- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ രാവിലെ രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് സ്ത്രീയും പുരുഷനും; ആ സംഘത്തെ പെൺകുട്ടി കണ്ടിരുന്നു; അവരുടെ രേഖാ ചിത്രം തയ്യാറാക്കേണ്ടതും അനിവാര്യത; നല്ലില സംഘമുക്കിലേക്ക് ഓയൂരിൽ നിന്നുള്ളത് 10കി മീ ദൂരം; സൈനികന്റെ വീട്ടിൽ സംഭവിച്ചത്
കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ കാണാതായിട്ട് മണിക്കൂർ പിന്നിട്ടു. ഒരു സൂചനയും ഇല്ല. അതിനിടെ അബിഗേൽ സാറയ്ക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ മറ്റൊരു തട്ടിക്കൊണ്ടുപോകാൻ ശ്രമത്തിന്റെ വിവരം കൂടി പുറത്ത് വരുകയാണ്. ഓയൂരിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ ഇന്നലെ മറ്റൊരു തട്ടിക്കൊണ്ടുപോകൽ ശ്രമം കൂടി നടന്നുവെന്നാണ് പരാതി. സൈനികൻ ബിജുവിന്റെ വീട്ടിൽ അജ്ഞാത സംഘമെത്തിയെന്നാണ് പരാതി. ബഹളം വെച്ചപ്പോൾ ഇവർ രക്ഷപ്പെട്ടെന്നും വീട്ടമ്മ പറയുന്നു.
ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം. മകൾ വീടിന് പുറത്തേക്ക് വന്നപ്പോൾ തലയിൽ മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുക്ഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടത്. ആരാണ് എന്ന് ഉറക്കെ ചോദിച്ചപ്പോൾ അവർ ഓടി പോയെന്നും വീട്ടമ്മ ചിത്ര പറയുന്നു. ഉടൻ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. രണ്ടര വയസുള്ള ഇളയ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം എത്തിയതെന്നാണ് കരുതുന്നതെന്നും ഇവർ പറയുന്നു. സംഘത്തിലെ ആ സ്ത്രീയെ ഈ അമ്മ കണ്ടിട്ടുണ്ട്. അത് ഓയൂരിലെ കേസിലും നിർണ്ണായകമാണ്.
നല്ലില സംഘമുക്കിലായിരുന്നു ഈ സംഭവം. കണ്ണനെല്ലൂർ പൊലീസിന് കുടുംബം പരാതിയും നൽകി. 'രണ്ടര വയസുള്ള എന്റെ മോനെ തട്ടിക്കൊണ്ടുപോകാനാണ് അവർ വന്നത്, മൂത്ത കുട്ടി ഉറക്കെ സംസാരിച്ചതോടെ ഓടി രക്ഷപെട്ടു'-ഇതാണ് ചിത്ര പറയുന്നു. തലയിൽ ഷാളിട്ട സ്ത്രീയായിരുന്നു കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചത്. സ്‌കൂട്ടറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിച്ചു. പതിനൊന്ന് മണിയോടെ പൊലീസ് എത്തി. അമ്മയുടെ മൊഴി അനുസരിച്ച് ആ സ്ത്രീയെ കുട്ടി വ്യക്തമായി കണ്ടിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഈ കുട്ടിയുടെ സഹായത്തോടെ ആ സ്ത്രീയുടെ രേഖാ ചിത്രം പൊലീസിന് ഉണ്ടാക്കാം. ഇതിനൊപ്പം കേരളത്തിലെ വനിതാ കുറ്റവാളികളുടെ ചിത്രം കാട്ടി അതിൽ പെട്ടവരാണോ എത്തിയതെന്നും തിരക്കാം. ഓയൂരിൽ മോചനദ്രവ്യം ചോദിച്ചെത്തിയ ഫോൺ സംഭാഷണത്തിലെ സാമ്യങ്ങൾ സംശയത്തിലാക്കുന്ന ക്രിമിനലുകളുടെ ചിത്രവും ഈ അമ്മയെ കാട്ടാം. അങ്ങനെ വന്നാൽ സംഘത്തിലെ സ്ത്രീയെ അതിവേഗം തിരിച്ചറിയാം. ഏറ്റവും പ്രധാനം ഈ കുട്ടിയുടെ സഹായത്തോടെ ആ യുവതിയുടെ രേഖാ ചിത്രം തയ്യാറാക്കലാണ്. ഏതെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോകലായിരുന്നു ഈ സംഘത്തിന്റെ ശ്രമമെന്നാണ് പുറത്തു വരുന്ന സൂചന.
വീട്ടിലെ കുട്ടിയാണ് ആ സ്ത്രീയെ കണ്ടത്. കാണാൻ കൊള്ളാവുന്ന ഏതാണ്ട് 35 വയസ്സു പ്രായമുള്ള സ്ത്രീയാണ് എത്തിയത്. കുറച്ചു പൊക്കമുണ്ട്. മെലിഞ്ഞ ശരീര പ്രകൃതമാണെന്നും കണ്ട കുട്ടി പറയുന്നു. ഈ സംഘം ഈ മേഖലയിൽ സജീവമാണെന്നും സൂചനയുണ്ട്. അതുകൊണ്ട് തന്നെ ഈ കേസിലും അന്വേഷണം ഗൗരവത്തോടെ എടുക്കണം. ഈ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. സ്‌കൂട്ടർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാൽ തുമ്പുണ്ടാകും. തടിച്ച പുരുഷനാണ് യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഹെൽമറ്റും ഇല്ലായിരുന്നു.
ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 15 മണിക്കൂർ പിന്നിടുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയതായി ദക്ഷിണമേഖലാ ഐ.ജി. സ്പർജൻ കുമാർ അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അതിനിടെ, മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയിൽ നിന്ന് ഫോൺ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം ഒരുക്കിയത്.
പാരിപ്പള്ളി, പള്ളിക്കൽ പ്രദേശങ്ങൾക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചും ആദ്യഘട്ടത്തിൽ നടത്തിയ അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്. ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-ന് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.
കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് കൺട്രോൾ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
മറുനാടന് മലയാളി ബ്യൂറോ