- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ അറിഞ്ഞത് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടുവെന്ന്; തലയ്ക്ക് മുറിവുകൾ ഏറ്റിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്: ഇൻഡോറിൽ പഠനയാത്ര പോയ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ മരണത്തിൽ ദുരൂഹതയെന്ന് ഇംഗ്ലീഷ് പത്രങ്ങൾ
പത്തനംതിട്ട: ഇൻഡോറിൽ പഠനയാത്ര പോയ പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ മരണത്തിൽ ദൂരുഹതയെന്ന് ഇംഗ്ലീഷ് പത്രം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പരുക്കുണ്ടെന്നും ആമാശയത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയെന്നും ഇൻഡോർ പൊലീസ് പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു.
പത്തനംതിട്ട നഗരസഭാ സെക്രട്ടറിയായിരുന്ന ഇടുക്കി മൂലമറ്റം അറക്കുളം 12-ാം മൈൽ കടുകുംമാക്കൽ വീട്ടിൽ കെ.കെ. സജിത്ത് കുമാറിനെ(45) ഇൻഡോറിലെ ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാവിലെ എട്ടിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ വിളിച്ചിട്ടും പ്രതികരണമില്ലാതെ വന്നപ്പോൾ ഉടൻ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചുവെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇൻഡോർ നഗരത്തിലെ മാലിന്യ നിർമ്മാർജനം പഠിക്കാൻ പോയത് 33 അംഗ കേരള സംഘമാണ്. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആമാശയത്തിൽ മദ്യത്തിന്റെ സാന്നിധ്യവും തലയക്ക് പരുക്കുകളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് കനാഡിയ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് കെ.പി. യാദവ് പറഞ്ഞുവെന്നാണ് ഇംഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആന്തരികാവയങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി സജിത്ത് ബാൽക്കണിയിൽ വീണുവെന്നും താൻ എടുത്തു കൊണ്ടു വന്ന് റൂമിൽ കിടത്തിയെന്നുമാണ് സജിത്തിനൊപ്പം റുമിലുണ്ടായിരുന്നയാൾ പറയുന്നത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തലേന്ന് വൈകിട്ട് സജിത്ത് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് ഐ.എം.സി അഡീഷണൽ കമ്മിഷണർ സിദ്ധാർഥ് ജെയിനും പറയുന്നതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. നാട്ടിലെത്തിച്ച മൃതദേഹം എംബാം ചെയ്ത പെട്ടിയിൽ നിന്ന് പുറത്തെടുക്കുമ്പോഴാണ് പരുക്കുകൾ ശ്രദ്ധയിൽപ്പെട്ടത്.
തൊടുപുഴ മുനിസിപ്പൽ വൈദ്യുതി ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പരുക്കുകൾ കണ്ടതോടെ ദഹിപ്പിക്കാനുള്ള തീരുമാനം മാറ്റി സംസ്‌കരിക്കുകയാണുണ്ടായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെയും ശരീരത്ത് കണ്ട പരുക്കുകളുടെയും അടിസ്ഥാനത്തിൽ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട നഗരസഭ പരാതി നൽകാനൊരുങ്ങുകയാണ്. ഇൻഡോറിലുള്ള കേരളാ സംഘത്തിൽ ചിലരോട് പൊലീസ് അവിടെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്