തിരുവല്ല: കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് സസ്പെൻഷനിലായ നഗരസഭ മുൻ സെക്രട്ടറി നാരായണൻ സ്റ്റാലിൻ ജാമ്യത്തിലിറങ്ങിയ ശേഷം പുറത്ത് നിന്ന് നഗരസഭാ ഭരണം നിയന്ത്രിക്കുന്നുവെന്ന് പരാതി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും തനിക്കെതിരേ മുൻപ് പരാതി നൽകിയവരെ ഇവരിലൂടെ ദ്രോഹിച്ചുമാണ് നാരായണന്റെ ഭരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാരനായ ശ്രീകുമാർ മുഖ്യമന്ത്രി മുതലുള്ള സർവ അധികാര കേന്ദ്രങ്ങളിലും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടെ വിജിലൻസിന്റെ റിപ്പോർട്ട് മറികടന്ന നാരായണനെ സർവീസിൽ തിരികെ പ്രവേശിപ്പിക്കാൻ ഒരു മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നീക്കം നടക്കുകയാണ്. ഇതിന്റെ ഭാഗമായി തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നാരായണൻ തദ്ദേശസ്വയംഭരണ വകുപ്പിന് അപേക്ഷ നൽകി. ഇതിന്മേൽ വിജിലൻസിന്റെ റിപ്പോർട്ട് തേടിയെങ്കിലും അന്വേഷണം പൂർത്തിയാകുന്നതു വരെ ഒരു കാരണവശാലും ഇയാളെ തിരികെ സർവീസിൽ എടുക്കാൻ പാടില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട് എന്നാണ് അറിയുന്നത്.

കഴിഞ്ഞ മാർച്ച് മൂന്നിനാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പത്തനംതിട്ട യൂണിറ്റ് ഡിവൈ.എസ്‌പി ഹരിവിദ്യാധരനും സംഘവും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭ സെക്രട്ടറിയായിരുന്ന നാരായണൻ സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ഓഫീസ് അസിസ്റ്റന്റ് ഹസീന ബീഗവും പിടിയിലായിരുന്നു. മാലിന്യ നിർമ്മാർജനത്തിന് കരാർ എടുത്ത ക്രിസ് ഗ്ലോബൽസ് ഉടമ ക്രിസ്റ്റഫറുടെ പരാതിയിലായിരുന്നു അറസ്റ്റ്. തുടർന്ന് വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തു വന്നത്. ഇയാളുടെ അനധികൃത സമ്പാദ്യം കണ്ട് വിജിലൻസിന്റെ കണ്ണുതള്ളി. ഇയാളുടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് ഒരേ നമ്പരിലുള്ള രണ്ട് ബൈക്കുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ പേരിൽ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജാമ്യം സംഘടിപ്പിച്ചത് മാനസിക രോഗത്തിന് ചികിൽസയിലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റുമായി

വിജിലൻസ് പിടിയിലായ നാരായണൻ 45 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. ഇയാളുടെ ജാമ്യാപേക്ഷ ഓരോ തവണയും വിജിലൻസ് കോടതിയിൽ എതിർത്തു. ഇതോടെ നാരായണൻ ഹൈക്കോടതിയെ സമീപിച്ചു. തനിക്ക് ബൈപോളാർ ഡിസോർഡർ എന്ന രോഗമാണെന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജാമ്യം നേടിയത്. 2018 മുതൽ ഈ രോഗത്തിന് ചികിൽസയിലാണെന്നാണ് ഡോക്ടറുടെ സർട്ടിഫിക്കറ്റിൽ പറയുന്നത്. ആറു ദിവസത്തോളം ഇയാൾ കിടത്തി ചികിൽസയിലായിരുന്നു. അത് കഴിഞ്ഞ് ഇടയ്ക്കിടെ കൺസൾട്ട് ചെയ്തിരുന്നുവെന്നും സർട്ടിഫിക്കറ്റിൽ പറയുന്നു. ഇത്ര കടുത്ത മാനസിക രോഗമുള്ളയാൾ എങ്ങനെ ഒരു നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിച്ചുവെന്ന് പരിശോധിക്കണമെന്ന് ശ്രീകുമാർ ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. മാനസികരോഗത്തിന്റെ പേര് പറഞ്ഞ് തനിക്കെതിരായ കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് നാരായണൻ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.

തിരുവല്ല, നെടുമങ്ങാട്, ചെങ്ങന്നൂർ, തിരുവനന്തപുരം മ്യൂസിയം എന്നീ പൊലീസ് സ്റ്റേഷനുകളിലായി ആറ് ക്രിമിനൽ കേസും തിരുവനന്തപുരം സ്പെഷൽ വിജിലൻസ് സെൽ, പത്തനംതിട്ട വിജിലൻസ് യൂണിറ്റ് എന്നിവിടങ്ങളിലായി മൂന്നു കേസുകളും ഇയാൾക്കെതിരേ ഉണ്ട്. ഇതിന് പുറമേ നെടുമങ്ങാട് നഗരസഭയിൽ ഇയാൾ നടത്തിയ ക്രമക്കേടുകളുടെ പേരിൽ രണ്ട് അന്വേഷണം നടന്നു വരുന്നു. ചെങ്ങന്നൂർ നഗരസഭാ ചെയർപേഴ്സണെ ശാരീരികമായി ആക്രമിച്ചതിന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രണ്ട് കേസുകളും നടക്കുന്നു.

