- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപദ്രവിക്കരുതെന്ന് മകൻ പറഞ്ഞിട്ടും മരുമകൾ വകവെച്ചില്ല; തനിക്ക് പരാതിയൊന്നും ഇല്ലെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നും പറയുന്ന നളിനി; മകനൊപ്പം താമസിക്കാനെത്തിയ അമ്മയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; മരുമകളുടെ അടിയേറ്റ് കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു; കൊട്ടിയത്തേതും സമാനതകളില്ലാത്ത ക്രൂരത; ഈ മരുമകൾ കേരളത്തിന് മറ്റൊരു അപമാനം
തൃപ്പൂണിത്തുറ: സാക്ഷര കേരളത്തിന് വീണ്ടും അപമാനം. അമ്മായി അമ്മ പീഡനത്തിനൊപ്പം മരുമകളുടെ അടിയും കേരളത്തെ നടുക്കുകയാണ്. മരുമകളുടെ അടിയേറ്റ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട നിലയിൽ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്.
തൃശ്ശൂർ പട്ടിക്കാട് തറമുകളിൽ പരേതനായ വിജയൻ പിള്ളയുടെ ഭാര്യ നളിനി (67) ആണ് ശരീരമാസകലം പരിക്കോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ളത്. കൊല്ലം പുന്തലത്താഴത്തുള്ള വീട്ടിൽവെച്ച് മകന്റെ ഭാര്യ അതിക്രൂരമായി മർദിച്ച് പരിക്കേല്പിക്കുകയായിരുന്നുവെന്നാണ് നളിനി പറയുന്നത്. സംഭവത്തിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തുകൊല്ലം കൊട്ടിയം സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. കൊലപാതക കേസ് എടുക്കേണ്ട ആരോപണമാണ് ഉയരുന്നത്. പൊലീസും ശക്തമായ നടപടികൾ എടുക്കും.
തൃപ്പൂണിത്തുറ എരൂരിൽ താമസിക്കുന്ന നളിനിയുടെ സഹോദരനാണ് കൊല്ലത്തുനിന്ന് ഇവരെ കൂട്ടിക്കൊണ്ടുവന്ന് ആശുപത്രിയിലാക്കിയത്. മർദനമേറ്റ് നളിനിയുടെ ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വലത് കണ്ണിനും കാഴ്ചയില്ലെന്ന് ഇവർ പറഞ്ഞു. ഡോക്ടർമാരും ഇത് സാക്ഷ്യപ്പെടുത്തുന്നു. അതിക്രൂര മർദ്ദനമാണ് നളിനിക്ക് നേരിട്ടത്. ഭർത്താവ് മരിച്ച ഇവരുടെ ഏക മകനാണ് കൊല്ലത്ത് വാടകയ്ക്ക് താമസിക്കുന്നത്. ഒന്നര വർഷം മുമ്പാണ് ഇവർ മകനൊപ്പം താമസിക്കാനെത്തിയത്. അതിന് ശേഷമായിരുന്നു ക്രൂര മർദ്ദനം.
ഉപദ്രവിക്കരുതെന്ന് മകൻ പറഞ്ഞിട്ടും മരുമകൾ വകവെച്ചില്ല. തനിക്ക് പരാതിയൊന്നും ഇല്ലെന്നും ആരെയും ബുദ്ധിമുട്ടിക്കരുതെന്നാണ് ആഗ്രഹമെന്നും നളിനി പറയുന്നു. ക്ഷീണിച്ച് എല്ലും തോലുമായ അവസ്ഥയിലാണിവർ. ആശുപത്രിയിൽ ബന്ധുക്കൾ കൂടെയുണ്ട്. വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് തൃപ്പൂണിത്തുറ എസ്‌ഐ. അറിയിച്ചു. ഇതോടെ മരുമകളെ അറസ്റ്റു ചെയ്യേണ്ടി വരും. കൊട്ടിയം പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കും. കാഴ്ച അടി കൊണ്ടു പോയി എന്നത് അടിയുടെ ശക്തിക്ക് തെളിവാണ്.
ഇന്നു തന്നെ മരുമകളെ അറസ്റ്റു ചെയ്യാൻ പൊലീസ് നടപടി തുടങ്ങും. അതിനിടെ മകളും മരുമകളും ഒളിവിൽ പോയെന്നും സൂചനയുണ്ട്. എങ്ങനേയും നളിനിയെ പറഞ്ഞു സമാധാനിപ്പിച്ച് കേസൊഴിവാക്കാനും ചില ബന്ധുക്കൾ ശ്രമിക്കുന്നുണ്ട്. മതാപിതാക്കളെ രക്ഷിക്കേണ്ടത് മക്കളുടെ കടമയാക്കുന്ന നിയമം പോലും കേരളത്തിലുണ്ട്. അത്തരമൊരു നാട്ടിലാണ് മരുമകളുടെ അടിയേറ്റ് വൃദ്ധയുടെ കാഴ്ച പോയതെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കർശനമായ നിയമ നടപടികൾ അനിവാര്യമാണ് ഈ കേസിൽ.
മറുനാടന് മലയാളി ബ്യൂറോ