- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
എ.ഡി.എമ്മിന്റെ മരണത്തില്‍ നയിച്ചത് പ്രശാന്തും പി പി ദിവ്യയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന; അന്വേഷണസംഘം പത്തനംതിട്ടയിലേക്ക്; ബന്ധുക്കളുടെ മൊഴിയെടുത്താല്‍ ദിവ്യയ്‌ക്കെതിരേ കേസെടുക്കാന്‍ സാധ്യത; നവീന്‍ ബാബു വൈകീട്ട് വീട്ടിലെത്തിയ ഓട്ടോറിക്ഷയുടെ വിവരങ്ങള്‍ തേടിയും പോലീസ്
നവീന്‍ ബാബു വൈകീട്ട് വീട്ടിലെത്തിയ ഓട്ടോറിക്ഷയുടെ വിവരങ്ങള്‍ തേടിയും പോലീസ്
കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം. കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന ആവശ്യം ശക്തമായിയിരിക്കുമ്പോഴും പോലീസ് ഇതുവരെ അതിന് തയ്യാറായിട്ടില്ല. അതിനുള്ള നീക്കങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ 10 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭീഷണിയും നിടുവാലൂരിലെ ടി.വി. പ്രശാന്തുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുമാണ് കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാണിച്ച് സഹോദരന്‍ കെ. പ്രവീണ്‍ ബാബു ഡി.െഎ.ജി.ക്കും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ബന്ധുക്കളുടെ മൊഴിയെടുക്കാന്‍ അന്വേഷണസംഘം പത്തനംതിട്ടയിലേക്ക് പോകും. എ.ഡി.എമ്മിന്റെ സംസ്‌കാരച്ചടങ്ങ് വ്യാഴാഴ്ചയാണ്. അതിനുശേഷമാകും ബന്ധുക്കളില്‍നിന്ന് മൊഴി രേഖപ്പെടുത്തുക. ഭാര്യയുടെയും സഹോദരന്റെയും വിശദമായ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൂടാതെ എ.ഡി.എമ്മിന്റെ ഓഫീസിലെ ജീവനക്കാരുടെയും ഡ്രൈവര്‍ ഷംസുദ്ദീന്‍ ഉള്‍പ്പെടെയുള്ളരുടെ മൊഴിയും രേഖപ്പെടുത്തും.
ദിവ്യ വിമര്‍ശനം ഉന്നയിച്ച യാത്രയയപ്പ് യോഗത്തില്‍ സന്നിഹിതനായിരുന്ന കളക്ടറുടെയും മൊഴി എടുക്കേണ്ടിവരും. ദിവ്യയ്‌ക്കെതിരേ കേസെടുക്കുന്നതിന് മുന്നോടിയാണ് ഈ നടപടി എന്നാണ് സൂചന. എങ്കിലും സിപിഎം നേതാവിനെതിരെ എന്തു നടപടി എടുക്കുമെന്ന ചോദ്യവും പ്രസക്തമായി ഉയരുന്നുണ്ട്. കേസെടുക്കാന്‍ വൈകുന്നതില്‍ ബന്ധുക്കള്‍ പ്രതിഷേധം അറിയിച്ചിരുന്നു. മൊഴികളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രഥമവിവര റിപ്പോര്‍ട്ട് വിപുലീകരിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.
ഇക്കാര്യം റിപ്പോര്‍ട്ടായി കോടതിയില്‍ സമര്‍പ്പിച്ചശേഷമാകും അന്വേഷണം വ്യാപിപ്പിക്കുക. ആത്മഹത്യ തന്നെയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പുലര്‍ച്ചെ നാലോടെയാണ് മരണം നടന്നതെന്നാണ് നിരീക്ഷണം. യാത്രയയപ്പ് യോഗത്തിന് ശേഷം എ.ഡി.എമ്മിനെ ഡ്രൈവര്‍ ഷംസുദ്ദീന്‍ ഒദ്യോഗികവാഹനത്തില്‍ റെയില്‍വേ സ്റ്റേഷനിലാക്കാന്‍ കൊണ്ടുപോയെങ്കിലും വഴിയില്‍വെച്ച് അദ്ദേഹം ഇറങ്ങിയിരുന്നു. തിരികെ ഓട്ടോറിക്ഷയില്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയതായി കരുതുന്നു. താമസസ്ഥലത്തേക്ക് എത്തിച്ച ഓട്ടോറിക്ഷയെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്താനിയില്ല.
എ.ഡി.എം. ഇറങ്ങിയെന്ന് കരുതുന്ന സ്ഥാനത്ത് ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്ല. മാത്രമല്ല ഈ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചുവെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനായില്ല. പള്ളിക്കുന്നിലെ താമസസ്ഥലത്തിന് സമീപത്തൊന്നും സി.സി.ടി.വി. ഇല്ലാത്തതും അന്വേഷണസംഘത്തെ കുഴക്കുന്നു. നവീന്‍ ബാബു പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സിനകത്തെ കിടപ്പുമുറിയിലെ ഫാനില്‍ പ്ലാസ്റ്റിക് കയറില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മരണത്തില്‍ മറ്റ് സംശയമൊന്നുമില്ലെന്നും പറയുന്നുണ്ട്. ഭാരത് ന്യായസംഹിത പ്രകാരമാണ് കേസെടുത്തത്.
അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം യുവ നേതാവ് പി.പി.ദിവ്യ ഏല്പിച്ച കടുത്ത ആഘാതം പ്രചാരണത്തെ തകിടം മറിക്കുമെന്ന അങ്കലാപ്പില്‍ സി.പി.എം. ദിവ്യ നടത്തിയ വ്യക്തിഹത്യയില്‍ മനമുരുകിയാണ് എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയത്. ഇത് മലയാളക്കരയുടെ മനസ്സിനെ ഉലച്ചു. ദിവ്യയെ അറസ്റ്റ് ചെയ്ത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവും ശക്തമാകുന്നു. വോട്ടര്‍മാരെ വിഷയം എങ്ങനെ സ്വാധീനിക്കുമെന്നതാണ് പാര്‍ട്ടി നേതൃത്വത്തെ കുഴയ്ക്കുന്നത്.മാത്രമല്ല, നവീനിന്റേത് പാരമ്പര്യമായി സി.പി.എം കുടുംബവും.
കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടി പത്തനംതിട്ട ജില്ലാ നേതൃത്വം കടുത്ത നടപടി ആവശ്യപ്പെട്ടിരിക്കെ, ദിവ്യയെ സംരക്ഷിക്കാനുള്ള കണ്ണൂര്‍ ഘടകത്തിന്റെ ശ്രമം കൂടുതല്‍ ദോഷം വരുത്തുകയേയുള്ളൂ. പ്രത്യേകിച്ച് വോട്ടെടുപ്പിന് നാളുകളേ ബാക്കിയുള്ളൂവെന്നിരിക്കെ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയിലും പാഠം പഠിക്കാതെ ഒരു വിഭാഗം തുടരുന്ന ധാര്‍ഷ്ട്യത്തിന്റെ ഒടുവിലത്തെ നേര്‍ സാക്ഷ്യമാണ് നവീന്‍ സംഭവമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രചാരണ രംഗത്തെ പ്രത്യാക്രമണം നേരിടാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.പാര്‍ട്ടിയെ മുള്‍മുനയില്‍ നിറുത്തി കണക്കുപറയിക്കാന്‍ പ്രതിപക്ഷത്തിന് വജ്രായുധമാണ് കിട്ടിയിരിക്കുന്നത്.
ദിവ്യയ്‌ക്കെതിരെ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ പൊതുസമൂഹത്തില്‍ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയുണ്ടാകുമെന്ന അഭിപ്രായം പാര്‍ട്ടി നേതാക്കള്‍ക്കിടയിലുണ്ട്.തെറ്റായ പ്രവണതകള്‍ തിരുത്തുമെന്നും ജനങ്ങളെ കൂടുതല്‍ അടുപ്പിച്ച് നിറുത്തണമെന്നുമായിരുന്നു പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് പാര്‍ട്ടി കൈക്കൊണ്ട തീരുമാനം. ഒന്നിനു പിറകേ സംഭവിക്കുന്നത് നേരെ മറിച്ചും.ഉയരുന്ന ബിനാമി സംശയംപെട്രോള്‍ പമ്പിന് എന്‍.ഒ.സി നേടിയെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്തിനാണ് ഇത്ര താത്പര്യം കാട്ടിയതെന്ന ചോദ്യവും ഉയരുന്നു. ദിവ്യയുടെ ഭര്‍ത്താവിന്റെ ബിനാമിയാണ് പമ്പിന്റെ അപേക്ഷകനെന്ന അക്ഷേപം കോണ്‍ഗ്രസ് ഉയര്‍ത്തിക്കഴിഞ്ഞു.