നാരായണന് തിരികെ വരാൻ തിരുവല്ല നഗരസഭ ഒഴിച്ചിട്ടത് ഏഴു മാസം

കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജയിലിലാവുകയും ചെയ്ത നാരായണൻ സ്റ്റാലിൻ തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ തിരുവല്ല നഗരസഭ സെക്രട്ടറി കസേര ഒഴിച്ചിട്ടത് ഏഴു മാസമാണ്. ഒടുവിൽ ഇയാളുടെ പുനർ നിയമനം വൈകുമെന്ന് വന്നപ്പോൾ കഴിഞ്ഞ മാസം പുതിയ സെക്രട്ടറിയെ നിയമിച്ചു. മാർച്ചിൽ അറസ്റ്റിലായ നാരായണൻ 45 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഏപ്രിലിലാണ് പുറത്തു വന്നത്. അന്നു മുതൽ ഇയാൾ വീണ്ടും തിരുവല്ല നഗരസഭയുടെ ഭരണം പുറമേ നിന്ന് നിയന്ത്രിക്കാൻ തുടങ്ങിയെന്ന് വി. ശ്രീകുമാർ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരെ വിരട്ടിയാണ് കാര്യങ്ങൾ സാധിക്കുന്നത്. ഇതിന് പുറമേ തന്റെ സുഹൃത്തായ ഉള്ളന്നൂർ സ്വദേശി വഴി വിവരാവകാശ നിയമം ഉപയോഗിച്ച് ഇയാൾ പല രേഖകളും കൈക്കലാക്കി. താൻ നഗരസഭ മേഖല കാര്യാലയത്തിൽ ജോയിന്റ് ഡയറക്ടർ ആയി വരുമെന്നും അന്ന് കാണിച്ചു തരാമെന്നും പറഞ്ഞാണ് ഭീഷണി. ഇതോടെ പല കാര്യങ്ങളും വഴിവിട്ട് ചെയ്യാൻ ജീവനക്കാർ നിർബന്ധിതരായി. പോരെങ്കിൽ പരസ്യമായി ഇയാൾ ജീവനക്കാരെയും എതിരായി പരാതി നൽകിയവരെയും വെല്ലുവിളിക്കുകയും ചെയ്യുന്നു. എതിരേ നൽകുന്ന പരാതിയിൽ ഒരു നടപടിയും ഉണ്ടാവില്ലെന്ന് മാത്രമല്ല, ഇയാൾ കൊടുക്കുന്ന പരാതികൾക്ക് ഉടനടി തീർപ്പുമുണ്ടാകുന്നുണ്ട്.

വകുപ്പു തല അന്വേഷണമില്ല, തിരികെ നിയമിക്കണമെന്ന് നാരായണൻ

കൈക്കൂലിക്കേസിൽ അറസ്റ്റിലാവുകയും കോടികളുടെ അനധികൃത സ്വത്ത് ഇയാൾ സമ്പാദിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിട്ടും നാരായണനെതിരേ വകുപ്പു തല അന്വേഷണം നടക്കുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാൾ അപേക്ഷ നൽകിയിരിക്കുന്നത്. തിരിച്ചെടുക്കൽ വേഗത്തിലാക്കാൻ ഇയാളുടെ അടുത്ത സുഹൃത്തായ ഒരു മന്ത്രിയുടെ ഓഫീസിൽ നിന്ന് കടുത്ത സമ്മർദം ഉള്ളതായും പറയുന്നു. കൈക്കൂലിക്കേസിൽ പിടിയിലായ നാരായണനെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിലും തദ്ദേശസ്വയംഭരണ വകുപ്പ് മടികാട്ടിയിരുന്നു. മാർച്ച് മൂന്നിന് അറസ്റ്റിലായിരുന്ന നാരായണനെ ആറു ദിവസത്തിന് ശേഷം മുൻകാല പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

