പാലക്കാട് : യൂട്യൂബ് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂട്യൂബറായ യുവാവിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ. നാടൻ ബ്ലോഗർ പേജിന്റെ ഉടമ ചെർപ്പുളശേരി തൂത ഹെൽത്ത് സെന്റർ നെച്ചിക്കോട്ടിൽ അക്ഷജിനെയാണ് ചെർപ്പുളശ്ശേരി റെയ്ഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മെയ് മാസത്തിലും അക്ഷജിനെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. അന്ന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരുന്നില്ല. എന്നാൽ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിന് അപ്പുറം വാറ്റ് കൂടി തെളിഞ്ഞതോടെ ശക്തമായ വകുപ്പുകൾ ചുമത്തുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അക്ഷജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി വൈൻ നിർമ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റർ വാഷ് മിശ്രിതവും 5 ലിറ്റർ വൈനും പിടികൂടി. വ്യാജ മദ്യ നിർമ്മാണം ഇതോടെ വ്യക്തമായി.

വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, നോയ്‌സ് റിഡക്ഷൻ മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബിൽ അപ്ലോഡ് ചെയ്യുന്നതിനും റെക്കോർഡ് ചെയ്ത വീഡിയോകളും വീഡിയോ ഫൂട്ടേജുകളും സൂക്ഷിക്കുന്നതിനും ഉപയോഗിച്ച ലാപ്പ്‌ടോപ്പ് എന്നിവയും പിടികൂടി. ചെർപ്പുളശേരി റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എസ് സമീർ, പ്രിവന്റീവ് ഓഫീസർ കെ വസന്തകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി ജയദേവൻ ഉണ്ണി, എൻ ബദറുദ്ദീൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആർ ഇന്ദ്രാണി, എക്സൈസ് ഡ്രൈവർ ടി വിഷ്ണു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

നാടൻ ബ്ലോഗർ എന്ന പേരിൽ അക്ഷജദ് നടത്തുന്ന യൂട്യൂബ് ചാനൽ വഴിയാണ് വിവാദ വീഡിയോ പങ്കുവെച്ചത്. മദ്യം മിക്‌സ് ചെയ്യുന്നതും, കോക്ക്‌ടെയിൽ ഉണ്ടാക്കുന്നതുമായ വീഡിയോകളാണ് അക്ഷജ് യൂട്യൂബ് വഴി പങ്കുവെച്ചിരുന്നത്. കുട്ടികളിൽ ഉൾപ്പെടെ മദ്യപാന ആസക്തി ഉണ്ടാക്കാവുന്ന തരത്തിൽ നിരവധി വീഡിയോകളാണ് ഇൻസ്റ്റഗ്രാമിലടക്കം ഇയാൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതേക്കുറിച്ച് പരാതി ലഭിച്ചതോടെ എക്സൈസ് ഇയാളുടെ സോഷ്യൽ മീഡിയ പേജുകൾ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു റെയ്ഡ്. ഇതോടെ വ്യാജ മദ്യ നിർമ്മാണത്തിലും തെളിവ് കിട്ടി.