- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതകം ഉച്ച കഴിഞ്ഞ് രണ്ടിനും വൈകിട്ട് ആറിനും ഇടയിൽ; മൈലപ്രയിൽ മലഞ്ചരക്ക് വ്യാപാരിയെ കൊന്നത് പ്രൊഫഷണൽ സംഘമെന്ന് സൂചന; മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് മാറ്റിയില്ല; ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നാളെ; ശബരിമല തീർത്ഥാടന കാലമായതിനാൽ സംസ്ഥാന പാതയിലെ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വെല്ലുവിളി
പത്തനംതിട്ട: മൈലപ്രയിൽ പട്ടാപ്പകൽ മലഞ്ചരക്ക് വ്യാപാരിയെ കടയ്ക്കുള്ളിലിട്ട് കൊലപ്പെടുത്തി സ്വർണവും പണവും സിസിടിവി ഹാർഡ് ഡിസ്‌കും അപഹരിച്ചത് പ്രഫഷണൽ മോഷ്ടാക്കളെന്ന സംശയത്തിൽ പൊലീസ് മുന്നോട്ട്. മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയാണ്(73) മൈലപ്ര പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പുതുവേലിൽ സ്റ്റോഴ്സിൽ കൊല്ലപ്പെട്ടത്. മൃതദേഹം സംഭവ സ്ഥലത്ത് നിന്ന് നീക്കിയിട്ടില്ല. ഫോറൻസിക് സംഘം എത്തി പ്രാഥമിക പരിശോധന നടത്തി. നാളെ രാവിലെ ഏഴിന് ഇൻക്വസ്റ്റ് നടത്തും. ഡോഗ് സ്‌ക്വാഡും നാളെ മാത്രമേ എത്തു. പ്രേതപരിശോധന പകൽവെളിച്ചത്തിൽ വേണമെന്ന നിയമം ഉള്ളതിനാലാണിത്.
ഉച്ച കഴിഞ്ഞ് രണ്ടിനും വൈകിട്ടും ആറിനും ഇടയിലാണ് കൃത്യം നടത്തിയിരിക്കുന്നത്. ഉണ്ണൂണ്ണിയുടെ കഴുത്തിലെ മാലയും കടയിലെ പണവും സിസിടിവി ദൃശ്യങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയി. തിരക്കേറിയ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് അരികിലാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നത് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തി. ഇതര സംസ്ഥാനത്ത് നിന്നുള്ളവർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നു. സംസ്ഥാന പാതയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കൈയും കാലും കെട്ടിയതിന് ശേഷം വായിൽ തുണി തിരുകി കഴുത്തിൽ തുണി മുറുക്കി കൊന്നുവെന്നാണ് പ്രാഥമിക നിഗഗമനം. കാർഷിക വിളകളും കൃഷിക്കുള്ള ഉപകരണങ്ങളും വിൽക്കുന്ന കടയാണ് പുതുവൽ സ്റ്റോഴ്സ്.
സംഭവ സ്ഥലത്ത് തന്നെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി വി. അജിത്ത്, ഡിവൈ.എസ്‌പിമാരായ ആർ. ജോസ് (സ്പെഷൽ ബ്രാഞ്ച്), എസ്. നന്ദകുമാർ (പത്തനംതിട്ട), പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ശബരിമല തീർത്ഥാടന കാലമായതിനാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധന കടുപ്പമേറിയതാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നൂറു കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. ഇതിൽ നിന്ന് വാഹനം കണ്ടെത്തി വേണം കൊലയാളികൾക്ക് വേണ്ടി തെരച്ചിൽ നടത്താൻ.
ജോർജിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചെറുമകൻ വൈകിട്ട് അഞ്ചരയോടെ എത്തുമ്പോഴാണ് കൈകാലുകൾ ബന്ധിച്ചും വായിൽ തുണി തിരുകിയും മൃതദേഹം കാണപ്പെട്ടത്. കടയിലെ സാധനങ്ങൾ പുറത്തേക്ക് ഇറക്കി വച്ചിരിക്കുകയാണ്. കടയുടെ ഉൾവശത്ത് ധാരാളം സ്ഥലമുണ്ട്. പുറമേ നിന്ന് നോക്കിയാൽ കടയിൽ എന്തു നടക്കുന്നുവെന്ന് അറിയാൻ കഴിയില്ല. മകൻ ഷാജി ജോർജ് മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ നിലവിലെ സെക്രട്ടറിയാണ്.
ജോർജിന്റെ ഭാര്യ അന്നമ്മ. രണ്ട് ആൺമക്കളുണ്ട്. മൂത്തമകൻ സുരേഷ് ജോർജ് പ്രവാസിയാണ്. നിലവിൽ ഇദ്ദേഹം നാട്ടിലുണ്ട്. ഇവർക്കൊപ്പമായിരുന്നു ജോർജിന്റെ താമസം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്