- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പണയത്തിനെടുത്ത വാഹനങ്ങള്‍ മറിച്ചു പണയം വച്ചു; വിരോധമുള്ളവരുടെ വീടു കയറി ആക്രമണം; നാലോളം കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു
തെങ്ങുംതാര ബിനു ഭവനില്‍ നന്ദുകൃഷ്ണ(24)നെയാണ് അറസ്റ്റ് ചെയ്തത്.
അടൂര്‍: പണയത്തിന് എടുത്ത വാഹനം മറിച്ചു പണയം വയ്ക്കുകയും അത് പല കൈമറിഞ്ഞു പോവുകയും വിരോധമുള്ളവരുടെ വീടു കയറി ആക്രമിക്കുകയും ചെയ്തത് അടക്കം നാലോളം കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെങ്ങുംതാര ബിനു ഭവനില്‍ നന്ദുകൃഷ്ണ(24)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ പണയത്തിന് എടുത്ത വാഹനങ്ങള്‍ മറിച്ചു പണയം വച്ചതിന് പരാതികള്‍ നിലവിലുണ്ട്.
അവസാനം എടുത്ത രണ്ടു കേസുകളിലാണ് അറസ്റ്റ്. ഇയാള്‍ പിടിയിലായ വിവരം അറിഞ്ഞ് നിരവധി പരാതിക്കാരാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞ മാസം 14 ന് മേലൂട് മേലേതില്‍ കരിന്തേനൂര്‍ വീട്ടില്‍ റുബിന്‍ തോമസിനെ കമ്പിവടി കൊണ്ട് മര്‍ദിച്ച കേസില്‍ നന്ദു പ്രതിയാണ്. റുബിന്‍ തോമസിനെ നന്ദു ചീത്ത വിളിച്ച സംഭവം ഉണ്ടായിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തതിന്റെ വിരോധം നിമിത്തം 14 ന് രാത്രി 11 ന് റുബിന്റെ വീടിന് സമീപമുള്ള കുരിശടിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സുഹൃത്ത് അരുണിന്റെ കാര്‍ സ്റ്റീല്‍ പൈപ്പ് കൊണ്ട് നന്ദു അടിച്ചു തകര്‍ത്തിരുന്നു.
തടയാന്‍ ശ്രമിച്ച റൂബിനെ സ്റ്റീല്‍ പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അരുണിന് നേരെയും ആക്രമണം നടന്നു. കാറിന് 70,000 രൂപയുടെ നാശനഷ്ടം ഉണ്ടായി. പണയത്തിനെടുത്ത മൂന്നു വാഹനങ്ങള്‍ നന്ദു മറിച്ച് പണയം വച്ചു. ഇതിലൊന്ന് ഇയാളുടെ അടുത്ത ബന്ധുവിന്റെ കാര്‍ ആണ്. ഇതില്‍ ഒരു വാഹനം പോലീസ് കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തു. കാര്‍ വില്പനയ്ക്കുണ്ടെന്ന് പറഞ്ഞ് ഓണ്‍ലൈനില്‍ പരസ്യം നല്കി പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലും നന്ദു പ്രതിയാണ്. ഓണ്‍ലൈന്‍ വഴി കാര്‍ വില്പനയ്ക്കെന്ന പരസ്യം നല്കി 65,000 രൂപ വാങ്ങുകയും വാഹനം നല്‍കാതെ പറ്റിക്കുകയുമായിരുന്നു.
ചേര്‍ത്തല സ്വദേശി ഫസലുവാണ് പരാതി നല്കിയത്. കഴിഞ്ഞ മാസം ഒന്നിന് രാത്രി 11 ന് മേലൂട് മാടയ്ക്കല്‍ വീട്ടില്‍ സുമനെ വീടു കയറി ആക്രമിച്ച കേസിലും നന്ദു പ്രതിയാണ്. നന്ദുവിന് കഞ്ചാവ് കച്ചവടമുണ്ടെന്ന് പോലീസിനെയും എക്സൈസിനെയും വിളിച്ച് അറിയിച്ചത് സുമനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. വീടിന്റെ ജനാലയും കതകും തകര്‍ത്ത് അകത്തു കടന്ന പ്രതി സുമനെ കമ്പിവടിക്ക് അടിക്കുകയും ചെയ്തു.
പണയത്തിന് കൊടുത്ത വാഹനം മറിച്ചു വിറ്റുവെന്നും വാടകയ്ക്ക് എടുത്ത് മറിച്ചു വിറ്റുവെന്നും ആരോപിച്ച് നിരവധി പേര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എസ്.എച്ച്.ഓ ശ്യാം മുരളിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി ജാമ്യം അനുവദിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്