തളിപ്പറമ്പ്: ധർമ്മശാല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ റോയൽ കിച്ചൺ ആൻഡ് എക്യുപ്‌മെന്റ്‌സ് ജീവനക്കാരൻ ലോറിക്കിടയിൽപ്പെട്ട് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലിസിൽ പരാതി നൽകി. സഹോദരൻ അജീഷ് ചേർപ്പ് സ്റ്റേഷനിൽ നൽകിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഒൻപതരക്കാണ് തൃശൂർ ചേർപ്പ് സ്വദേശി വെളുത്തേടത്ത് വീട്ടിൽ സജീഷ്(39) ലോറിക്കിടയിൽപ്പെട്ട് മരിച്ചത്. നിർത്തിയിട്ടിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ടോറസ് ലോറി മുന്നോട്ട് എടുത്തപ്പോൾ വാഹനത്തിനടിയിൽ നിന്നും ശബ്ദം കേട്ട് ഇറങ്ങി നോക്കിയ ഡ്രൈവർ സജീഷ് പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടവിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് തളിപ്പറമ്പ് പൊലീസിൽ മൊഴി നൽകി. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
തുടർന്ന് സജീഷ് ജോലി ചെയ്തിരുന്ന ധർമ്മശാലയിലെ കമ്പനിയിൽ പൊതുദർശനത്തിന് വെക്കുകയും പിന്നീട് സ്വദേശമായ തൃശൂർ ചേർപ്പിലേക്ക് കൊണ്ട് പോകുകയും ചെയ്തു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 10 ന് പ്രദേശവാസിയായ ഒരാളും സജീഷുമായി അടിപിടി നടന്നിരുന്നു. സജീഷ് ലോറിയുടെ അടിയിൽ പോയി ഉറങ്ങാൻ കിടന്നുവെന്ന് പറയുന്നതിലും ദുരൂഹതയുണ്ടെന്ന് സഹോദരൻ പറയുന്നു. സംഭവത്തെ കുറിച്ചു തളിപറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ സി.സി.ടിവി കാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തിലെ ദുരൂഹത മാറ്റുന്നതിനായി പൊലീസ് അന്വേഷണം ഊർജജിതമാക്കിയിരിക്കുകയാണ്.