പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരി മോഷണ ശ്രമത്തിനിടെ മരിച്ചത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം. മോഷ്ടാക്കൾ കെട്ടിയ കുടുക്ക് മുറുകിയതോ മൂക്കും വായും പൊത്തിപ്പിടിച്ചതോ ആകാം ശ്വാസമുട്ടിയുള്ള മരണത്തിന് കാരണമായത് എന്നാണ് സൂചന. മൈലപ്ര പുതുവേലിൽ ജോർജ് ഉണ്ണൂണ്ണിയെ(73) ഇന്നലെ വൈകിട്ട് ആറിനാണ് പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പുതുവേലിൽ സ്റ്റോഴ്സ് എന്ന സ്വന്തം കടയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. കൈകാലുകൾ ബന്ധിച്ചും വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. കടയ്ക്കുള്ളിലും മൃതദേഹത്തിലും നിന്ന് ലഭിച്ച് സൂചനകൾ പ്രകാരം ഒന്നിലധികം പേർ ചേർന്നാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസിന്റെ നിഗമനം. ശാ്സത്രീയ പരിശോധനയിൽ ഒന്നിലധികം പേരുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്.

മോഷ്ടാക്കളുടെ ബലപ്രയോഗത്തിൽ ജോർജ് ഉണ്ണൂണ്ണി അബദ്ധത്തിൽ കൊല്ലപ്പെട്ടതോ മനഃപൂർവം കൊന്നതോ ആകാമെന്നാണ് പൊലീസ് കരുതുന്നത്. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ കൂടി വന്നെങ്കിൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാൻ കഴിയൂ. ഇതര സംസ്ഥാന തൊഴിലാളികളെ ആദ്യം സംശയിച്ചിരുന്നു. എന്നാൽ, കൊലപാതകത്തിന്റെ രീതി കണ്ടിട്ട് മലയാളികൾ തന്നെയാകാനാണ് സാധ്യതയെന്ന പൊലീസ് പറയുന്നുണ്ട്. അതിഥി തൊഴിലാളികളുടെ കൊല ക്രൂരമായ തരത്തിലാണ്. പ്രത്യേകിച്ചും കടയ്ക്കുള്ളിൽ ആയുധങ്ങൾ ഒരു പാട് ഇരിക്കുമ്പോൾ. തലയ്ക്കടിച്ചും വെട്ടിയും കുത്തിയും മൃഗീയമായി കൊല്ലുന്നതാണ് ഇവരുടെ രീതി. ഇവിടെ ജോർജിനെ കെട്ടിയിടുകയാണ് ചെയ്തിരിക്കുന്നത്. ശരീരത്ത് വേറെ മുറിവുകളൊന്നും പ്രത്യക്ഷത്തിൽ ഇല്ല. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

അച്ഛന്റെ രീതികൾ നന്നായി അറിയാവുന്ന ആളാണ് സംഭവത്തിന് പിന്നിലെന്ന മരിച്ച ജോർജ്ജിന്റെ മകൻ സുരേഷിന്റെ മൊഴിയും പൊലീസ് മുഖവിലക്ക് എടുത്തിട്ടുണ്ട്. കടയ്ക്കുള്ളിലെ മുറിയിൽ കൈകാലുകൾ കെട്ടി വായിൽ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കടയിൽ സാധനം വാങ്ങാൻ എത്തിയ ആൾ, ജോർജിനെ വിളിച്ചെങ്കിലും കണ്ടില്ല. അകത്തുകയറി നോക്കുമ്പോഴാണ് മരിച്ചനിലയിൽ കണ്ടത്.

ജോർജ് ഉണ്ണുണ്ണിയുടെ കഴുത്തിൽ കിടന്ന ഒൻപത് പവന്റെ മാല കാണാനില്ലെന്നതാണ് മോഷണത്തിനിടെയുള്ള കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കടയിലെ മേശയിലുണ്ടായിരുന്ന പണവും നഷ്ടമായിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷങ്ങളാണ് മൃതദേഹത്തിലുള്ളത്. ജോർജ് ഉണ്ണുണ്ണിയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ചെന്ന് കരുതുന്ന കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തു.

വലിയ ആസൂത്രണം നടത്തിയാണ് പ്രതികൾ കൊല നടത്തിയത്. സിസിടിവിയുടെ ഹാർഡ് ഡിക്സും പ്രതികൾ എടുത്തുകൊണ്ടുപോയി. വ്യാപാരിയായ ജോർജ്ജ് കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്തിന് മുന്നേ പ്രതികളെത്തി. റോഡരികിലുള്ള കടയിൽ നിന്ന് ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ അകത്തെ മുറിയിലെത്തിച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

കൈകാലുകൾ കൂട്ടിക്കെട്ടി. വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. പുനലൂർ - മൂവാറ്റുപുഴ റോഡിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിലവിൽ തെളിവുകളൊന്നുമില്ല. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

കഴുത്ത് മുറുക്കിയതിന്റെ ലക്ഷണങ്ങളാണ് മൃതദേഹത്തിൽ കാണുന്നതെന്നായിരുന്നു ഞായറാഴ്ച പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കൃത്യം നടത്താനായി രണ്ട് കൈലിയും ഒരുഷർട്ടും ഉപയോഗിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മറ്റുമുറിവുകൾ കാണുന്നില്ലെന്നും പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. ഇതിനിടെ, പരിശോധനയ്‌ക്കെത്തിയ പൊലീസ് നായ സംഭവസ്ഥലത്തുനിന്ന് മണംപിടിച്ചശേഷം 400 മീറ്റർ അകലെയുള്ള ആൾത്താമസമില്ലാത്ത വീട്ടിലേക്കാണ് ഓടിക്കയറിയത്. ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണ്. പത്തനംതിട്ട എസ്‌പി.യുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈ.എസ്‌പി.മാർ അടങ്ങുന്ന പ്രത്യേകസംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.