കൊച്ചി: കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. പത്തനംതിട്ടയിലെ ഇലന്തൂരിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. മൂന്ന് പേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റും ദമ്പതികളുമാണ് പിടിയിലായിരിക്കുന്നത്. ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവത് സിംഹ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറന്മുള സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പുന്നയ്ക്കാടിനടുത്താണ് സംഭവം. ഇന്നലെയാണ് ദമ്പതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വൈദ്യർക്കും ഭാര്യയ്ക്കും വേണ്ടിയാണ് കൊലപാതകങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. കാലടിയിൽ നിന്നാണ് യുവതിയെ ആദ്യം കൊണ്ടുപോയത്. പെരുമ്പാവൂരിലെ ഏജന്റാണ് വൈദ്യരെയും ഭാര്യയെയും നരബലി നൽകിയാൽ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചതെന്നാണ് വിവരം. ഇയാളാണ് സ്ത്രീകളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷം ഇവരെ ആറന്മുളയിലേക്ക് കൊണ്ടുപോയത്. വൈദ്യനും ഭാര്യയുമാണ് കഴുത്തറത്തുകൊന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് പെരുമ്പാവൂരിലെ ഏജന്റിന്റെ സഹായത്തോടെ സ്ത്രീകളെ ഇലന്തൂരിൽ എത്തി ബലി നൽകുകയായിരുന്നു. ദുർമന്ത്രവാദത്തിന്റെ ഇരകളാണ് രണ്ടു സ്ത്രീകളും.

ഇലന്തൂരിൽ തിരുമൽ ചികിൽസയാണ് വൈദ്യൻ നടത്തിയിരുന്നത്. നാട്ടുകാർക്കും മുമ്പ് വൈദ്യനെ കുറിച്ച് സംശയമുണ്ടായിരുന്നില്ല. കടവന്ത്രയിലെ സ്ത്രീയെ കാണാതായ സംഭവത്തിലെ അന്വേഷണം പത്തനംതിട്ടയിലേക്ക് നീങ്ങിയതോടെ കാലടിയിൽ നിന്നുള്ള മറ്റൊരു സ്ത്രീയും കൊല്ലപ്പെട്ടുവെന്ന് തെളിഞ്ഞു. സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായി കേരളത്തിൽ നരബലി നടന്ന സംഭവം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഉത്തരേന്ത്യയിൽ അടക്കം ഇത് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനത്തോടെ പറയുന്ന കേരളത്തിൽ നരബലി റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

കാലടി സ്വദേശിയായ സ്ത്രീയെ മറ്റൊരു ആവശ്യത്തിനെന്ന കാരണം പറഞ്ഞാണ് പത്തനംതിട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇവിടെ വെച്ച് പൂജ നടത്തി ബലി നൽകിയെന്നാണ് വിവരം. പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫേസ്‌ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

കാലടിയിൽ നിന്ന് യുവതിയെ കൊണ്ടുപോകുന്നത് ഇതിന് ശേഷമാണ്. കാലടി സ്വദേശിയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. സെപ്റ്റംബർ 27 ന് കടവന്ത്രയിൽ നിന്ന് പൊന്നുരുന്നി സ്വദേശിയായ സ്ത്രീയെ ഇതേ പോലെ കൊണ്ടുപോയി. ഈ സ്ത്രീയുടെ മൊബൈൽ ടവർ ലൊക്കേഷന് പിന്നാലെ പോയ പൊലീസ് അന്വേഷണം ആറന്മുള പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ചെന്ന് നിന്നത്. ഷിഹാബിന്റെ ഫോണിലേക്ക് അന്വേഷണം എത്തി. ഇതാണ് നിർണ്ണായകമായത്.

കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സീരിയൽ കൊലയാളിയാണ് പിടിയിലായതെന്നും സൂചനയുണ്ട്. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മം (52) ആണു കൊല്ലപ്പെട്ടവരിൽ ഒരാൾ. ലോട്ടറി വിൽപക്കാരിയായിരുന്ന ഇവർ ഇതര സംസ്ഥാനക്കാരിയാണെന്നും സെപ്റ്റംബർ 26ന് കാണാതായെന്നും നാട്ടുകാർ പറയുന്നു. കാലടി സ്വദേശിയാണ് കൊല്ലപ്പെട്ട രണ്ടാമത്തെ യുവതിയെന്നാണു സൂചന.

പത്മത്തെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്‌നൽ പത്തനംതിട്ടയിൽ കാണിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഷിഹാബ് കുടുങ്ങിയത്. റോസ്‌ളിനാണ് കൊല്ലപ്പെട്ട രണ്ടാമത്തെ സ്ത്രീ.