ഇവിടെയാണ് നാരായണന്റെ സ്വാധീനം പുറത്തു വരുന്നത്. ഇയാൾ വീമ്പിളക്കിയിരുന്ന സർക്കാരിലും മന്ത്രിയിലും ഉള്ള സ്വാധീനം വീൺവാക്കായിരുന്നില്ല എന്ന് തെളിയിച്ചതാണ് ഈ സംഭവം. ഒരു സർക്കാർ ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടിയാൽ അപ്പോൾ തന്നെ വിവരം മേലധികാരിക്ക് റിപ്പോർട്ട് ചെയ്യും. പിടിയിലായ ഉദ്യോഗസ്ഥനെ വിജിലൻസ് കോടതി റിമാൻഡ് ചെയ്യുക കൂടി ചെയ്താൽ അപ്പോൾ തന്നെ സസ്പെൻഷനുമുണ്ടാകും. ഇവിടെ ഇതൊന്നും നടന്നില്ല. പിടിയിലായ സമയം തന്നെ വിവരം വിജിലൻസ് ഡിവൈ.എസ്‌പി കൊല്ലം നഗരകാര്യ മേഖലാ ജോയിന്റ് ഡയറക്ടറെയും പിറ്റേന്ന് സംസ്ഥാന നഗരകാര്യ ഡയറക്ടറെയും അറിയിച്ചിരുന്നു. പിറ്റേന്ന് സെക്രട്ടറിയെ വിജിലൻസ് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. സ്വാഭാവികമായും രണ്ടാം ദിവസം സെക്രട്ടറി സസ്പെൻഷനിലാകേണ്ടതാണ്. പക്ഷേ, അതുണ്ടായില്ല. മാർച്ച് ഒമ്പത് വരെ സെക്രട്ടറിയുടെ സസ്പെൻഷൻ നീട്ടിക്കൊണ്ടു പോയത് ഇയാളെ മന്ത്രി തലത്തിൽ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പറയുന്നത്.

നിലവിൽ നാരായണനെ തിരികെ എടുക്കുന്നതിന് വിജിലൻസ് എതിർപ്പ് അറിയിച്ചിട്ടുണ്ട്. കൈക്കൂലിക്കേസിൽ ഇതു വരെ കുറ്റപത്രം തയാറായിട്ടില്ല. ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ കുറ്റപത്രം സമർപ്പിക്കാൻ കഴിയുകയുള്ളൂ. ചുരുങ്ങിയത് രണ്ടു മാസമെങ്കിലും ഇതിന് വേണ്ടി വരും. അതിനോടകം ഇയാളെ സർവീസിൽ തിരിച്ചെടുത്താൽ അന്വേഷണം അട്ടിമറിക്കാൻ നാരായണൻ ശ്രമിക്കുമെന്ന വാദമാണ് വിജിലൻസിനുള്ളത്. ഇതെല്ലാം തള്ളിക്കളഞ്ഞ് നാരായണനെ തിരികെ എടുപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതത്രേ.

കോടികളുടെ അനധികൃത സമ്പാദനം സ്വന്തം പേരിലും ബിനാമി പേരിലും: ബിജു രമേശിനോടും കൈക്കൂലി ചോദിച്ചു

നാരായണന്റെ അനധികൃത സമ്പാദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് തുടരന്വേഷണം നടത്തിയ വിജലൻസ് സംഘം. തിരുവനന്തപുരത്തെ അബ്കാരി ബിജു രമേശിനോട് രണ്ടു ലക്ഷം രൂപയാണ് നേരിട്ട് ഇയാൾ കൈക്കൂലി ചോദിച്ചത്. 2015 ൽ അതിന്റെ പേരിൽ ഇയാൾക്കെതിരേ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, കേസ് അന്വേഷിച്ചവർ തന്നെ അട്ടിമറിച്ചു. അനധികൃത സമ്പാദനത്തിന് മറ്റൊരു അന്വേഷണം കൂടി നടന്നു വരുന്നതിനിടെയാണ് ഇപ്പോൾ കൈക്കൂലി കേസിൽ പിടിയിലായിരിക്കുന്നത്. രണ്ടു ലക്ഷം രൂപയിൽ കുറഞ്ഞ കൈക്കൂലി നാരായണൻ വാങ്ങിയിരുന്നില്ല. തിരുവല്ലയിൽ ഒരു കാര്യം ശരിയാക്കുന്നതിന് 50 ലക്ഷം ഇയാൾ കൈക്കൂലി ചോദിച്ചതിന്റെ തെളിവുകൾ വിജിലൻസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അമ്പലപ്പുഴയിലെ വീട്ടിൽ നിന്ന് വസ്തു ഇടപാടിന്റെ അഞ്ച് ആധാരമാണ് കണ്ടെടുത്തത്. ഇതിനെല്ലാം കൂടി കോടികൾ വിലമതിക്കും. നെടുമങ്ങാട് ഒരു വസ്തു രണ്ടു കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. രേഖകളിൽ 1.20 കോടിയാണ് കാണുന്നത്. പിടിയിലാകുന്ന സമയം 60 ലക്ഷം രൂപ ഈ ഇടപാടിന് ഉറപ്പിച്ചിരുന്നു. കളമശേരി, നെടുമങ്ങാട്, ചെങ്ങന്നൂർ തുടങ്ങി ഇയാൾ ജോലി ചെയ്തിരുന്ന മുഴുവൻ മേഖലകളിലും കൈക്കൂലി വാങ്ങിയെന്ന് പരാതി ഉയർന്നിരുന്നു. അനധികൃത സമ്പാദ്യത്തിനുള്ള വിജിലൻസ് കേസ് അട്ടിമറിക്കുന്ന കാര്യത്തിൽ വരെ ശക്തനായിരുന്നു ഇയാൾ എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലെല്ലാം വിജിലൻസ് ഇയാളെ കുടുക്കാൻ വല വിരിച്ചിരുന്നു. പിടിയിലായത് തിരുവല്ലയിൽ വച്ചാണെന്ന് മാത്രം.