- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു ദിവസം മുൻപ് അഫ്സാന കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത് ഒന്നര വർഷം മുൻപ് കാണാതായ ഭർത്താവ് അടൂർ വഴി പോകുന്നത് കണ്ടെന്ന്; പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ താൻ കൊന്നു കുഴിച്ചു മൂടിയെന്ന് വെളിപ്പെടുത്തൽ; അഫ്സാന അറസ്റ്റിൽ; പൊലീസിനെ വട്ടം ചുറ്റിച്ച് കൊലപാതക കഥ
പത്തനംതിട്ട: യുവാവിനെ കൊന്നു കുഴിച്ചു മൂടിയെന്ന ഭാര്യയുടെ വെളിപ്പെടുത്തലിൽ പൊലീസ് വട്ടം ചുറ്റുന്നു. പത്തനാപുരം പാടം സ്വദേശി നൗഷാദിനെ അടൂർ പരുത്തിപ്പാറയിലെ വാടക വീട്ടിന് സമീപം കൊന്നു കുഴിച്ചിട്ടെന്ന ഭാര്യ നൂറനാട് സ്വദേശി അഫ്സാനയുടെ വെളിപ്പെടുത്തലാണ് പൊലീസിനെ കുഴപ്പിക്കുന്നത്. മൂന്നു ദിവസമായി കൂടൽ പൊലീസ് കസ്റ്റഡിയിലായ അഫ്സാനയെ അറസ്റ്റ് ചെയ്തു. നൗഷാദിനെ കാണാനില്ലെന്ന് കാട്ടി ബന്ധുവാണ് 2021 നവംബറിൽ കൂടൽ പൊലീസിൽ പരാതി നൽകിയിരുന്നത്. ഇതനുസരിച്ച് അവിടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരുന്നു. അഫ്സാനയുമൊന്നിച്ച് പരുത്തിപ്പാറ പാലമുറ്റത്ത് വീട്ടിൽ ബിജുവിന്റെ വീട്ടിലാണ് നൗഷാദ് വാടകയ്ക്ക് താമസിച്ചിരുന്നത്.
മൂന്നു ദിവസം മുൻപ് അഫ്സാന കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച അഫ്സാന ഭർത്താവ് അടൂരിൽ കൂടി നടന്നു പോകുന്നത് കണ്ടുവെന്ന് അറിയിച്ചു. ഇതോടെ പൊലീസിന് സംശയമായി. ഒന്നരവർഷത്തിലധികമായി കാണാനില്ലാത്ത ഭർത്താവിനെ കണ്ടിട്ട് ഭാര്യ എന്തു കൊണ്ട് വിളിച്ചു വീട്ടിലേക്ക് കൊണ്ടു പോയില്ല എന്നായിരുന്നു അവരുടെ സംശയം. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇൻസ്പെക്ടർ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിൽ വിവരങ്ങൾ ചോദിച്ച് അറിഞ്ഞു. അപ്പോഴാണ് നൗഷാദിനെ താൻ കൊലപ്പെടുത്തിയെന്നും കുഴിച്ചു മൂടിയെന്നും പറയുന്നത്. മൃതദേഹം പുഴയിലൊഴുക്കി, സമീപത്തെ പള്ളിയുടെ സെമിത്തേരിയിൽ മറവു ചെയ്തു, വേസ്റ്റ് കുഴിയിൽ ഇട്ടു എന്നിങ്ങനെ പരസ്പര വിരുദ്ധമായിട്ടാണ് ഇവർ മൊഴി കൊടുത്തത്. ഇതോടെ ഇവർക്ക് മാനസിക പ്രശ്നമുള്ളതായും പൊലീസ് സംശയിച്ചു.
വ്യാഴാഴ്ച രാവിലെ കോന്നി ഡിവൈ.എസ്പി. ടി. രാജപ്പന്റെ നേതൃത്വത്തിൽ അഫ്സാനയെ കൂടുതൽ ചോദ്യം ചെയ്യുകയും മൃതദേഹം മറവു ചെയ്തുവെന്ന് പറയുന്ന സ്ഥലത്തേക്ക് തെളിവെടുപ്പിന് കൊണ്ടു വരികയും ചെയ്തു. ഇവർ പറഞ്ഞ പ്രകാരം പള്ളി സെമിത്തേരിയിൽ മൃതദേഹം മറവു ചെയ്യുന്നതിനുള്ള സാധ്യത പൊലീസ് പൂർണമായും തള്ളി. തുടർന്ന വേസ്റ്റ് കുഴി പരിശോധിച്ചു. പിന്നീട് അഫ്സാന ചൂണ്ടിക്കാണിച്ച സ്ഥലങ്ങളും വീടിനുള്ളിലെ അടുക്കളഭാഗം ഉൾപ്പെടെ രണ്ടു മുറികളും കുഴിച്ചു നോക്കി. ഇവിടെ നിന്നൊന്നും ലഭിച്ചിട്ടില്ല. അഫ്സാന പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന സംശയവും നിലനിൽക്കുന്നു. മൃതദേഹം കിട്ടാത്ത സാഹചര്യത്തിൽ കൊലക്കുറ്റം അഫ്സാനയിൽ നിലനിൽക്കില്ല. ഇനി കൊലപാതകം നടത്തിയെങ്കിൽ തന്നെ മൃതദേഹം ഇവർക്ക് ഒറ്റയ്ക്ക് മറവു ചെയ്യാനും സാധിക്കില്ല. സഹായികൾ ഉണ്ടായിരിക്കാമെന്നും പൊലീസ് കരുതുന്നു.
മൂന്നു മാസമാണ് ഇവർ ഒരുമിച്ച് ഈ വീട്ടിൽ താമസിച്ചതെന്ന് പറയുന്നു. നൗഷാദ് മദ്യപാനിയും അഫ്സാനയെ മർദിക്കുന്നയാളുമായിരുന്നുവെന്നാണ് മൊഴി. മീൻ കച്ചവടവും ഡ്രൈവിങ്ങുമായിരുന്നു തൊഴിൽ. നൗഷാദ് കൊല്ലപ്പെട്ടിരിക്കാമെന്ന് തന്നെയാണ് പൊലീസ് വിശ്വസിക്കുന്നത്. അതനുസരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്