- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മേപ്പാടിയിലെ ചെറിയ കടമുറിയില്‍ ആകെ രണ്ടുകസേരകളും മേശയും മാത്രം; ബോര്‍ഡില്‍ ഫോണ്‍ നമ്പര്‍ പോലുമില്ല; രണ്ടുവര്‍ഷമായി കടമുറിയില്‍ ആളനക്കം ഉള്ളപ്പോള്‍ പണി ആര്‍ട്ട് മാഗസിനെന്ന് നാട്ടുകാരോട് പറയും; നാട്ടുകാര്‍ക്കും പഞ്ചായത്തിനും സ്ഥാപനത്തെ കുറിച്ച് പിടിയില്ല; കലൂരിലെ ഗിന്നസ് നൃത്ത പരിപാടി സംഘാടകരായ 'മൃദംഗ വിഷനില്‍' ആകെ ദുരൂഹത
'മൃദംഗ വിഷനില്‍' ആകെ ദുരൂഹത
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍, ഉമ തോമസ് എം.എല്‍.എ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സംഘാടകരായ മൃദംഗവിഷന്‍ സംശയനിഴലില്‍. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് വലിയ സാമ്പത്തിക ലാഭത്തിന് വേണ്ടി സുരക്ഷാകാര്യങ്ങളില്‍ വീഴ്ച കാട്ടിയെന്നാണ് പൊലീസ് കണ്ടെത്തല്‍.
12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്താണ് മൃദംഗവിഷന്‍ പരിപാടി സംഘടിപ്പിച്ചത്. സ്ഥാപനത്തിന്റെ ആസ്ഥാനം വയനാട് മേപ്പാടിയിലെ ചെറിയ കടമുറിയിലാണ്. മേപ്പാടി ടൗണിലെ പോസ്റ്റോഫിസ് ബില്‍ഡിങ് എന്നറിയപ്പെടുന്ന ജ്യോതിസ് കോംപ്ലക്‌സിലാണ് ഈ കടമുറി.
സ്ഥാപനത്തിന് പുറത്ത് ആകെയുള്ളത് മൃദംഗവിഷന്‍ എന്നെഴുതിയ ഒരു ബോര്‍ഡ് മാത്രമാണ്. ബോര്‍ഡില്‍ ഫോണ്‍ നമ്പര്‍ പോലുമില്ല. ഓഫീസിലുള്ളത് 2 കസേരകളും മേശയും മാത്രമാണ്. ഇവിടെ ഒന്നു രണ്ട് സ്റ്റാഫുകള്‍ വരാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്വേഷിക്കുമ്പോള്‍ മാഗസിന്‍ തയ്യാറാക്കുകയാണ് ജോലിയെന്ന് പറഞ്ഞുവെന്നും നാട്ടുകാര്‍ പറഞ്ഞു. മൃദംഗവിഷന്‍ എന്ന സ്ഥാപനത്തെകുറിച്ച് ഇതുവരെ കേട്ടിട്ടില്ല എന്നും പ്രശ്നം ഉണ്ടായതിന് പിന്നാലെയാണ് ഇങ്ങനെയൊരു സ്ഥാപനം ഉണ്ടെന്ന് അറിയുന്നത് എന്നും നാട്ടുകാര്‍ കൂട്ടിച്ചേര്‍ത്തു. 2 വര്‍ഷത്തിലധികമായി സ്ഥാപനം ഇവിടെയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. റിഗേഷ് കുമാറാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും ഇയാള്‍ വല്ലപ്പോഴും വരാറുണ്ടെന്നും കെട്ടിട ഉടമ അറിയിച്ചു.പഴയ നിര്‍മാണ സാധനങ്ങള്‍ കൂട്ടിയിട്ട നിലയിലാണ്. മൃദംഗവിഷന്‍ ഇത്തരം വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചു നാട്ടുകാര്‍ക്ക് അറിയില്ല. പഞ്ചായത്ത് അധികൃതര്‍ക്കും സ്ഥാപനത്തെക്കുറിച്ച് ധാരണയില്ല.
സംഭവത്തില്‍ ഇവന്റ് മാനേജറെ കസ്റ്റഡിയില്‍ എടുത്തു. 'ഓസ്‌കാര്‍ ഇവന്റ്' മാനേജര്‍ കൃഷ്ണകുമാറിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. പരിപാടിക്ക് അനുമതി തേടിയതുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം കൃഷ്ണകുമാറില്‍ നിന്നും പൊലീസ് തേടും.
ആര്‍ട്ട് മാഗസിന്‍ ആയ മൃദംഗ വിഷന്റെ ഉടമകള്‍ ഇതിനോടകം തന്നെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 23 നാണ് പരിപാടിയുമായി ബന്ധപ്പെട്ട അപേക്ഷ സംഘാടകര്‍ നല്‍കിയിരിക്കുന്നത്. 12000 നര്‍ത്തകരെ പങ്കെടുപ്പിക്കുന്ന പരിപാടി ഗിന്നസ് റെക്കോര്‍ഡ് നേടാന്‍ നടത്തുന്നതാണെന്നാണ് എംഡി ജിസിഡിഎയ്ക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നത്. സ്ഥാപന ഉടമ നിഗേഷ് കുമാര്‍ ആണ് അപേക്ഷ നല്‍കിയത്.
ജിസിഡിഎയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു
ഞായറാഴ്ച വൈകിട്ട് നടന്ന നൃത്തപരിപാടിയില്‍ ജിസിഡിഎ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ ലംഘിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ. സംഘാടകരെ ചോദ്യം ചെയ്യുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പൊലിസ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.
എല്ലാ അനുമതികളും എടുത്തിരുന്നോ, എന്തൊക്കെ അനുമതികള്‍ എടുത്തില്ല എന്ന് അന്വേഷിക്കും. പൊലിസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ല. വിവിധ വകുപ്പുകളിലെ അനുമതി സംഘടകര്‍ വാങ്ങേണ്ടതാണ്. എല്ലാം വിശദമായി അന്വേഷിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പിഡബ്‌ള്യുഡി, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്ത് വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ പരിശോധന നടത്തിയിട്ടുണ്ട്. സ്റ്റേജ് സ്റ്റബിലിറ്റിയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത് പിഡബ്‌ള്യുഡി ആണ്. സംഭവത്തില്‍ പിഡബ്‌ള്യുഡിക്ക് വീഴ്ച സംഭവിച്ചോ എന്നും അന്വേഷിക്കും. ഇതേ വേദിയില്‍ അപകട ശേഷവും പരിപാടി തുടര്‍ന്നതും പരിശോധിക്കും. സാമ്പത്തികതട്ടിപ്പിനെ കുറിച്ച് പരാതി ലഭിച്ചിട്ടില്ല. പരിപാടിയില്‍ സിനിമ നടിയുടെ( ദിവ്യ ഉണ്ണി) റോള്‍ എന്താണെന്ന് പരിശോധിച്ച് ആവശ്യമെങ്കില്‍ വിളിച്ചുവരുത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു.
സ്റ്റേജ് നിര്‍മ്മിച്ചത് അനുമതിയില്ലാതെ
സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയെന്ന് ജിസിഡിഎ അധികൃതര്‍. സ്റ്റേജ് നിര്‍മാണത്തിന്റെ വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് സ്റ്റേജ് വിട്ടു നല്‍കുമ്പോള്‍ ഉണ്ടായിരുന്ന നിബന്ധനകള്‍ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റേജ് നിര്‍മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഫയര്‍ ഫോഴ്‌സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പ്രധാന അതിഥികള്‍ക്ക് ഇരിക്കാനും മ്യൂസിക് ബാന്‍ഡിനുമായി രണ്ട് സ്റ്റേജുകളാണ് പരിപാടിക്കായി നിര്‍മിച്ചത്. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള സ്റ്റേജിലാണ് മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇരിക്കാനായി സൗകര്യം ഒരുക്കിയത്. ഇതില്‍ രണ്ട് നിരയില്‍ കസേരകളും ഇട്ടിരുന്നു. രണ്ടിഞ്ച് മാത്രമായിരുന്നു നടക്കാനായി നല്‍കിയിരുന്നത്. ഇതിലൂടെ നടക്കുന്നതിനിടെയായിരുന്നു എംഎല്‍എ കാല്‍വഴുതി താഴേയ്ക്ക് വീണത്. അതേസമയം ഭാവിയില്‍ പരിപാടികള്‍ നടത്തുമ്പോള്‍ ഈ സംഭവം ഒരു പാഠമായി ഉള്‍ക്കൊള്ളുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. നടപടികള്‍ കര്‍ശനമാക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.
സംഭവിച്ചത് സ്റ്റേഡിയത്തിന്റെ വീഴ്ച മൂലമല്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. സ്റ്റേജ് നിര്‍മാണത്തിലെ വീഴ്ചയാണ് അപകടത്തിനിടയാക്കിയത്. പ്രത്യേക ടൈല്‍ ഇടാന്‍ ലക്ഷങ്ങള്‍ വരുമെന്നതിനാല്‍ അത് വേണ്ടെന്ന് വെച്ചിരുന്നു. ടര്‍ഫിലേക്ക് ഇന്നലെ ആരും കയറിയിട്ടില്ല. ടര്‍ഫ് കോംപൗണ്ടിന് പുറത്താണ് കുട്ടികള്‍ നിന്നത്. സ്റ്റേഡിയത്തിലില്ലാത്ത പുറത്ത് നിന്ന് ഒരു നിര്‍മാണം കൊണ്ടുവരുമ്പോള്‍ അത് വേണ്ടത്ര കരുതലല്ലില്ലാതെ ചെയ്തു എന്ന് വേണം പറയാന്‍. സേഫ്റ്റി പ്രോട്ടോകോള്‍ കര്‍ശനമാക്കണം. സ്റ്റേജിന് ബലമുണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. സംഘാടകര്‍ക്കാണ് സുരക്ഷാ ഉത്തരവാദിത്വം. കരാര്‍ ലംഘിച്ചാല്‍ നടപടി എടുക്കും. രണ്ടാമത്തെ സ്റ്റേജ് നിര്‍മിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്നും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.