ചെന്നൈ: തെന്നിന്ത്യൻ നടി നയൻതാരയ്ക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുട്ടികൾ ജനിച്ചത് ഏറെ വാർത്താപ്രധാന്യം നേടിയതിന് പിന്നാലെ വാടക ഗർഭധാരണം സംബന്ധിച്ച് വിവാദമുയർന്നിരുന്നു. തമിഴ്‌നാട് ആരോഗ്യവകുപ്പാണ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് വാടക ഗർഭധാരണവും ചികിത്സയും പ്രസവവും നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ ഇതുവരെ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മലയാളിയായ നയൻതാരയുടെ ഒരു ബന്ധുവാണ് വാടക ഗർഭധാരണത്തിന് തയ്യാറായതെന്നും സൂചനകളുണ്ട്. വാടക ഗർഭധാരണത്തിനായി ഇരുവരും സമീപിച്ച ആശുപത്രിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

ആശുപത്രിയിലെ അന്വേഷണം പൂർത്തിയായതിന് ശേഷം ആവശ്യമെങ്കിൽ നയൻതാരയെയും വിഘ്നേശ് ശിവനെയും ചോദ്യം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നയൻതാരയും വിഘ്‌നേഷും രാജ്യത്തെ വാടക ഗർഭധാരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഉയർന്നതോടെ ഇതിൽ അന്വേഷണം നടത്തുമെന്നും ദമ്പതികളോട് ഇത് സംബന്ധിച്ച് വിശദീകരണം തേടുമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യവകുപ്പ് ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് അന്വേഷണം നടത്തുന്നത്.

വാടകഗർഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചല്ല വാടക ഗർഭധാരണത്തിലൂടെ നയൻതാര അമ്മയായതെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായത്. തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നതായി വിഘ്നേഷ് ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ കുട്ടികൾ ജനിച്ചത് വാടകഗർഭധാരണം മുഖേനയാണെന്ന പ്രചാരണമുണ്ടായി.

ഗർഭം ധരിച്ച യുവതിയുടെ പശ്ചാത്തലം തുടങ്ങിയവ പരിശോധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ സമിതി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകും. വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷവും കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരിയിലാണു വാടകഗർഭധാരണ (സറഗസി) നിയമം ഭേദഗതി ചെയ്തത്. ജൂൺ ഒൻപതിനായിരുന്നു നയൻതാര വിഘ്‌നേഷ് വിവാഹം. 4 മാസത്തിനുള്ളിൽ വാടകഗർഭത്തിൽ കുഞ്ഞ് ജനിച്ചതിനാൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക.