- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തതായി പറയുന്ന പ്രശാന്തനെ കേസുമായി ബന്ധിപ്പിക്കാനുള്ള യാതൊരു തെളിവും ലഭിച്ചില്ല;കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി ദിവ്യയുടെ പരാമര്‍ശമെന്ന് കുറ്റപത്രം; കൊലപാതക സാധ്യത തള്ളി പോലീസ് അന്വേഷണം
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി ദിവ്യയുടെ പരാമര്‍ശമെന്ന് കുറ്റപത്രം. കൊലപാതക സാധ്യതകള്‍ പൂര്‍ണമായും തള്ളി. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും. സിബിഐ അന്വേഷണ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.
കേസുമായി ബന്ധപ്പെട്ട് രാസപരിശോധന ഫലം കൂടി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. കുറ്റപത്രം ഈ മാസം അവസാനത്തോടെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ആണ് കുറ്റപത്രം സമര്‍പ്പിക്കുന്നകത്. നവീന്‍ ബാബുവിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. സുപ്രിംകോടതിയെ സമീപിക്കുമെന്ന് കുടുംബം പറഞ്ഞിരുന്നു. ഇതിന് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കുന്നത് തുടരന്വേഷണ സാധ്യതയില്ലെന്ന് വിശദീകരിക്കാന്‍ കൂടി വേണ്ടിയാണ്.
അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അപാകം പറയാത്ത സാഹചര്യത്തില്‍ അധികം വൈകാതെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പോലീസ്. യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ നടത്തിയ പ്രസംഗത്തിനപ്പുറം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് മറ്റൊരു കാരണവും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ലെന്നറിയുന്നു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാകും കുറ്റപത്രം. അനുബന്ധ രേഖകളും ശാസ്ത്രീയപരിശോധനാഫലങ്ങളും ഉള്‍പ്പെടെ നൂറോളം പേജുകള്‍ കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം.
കളക്ടര്‍, കളക്ടറേറ്റിലെ ജീവനക്കാര്‍, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയയാള്‍, നവീന്‍ ബാബുവിന്റെ ഭാര്യ, കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 82 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീന്‍ ബാബു മരിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കയറിന്റെയും അടിവസ്ത്രത്തില്‍ കണ്ട കറയുടെയും ശാസ്ത്രീയ പരിശോധനാഫലം മാത്രമാണ് ഇനി ലഭിക്കാനുള്ളത്. ഇത് കിട്ടിയാല്‍ ഉടന്‍ കുറ്റപത്രം നല്‍കും. കേസ് ഡയറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അത് തിരിച്ചുവാങ്ങാനുള്ള നടപടി ആരംഭിച്ചു. ഇതും കുറ്റപത്രം തയ്യാറാക്കാന്‍ വേണ്ടിയാണ്. ഡി.െഎ.ജി.യുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍, അസി. കമ്മിഷണര്‍ ടി.കെ. രത്‌നകുമാര്‍, ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. നവീന്‍ ബാബുവിന്റെ രണ്ട് ഫോണുകളിലും ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ കണ്ടെത്തലെന്നറിയുന്നു.
ആത്മഹത്യാക്കുറിപ്പും ഫോണിലെ വിവരങ്ങളും നശിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് അന്വേഷണ സംഘം പറയുന്നു. പോലീസ് സംഘം മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാക്കുറിപ്പ് ലഭിച്ചില്ല. നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തതായി പറയുന്ന പ്രശാന്തനെ കേസുമായി ബന്ധിപ്പിക്കാനുള്ള യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നിഗമനം. കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയം ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ലെന്നതും ആത്മഹത്യാ വാദത്തിന് തെളിവായി പോലീസ് പറയുന്നു.