തിരുവനന്തപുരം: അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തെപ്പറ്റി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ പൊലീസ്. അരുണാചൽ പ്രദേശിലെ ഗ്രാമങ്ങളിലെത്തി മൂവരും ധ്യാനത്തിൽ പങ്കെടുത്തിരുന്നെന്നും പൊലീസ് കണ്ടെത്തി. അതിന് ശേഷമായിരുന്നു ആത്മഹത്യ. ഒരു വൈദികനടക്കം അഞ്ച് സുഹൃത്തുക്കളെ തന്റെ വിചിത്ര ചിന്തകളുടെ ഭാഗമാക്കാൻ നവീൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. ഡോൺ ബോസ്‌കോ എന്ന ഇ മെയിൽ ഐഡിക്ക് പിന്നിൽ ആര്യയാണെന്നും പറയുന്നു. എന്നാൽ മരിക്കാനുള്ള ആശയം നവീന്റേതാണെന്നാണ് നിഗമനം.

ഡോൺബോസ്‌കോ എന്ന ഇമെയിൽ ഐഡിയിൽ നിന്ന് അന്യഗ്രഹജീവികളെക്കുറിച്ചുള്ള പരാമർശങ്ങളടങ്ങുന്ന സന്ദേശങ്ങൾ ആര്യയ്ക്കു വന്നിരുന്നു. ഡോൺബോസ്‌കോ എന്ന മെയിൽ ഐഡി നവീൻ തോമസ് ഉണ്ടാക്കിയ വ്യാജ ഐഡിയാണെന്നായിരുന്നു പൊലീസ് കരുതിയത്. എന്നാൽ ഈ ഇമെയിൽ ആര്യയുടേതാണെന്ന് പൊലീസ് സംശിക്കുന്നു. സ്വന്തമായി ഇമെയിൽ വിലാസമുണ്ടാക്കി അതിൽ നിന്നു തനിക്കു തന്നെ ആര്യ ഇമെയിലുകൾ അയച്ചു. സുഹൃത്തിന് ഇതിൽ നിന്ന് ആര്യ ഒരിക്കൽ മെയിൽ അയച്ചുവെന്നും പൊലീസ് കണ്ടെത്തി. ഇതാണ് നിർണ്ണായകമായത്. കൂടുതൽ സാത്താൻ സേവക്കാരിലേക്ക് അന്വേഷണം ഉണ്ടാകില്ല. അരുണാചലിലേത് ആത്മഹത്യയായി തുടരും.

അസാധാരണമായ ചില വിശ്വാസരീതികളെപ്പറ്റിയുള്ള ആശയവിനിമയത്തിനാണ് വ്യാജ മെയിൽ ഐഡി ഉണ്ടാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. അന്യഗ്രഹ ജീവിതമെന്ന സങ്കൽപം ആദ്യം പങ്കുവച്ചത് നവീൻ ആണെന്നും പൊലീസ് കണ്ടെത്തി. അതീന്ദ്രീയ ചിന്തയ്ക്കും സാത്താൻ സേവയ്ക്കും ആദ്യം അടിമയായത് നവീനാണ്. പിന്നീട് ഭാര്യ ദേവിയേയും കൂട്ടുകാരി ആര്യയേയും ഇതിലേക്ക് ആകർഷിച്ചു. തിരുവനന്തപുരം പങ്കജ കസ്തൂരി ആയുർവേദ കോളേജിലായിരുന്നു നവീനും ദേവിയും പഠിച്ചത്. ഇതിനിടെയുള്ള പ്രണയമാണ് ഇവരുടെ വിവാഹത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആയുർവേദ ഡോക്ടറാകാനുള്ള പഠന സമയത്ത് തന്നെ നവീൻ തോമസ് എന്ന നവീൻ അന്യഗൃഹ ചിന്തയിലേക്ക് അടിമപ്പെട്ടിരുന്നു.

