പാലക്കാട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയെ എല്ലാവര്‍ക്കും അറിയാം. നബീസ കൊലക്കേസിലെ ഫസീലയെ അത്ര പരിചയം ഉണ്ടാവില്ല. മണ്ണാര്‍ക്കാട് 71 കാരി നബീസയെ കൊച്ചുമകനായ ബഷീറും ഭാര്യ ഫസീലയും ചേര്‍ന്ന് കൊലപ്പെടുത്തിയ രീതിക്ക് ജോളിയുടെ കൊലപാതക ശൈലിയോട് സാദൃശ്യമുണ്ട്.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ആളെ കൊല്ലുന്ന ജോളിയുടെ രീതി തന്നെയാണ് ഫസീലയും പരീക്ഷിച്ച് വിജയിച്ചത്. ഭര്‍തൃപിതാവിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് നബീസയെ വകവരുത്തിയത്. 2016 ജൂണ്‍ 24 നാണ് കരിമ്പുഴ തോട്ടര ഈങ്ങാക്കോടന്‍ മമ്മിയുടെ ഭാര്യ നബീസയുടെ മൃതദേഹം കണ്ടെത്തിയത്. ആര്യമ്പാവ് ഒറ്റപ്പാലം റോഡില്‍ നായാടിപ്പാറക്ക് സമീപം റോഡരികിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.

കൊലപാതകത്തിന് നാല് ദിവസം മുന്‍പ് നബീസയെ ബഷീര്‍ നമ്പ്യാന്‍ കുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നോമ്പുതുറക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ബഷീറും ഫസീലയും കൂടി നബീസയെ ഇല്ലാതാക്കിയത്. ജൂണ്‍ 22 ന് രാത്രി ചിതലിനുള്ള മരുന്നു ചീരക്കറിയില്‍ ചേര്‍ത്ത് നബീസക്ക് കഴിക്കാന്‍ നല്‍കി. എന്നാല്‍, ഫസീലയുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി നബീസയ്ക്ക് ഒന്നും സംഭവിച്ചില്ല.

എങ്ങനെയും നബീസയെ വകവരുത്തുക എന്ന ലക്ഷ്യത്തോടെ, അന്ന് രാത്രി ബലമായി നബീസയെ വിഷം കുടിപ്പിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച ശേഷം മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ചു. 24- ന് രാത്രിയോടെ ബഷീറും ഫസീലയും തയാറാക്കിയ ആത്മഹത്യ കുറിപ്പ് സഹിതം മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കില്‍ ഫസീല പലതവണ എഴുതിയിരുന്നതായും, ഇത് മറ്റൊരു പേപ്പറിലേക്ക് പകര്‍ത്തിയെഴുതിയത് ബഷീറാണെന്നും പോലീസ് കണ്ടെത്തി. എഴുത്തും, വായനയും അറിയാത്ത നബീസയുടെ സഞ്ചിയില്‍ നിന്നും കണ്ടെടുത്തതോടെയാണ് ഇത് കൊലപാതകമെന്ന സൂചന പൊലീസിന് കിട്ടിയത്. നബീസയെ കാണാനില്ലെന്ന് പരാതിപ്പെടാനും മൃതദേഹം കണ്ടെത്തിയപ്പോള്‍ പൊലീസിനു മൊഴിനല്‍കാനും ബഷീര്‍ മുന്നിലുണ്ടായിരുന്നു. ആത്മഹത്യാ കുറിപ്പും മൊബൈല്‍ ഫോണിലെ കോള്‍ ലിസ്റ്റും പരിശോധിച്ചാണു പൊലീസ് പ്രതികളിലേക്ക് എത്തിയത്.

നബീസയെ കൊല്ലാന്‍ കാരണം

ഫസീലയുടെ 43 പവന്‍ സ്വര്‍ണാഭരണം കാണാതായിരുന്നു. ഇതു നബീസ എടുത്തതാണെന്നാണു ഫസീല പറഞ്ഞിരുന്നത്. ഇതു ഫസീല തന്നെ ഒളിപ്പിച്ചതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ബഷീറിന്റെ മാതാവിന്റെ ആഭരണം നഷ്ടമായ സംഭവത്തില്‍ ഫസീലയ്ക്ക് പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. തര്‍ക്കത്തെത്തുടര്‍ന്നു ബഷീറിനെയും ഭാര്യയെയും വീട്ടില്‍ നിന്നു മുന്‍പ് പുറത്താക്കിയിരുന്നു

ഈ സംഭവങ്ങളെല്ലാം നബീസ പുറത്തുപറഞ്ഞതിനാലാണു നബീസയെ ഇല്ലാതാക്കാന്‍ ഫസീല തീരുമാനിച്ചത്. നബീസയുടെ മരണത്തോടെ തന്റെ ചീത്തപ്പേരുകള്‍ മാറുമെന്ന കണക്കുകൂട്ടലിലാണു കൊലപാതകം ആസൂത്രണം ചെയ്തത്.

ഭര്‍തൃപിതാവിനെ വിഷം നല്‍കി കൊല്ലാനും ശ്രമം

നേരത്തെ ഭര്‍ത്താവിന്റെ അച്ഛന്‍ മുഹമ്മദിന് രണ്ടു വര്‍ഷത്തോളം വിഷം ചെറിയ അളവില്‍ നല്‍കി കൊലപ്പെടുത്താന്‍ ഫസീല ശ്രമിച്ചിരുന്നു. 2015ല്‍ മുഹമ്മദ് ഇതു കണ്ടുപിടിച്ചതോടെ പരാതി നല്‍കുകയായിരുന്നു. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ഫസീലയ്ക്ക് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷംരൂപ പിഴയും ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ഈ കേസില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് ഇരുവരും എറണാകുളത്തു താമസിക്കുകയായിരുന്നു. ഭര്‍തൃമാതാവിന്റെ മരണത്തിലും ഫസീലയ്ക്ക് പങ്കുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

ഫസീല നിരവധി മോഷണ കേസുകളിലും പ്രതിയാണ്. കഴിഞ്ഞവര്‍ഷം എറണാകുളത്തെ വ്യാപാരസ്ഥാപനത്തില്‍വെച്ച് വ്യാപാരിയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്ത് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തിലും ഫസീലയുടെ പേരില്‍ എറണാകുളം ഹില്‍പാലസ് സ്റ്റേഷനില്‍ കേസുണ്ടെന്നു പോലീസ് പറയുന്നു. 2018ല്‍ കല്ലേക്കാട് ബ്ലോക്ക് ഓഫിസിനു സമീപത്തെ ഫ്‌ലാറ്റില്‍നിന്നു സ്വര്‍ണം കവര്‍ന്ന കേസിലും ഫസീല പ്രതിയാണ്.