കൊല്ലം: ദുരൂഹസാഹചര്യത്തിൽ വിദേശത്തുവച്ച് മരിച്ച യുവാവിന്റെ മൃതദേഹം റീപോസ്റ്റുമാർട്ടം നടത്താതെ കത്തിച്ച സംഭവത്തിൽ ഫോറൻസിക് സംഘം എക്‌സുമേഷൻ നടപടികൾ ആരംഭിച്ചു. ഇതിനായി ചിതയിൽ നിന്നും മൃതദേഹ അവശിഷ്ടങ്ങൾ ശേഖരിച്ചു. നഗരൂർ നെടുമ്പറമ്പ് ശ്രീജ വിലാസത്തിൽ സുകുമാരൻ - സുശീല ദമ്പതികളുടെ മകൻ ശ്രീജിത്ത് (30) ന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് ശേഖരിച്ചത്.

അബുദാബിയിലായിരുന്ന ശ്രീജിത്ത് നാട്ടിൽ അവധിക്ക് വരുന്നതായി വീട്ടുകാരെ അറിയിച്ച ശേഷം ബന്ധം നഷ്ടപ്പെട്ടു. തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 6 മുതൽ ജോലി സ്ഥലത്തു നിന്നും ശ്രീജിത്തിനെ കാണാതായതായി വീട്ടുകാർക്ക് കമ്പനിയിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. ഇതിനിടയിൽ ഡെയ്‌സിയെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീ ശ്രീജിത്തിനെ അന്വേഷിച്ച് വീട്ടിലെത്തുകയും ശ്രീജിത്തിന്റെ വിവരങ്ങൾ ആരായുകയും ചെയ്തു. ഇതിൽ സംശയം തോന്നിയ വീട്ടുകാർ നഗരൂർ പൊലിസിൽ പരാതി നൽകി. തുടർന്ന് സെപ്റ്റംബർ 7 ന് ശ്രീജിത്ത് മരണപ്പെട്ടുവെന്ന വിവരം വീട്ടുകാർക്ക് ലഭിച്ചു.

മരണത്തിൽ ദുരുഹത തോന്നിയ വീട്ടുകാർ സംശയം ഉന്നയിച്ച് മൃതദ്ദേഹം റീപോസ്റ്റുമാർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകി. സെപ്റ്റബർ 20 ന് കളക്ടർ റീ പോസ്റ്റ് മോർട്ടത്തിന് അനുമതിനൽകി കൊണ്ട് റൂറൽ ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല.

സെപ്റ്റംബർ 22 ന് നാട്ടിൽ എത്തിച്ച മൃതദ്ദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിൽ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു. വിവരം അറിഞ്ഞ് വീട്ടിലെത്തിയ നഗരൂർ പൊലീസ് ചിതയിൽ കത്തി എരിയുന്ന മൃതദ്ദേഹമായിരുന്നു കണ്ടത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കളുടെ പരാതിയുള്ളതിനാൽ അന്വേഷണത്തിനായിമൃതദേഹ അവശിഷ്ടങ്ങൾ പരിശോധിക്കാൻ കളക്ടർ അനുമതി നൽകി.

തുടർന്ന് ചിറയിൻകീഴ് തഹസിൽദാറുടെ സാന്നിദ്ധ്യത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക് വിഭാഗം അസിസ്റ്റൻഡ് പ്രൊഫസർ ആൻഡ് പൊലീസ് സർജൻ ഡോ. ധന്യ, ഫോറൻസിക് സർജൻ ഡോ. മീനു എന്നിവരുടെ സംഘം കത്തിക്കരിഞ്ഞ അസ്ഥി കഷ്ണങ്ങൾ പരിശോധിക്കുന്ന എക്‌സസുമേഷൻ നടപടികൾ ആരംഭിച്ചു.

ചിതയിലെ അവശിഷ്ടത്തിൽ നിന്നും ശേഖരിച്ച അസ്ഥികഷ്ണങ്ങൾ ഒട്ടോപ്‌സി ചെയ്ത ശേഷം ഫോറൻസിക് ലാബിൽ ഡി എൻ എ അനലൈസിനായി അയയ്ക്കുമെന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ അറിയിച്ചു. ചിതയിൽ നിന്നും കത്തികരിഞ്ഞ മുഴുവൻ അസ്ഥികഷണങ്ങളും ഡോക്ടറുടെ നേതൃത്വത്തിൽ ശേഖരിച്ചു.

മരിച്ചത് ശ്രീജിത്ത് തന്നെയാണോ , ആണങ്കിൽ കൊലപാതകമാണോ തുടങ്ങിയ ബന്ധുക്കളുടെ സംശയമാണ് പരിശോധനയിലൂടെ ഇനി കണ്ടെത്തേണ്ടത്. പൊലീസ് ചരിത്രത്തിൽ അത്യപൂർവ്വമായാണ് ഇത്തരത്തിലുള്ള പരിശോധന നടത്തുന്നത്.