നവീൻ 2010 മുതൽ മരണാനന്തര ജീവിതത്തെക്കുറിച്ചും അന്യഗ്രഹ ജീവിതത്തെക്കുറിച്ചും പറയുന്ന വെബ്സൈറ്റുകളിൽ സജീവമായിരുന്നു. 2016 ഏപ്രിലിൽ അന്യഗ്രഹജീവിതത്തെക്കുറിച്ച് പറയുന്ന 'മിതി' എന്ന വെബ്സൈറ്റിൽ പണം സംഭാവന ചെയ്തിരുന്നുവെന്നും തെളിവുകൾ പുറത്തു വന്നിരുന്നു. മിതി എന്ന സാങ്കൽപിക കഥാപാത്രത്തിന്റെ പേരിലാണ് ഈ യൂട്യൂബ് ചാനലും വെബ്സൈറ്റും പ്രവർത്തിക്കുന്നത്. ഇതിൽ 2019ലും 2020ലും നവീൻ തോമസ് സംശയങ്ങൾ ചോദിച്ചതിന്റെയും അതിന് മിതി മറുപടി പറയുന്നതിന്റെയും രേഖകൾ പുറത്തു വന്നിരുന്നു. ഇതെല്ലാം ഉപയോഗിച്ചാണ് ആര്യയയേും നവീനേയും ഈ വഴിയിലേക്ക് കൊണ്ടു വന്നത്.

ലാപ്ടോപ്പും മൊബൈലുകളും പരിശോധിച്ചപ്പോൾ ലഭിച്ച വിവരങ്ങളുമായി ഒത്തുപോവുന്നതാണ് ഇപ്പോൾ പൊലീസിന് കിട്ടിയ തെളിവുകൾ. മരിച്ച ആര്യയുടെയും നവീനിന്റേയും ലാപ്ടോപ്പുകളിൽ നിന്ന് ലഭിച്ചത് വ്യത്യസ്ത പേരിലുള്ള നിരവധി ഇമെയിൽ സന്ദേശങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി. മൂവരുടേയും മരണത്തിലേക്ക് നയിച്ച വിചിത്ര വിശ്വാസത്തിന്റെ പ്രേരണയിൽ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണ സംഘം. അതേസമയം ആര്യയുടെയും ദേവിയുടെയും കൈ ഞരമ്പ് മുറിച്ചത് അവരുടെ സമ്മതത്തോടെ നവീനാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തിൽ പോയി ജനിച്ച് ജീവിക്കണമെന്നും ഇവർ വിശ്വസിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആര്യ സുഹൃത്തുക്കൾക്ക് മൂന്ന് വർഷം മുമ്പ് പങ്കുവച്ച ഒരു ഇ-മെയിൽ സന്ദേശം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ സന്ദേശത്തിൽ അന്യഗ്രഹ ജീവിത്തെ കുറിച്ചാണ് പറഞ്ഞിരുന്നത്. ചില കോഡുകളും ഉണ്ടായിരുന്നു.

നവീൻ നേരത്തെ അരുണാചലിൽ പോയി പർവതാരോഹണം അടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് തിരിച്ചെത്തിയ നവീൻ പർവതാരോഹണം നടത്താനുള്ള വസ്ത്രങ്ങൾ, ടെന്റ്, പാത്രങ്ങൾ എന്നിവ ഓൺലൈനായി വാങ്ങി. ഇതെല്ലാം നവീനിന്റെ കാറിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഒന്നര വർഷം മുൻപ് അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയിൽ നവീനും ഭാര്യ ദേവിയും പോയിരുന്നു. അവിടെ ബുദ്ധവിഹാരങ്ങളിലെത്തി പർവതത്തിന് മുകളിലെ ജീവിതത്തെക്കുറിച്ച് തിരക്കിയിരുന്നു. ആഭിചാര കർമങ്ങൾക്ക് കുപ്രസിദ്ധിയാർജിച്ച വടക്കു കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും അവിടത്തെ കർമങ്ങളെക്കുറിച്ചും നവീൻ പഠിക്കാൻ ശ്രമിച്ചിരുന്നു.

ശ്രീകാര്യത്തെ ചെമ്പക സ്‌കൂളിൽ അദ്ധ്യാപികയായ ആര്യയെ കാണാനില്ലെന്ന പരാതി ഇക്കഴിഞ്ഞ 27 നാണ് വട്ടിയൂർകാവ് പൊലീസിന് കിട്ടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് മൂവരെയും ഏപ്രിൽ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏപ്രിൽ രണ്ടിനാണ് വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീൻ, ദേവി എന്നിവരെ അരുണാചലിലെ ഇറ്റാനഗറിലുള്ള ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.