ ഇയാൾ വസ്തു വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. ഗോതമ്പ് പർച്ചേസിലെ 3.94 കോടിയുടെ തട്ടിപ്പ് കേസിലാണ് ജോഷ്വ അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ കമ്പനികളിൽ നിന്ന് ഗോതമ്പ് വാങ്ങിയെന്ന രേഖയുടെ മറവിലാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ജോഷ്വായുമായി അന്വേഷണ ഉദ്യോഗസ്ഥർ കോയമ്പത്തൂരിലും തെളിവെടുക്കും. 89 ബിനാമി വായ്പകളിലായി 86.12 കോടിയുടെ നഷ്ടം ബാങ്കിനുണ്ടാക്കിയെന്ന സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ പരാതിയിൽ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം കൂടി ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഈ കേസിലെ എഫ്ഐആർ അന്വേഷണ ഉദ്യാഗസ്ഥൻ കോടതിയിൽ സമർപ്പിച്ചു.
86 ലക്ഷത്തിന്റെ നിക്ഷേപം തിരികെ തന്നില്ലെന്ന ട്രിനിറ്റി രാജേന്ദ്രപ്രസാദിന്റെ പരാതിയിൽ ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തുന്നതിനും കസ്റ്റഡിയിൽ വാങ്ങുന്നതിനുമായി നൽകിയ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോഷ്വായെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
മൈലപ്ര ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെയും മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മനെയും ഒരുമിച്ചിരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അടൂർ യൂണിറ്റ് ഓഫീസിൽ ഡിവൈ.എസ്‌പി എം.എ. അബ്ദുൾ റഹിമിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ മൈഫുഡ് റോളർ ഫാക്ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയിൽ നടത്തിയ 3.94 കോടിയുടെ തട്ടിപ്പ് സംബന്ധിച്ചാണ് ഇരുവരെയും ഒരുമിച്ചിരുത്തിയത്.
ക്രമക്കേടിൽ ജോഷ്വായ്ക്ക് മാത്രമാണ് പങ്ക് എന്ന സൂചനയാണ് ചോദ്യം ചെയ്യലിൽ പുറത്തു വന്നിരിക്കുന്നത്. മൈ ഫുഡ് റോളർ ഫാക്ടറി എം.ഡിയാണ് ജോഷ്വ മാത്യു. ജെറി ഈശോ ഉമ്മൻ ചെയർമാനുമാണ്. ചെയർമാൻ എന്ന നിലയിൽ ജോഷ്വായെ നിയന്ത്രിക്കാൻ ജെറിക്ക് കഴിയാതെ പോയതാണ് വലിയ തട്ടിപ്പിലേക്ക് നയിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായിരിക്കുന്നത്. ക്രമക്കേട് നടത്തി ജോഷ്വാ വകമാറ്റിയ പണം വേറെ ആർക്കും ലഭിച്ചിട്ടില്ല. മാത്രവുമല്ല, ബാങ്ക് പ്രസിഡന്റായിരുന്ന ജെറി ഈശോ ഉമ്മനെ ഇയാൾ വിദഗ്ധമായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഒരുമിച്ചുള്ള ചോദ്യം ചെയ്യലിൽ വെളിവാകുന്നത്.
പ്രധാനമായും ഫാക്ടറിയിലേക്ക് വ്യക്തിയുടെ പേരിൽ എടുത്ത 60 ലക്ഷം രൂപയുടെ വായ്പ സംബന്ധിച്ചുള്ള വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ നടന്നത്. വ്യക്തിയുടെ പേരിലെടുത്ത ഈ വായ്പ ബാങ്കിലേക്ക് വരികയും ഇത് മുതലും പലിശയും സഹിതം 90 ലക്ഷം ഫാക്ടറിയിൽ നിന്ന് എടുത്ത് അടച്ച് ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. ജോഷ്വാ മാത്യവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ബാങ്കിൽ നിന്ന് വിരമിച്ചിട്ടും കേസുകൾ ഒന്നിന് പുറകേ ഒന്നായി വന്നിട്ടും ജോഷ്വായ്ക്ക് അവിടെ ശക്തമായ സ്വാധീനമുണ്ടായിരുന്നുവെന്നതിന്റെ സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
ബാങ്കിലെ മുൻ ജീവനക്കാരനും ഫാക്ടറിയിലേക്ക് ഗോതമ്പ് കരാറുകാരനുമായ ഷാജഹാനോടും ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ്രൈകംബ്രാഞ്ച് സംഘം നോട്ടീസ് നൽകിയിരുന്നു. ഷാജഹാൻ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയെങ്കിലും ഭാര്യയുടെ അസുഖവുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ അവധി ചോദിച്ചു. ഇയാളോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഫാക്ടറിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ നിർണായക സാക്ഷിയാണ് ഷാജഹാൻ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്