- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നേഹയുടെ കൊലപാതകം ലൗ ജിഹാദല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമായി മാറുകയാണ്. ബിജെപി വിഷയം സജീവമായി ഉന്നയിക്കുമ്പോൾ അതിനെ പ്രതിരോധിച്ചു കോൺഗ്രസും രംഗത്തുണ്ട്. ബിജെപി ഉന്നയിക്കുന്ന ലൗ ജിഹാദ് ആരോപണം പൂർണ്ണമായും തള്ളുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഹുബ്ബള്ളി ധാർവാഡ് മേഖലയിൽ മുസ്ലിം സംഘടനകൾ ബന്ദ് ആചരിക്കുകയാണ്.
ഹുബ്ബള്ളിയിലെ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമഠിന്റെ മകളാണ് കൊല്ലപ്പെട്ട നേഹ ഹിരേമഠ്. കൊലപാതകത്തിന് പിന്നിൽ ലൗ ജിഹാദാണെന്നും ഗൂഢാലോചനയുണ്ടെന്നും നേഹയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. പ്രതിയായ ഫയാസിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് കരുതുന്ന നാല് യുവാക്കളുടെ പേര് അടക്കം അന്വേഷണസംഘത്തിന് നൽകിയെങ്കിലും അവരെ അറസ്റ്റ് ചെയ്തില്ലെന്നും മാതാപിതാക്കൾ പറയുന്നു.
എന്നാൽ വ്യക്തിപരമായ പ്രശ്‌നങ്ങളെ ലൗ ജിഹാദെന്ന പദത്തിൽ കൊണ്ട് ചെന്ന് കെട്ടരുതെന്ന് ഇതേക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു. ഇതിനെ രാഷ്ട്രീയായുധമാക്കുകയാണ് ബിജെപി. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദ തന്നെ നേഹയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ജെ പി നദ്ദ ആവശ്യപ്പട്ടു.
ലിംഗായത്ത് വിഭാഗത്തിൽ നിന്ന് കടുത്ത എതിർപ്പ് നേരിടുന്ന മറാഠാ ബ്രാഹ്മണസമുദായാംഗമായ ബിജെപി സ്ഥാനാർത്ഥി പ്രൾഹാദ് ജോഷി ഈ വിഷയത്തെ വലിയ രാഷ്ട്രീയവിവാദമായി ഉയർത്തുന്നു. അതേസമയം, വിവിധ മുസ്ലിം സംഘടനകളും സംയുക്തമായി നേഹയുടെ കൊലപാതകത്തെ അപലപിച്ച് രംഗത്ത് വന്നു. ഒരിക്കലും അംഗീകരിക്കാനാകാത്ത സംഭവമാണെന്നും, പ്രതിയായ ഫയാസിന് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും അഞ്ജുമാൻ എ ഇസ്ലാം എന്ന സംയുക്ത മുസ്ലിം സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.
ഇന്ന് ഹുബ്ബള്ളി ധാർവാഡ് മേഖലയിൽ മുസ്ലിം സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദാണ്. ഒരു മുസ്ലിം അഭിഭാഷകൻ പോലും ഫയാസിന് വേണ്ടി ഹാജരാകില്ലെന്നും മുസ്ലിം സംഘടനകളുടെ കൂട്ടായ്മ വ്യക്തമാക്കി. ഇതിനിടെ നേഹയ്ക്ക് എതിരെ അധിക്ഷേപകരമായ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രണ്ട് ഹുബ്ബള്ളി സ്വദേശികളെ ധാർവാഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഥിനടെ കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നേരിട്ട് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു കുറ്റവാളി ലൗ ജിഹാദിനാണ് ശ്രമിച്ചത്, അത് എതിർത്ത പെൺകുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. അതിനെ അങ്ങനെയല്ല എന്നുപറഞ്ഞ് സാമാന്യവൽകരിക്കാനാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയും ആരോപിച്ചു. കൃത്യമായ അന്വേഷണം നടത്താതെ കുറ്റവാളിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ഒരു പെൺകുട്ടിയുടെ മരണത്തെപ്പോലും രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപി. ശ്രമിക്കുന്നതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത് ലൗ ജിഹാദല്ല. കുറ്റവാളിയെ അറസ്റ്റുചെയ്തുകഴിഞ്ഞു. കേസിൽ തുടരന്വേഷണം നടക്കുകയാണ്. കുറ്റവാളിക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തും. സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്താനുള്ള എല്ലാ നടപടികളും കൈക്കൊണ്ടിട്ടുള്ളതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, മുഹമ്മദ് ഫയാസിന്റെ പിതാവ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കൈകൾ കൂപ്പി നേഹയുടെ കുടുംബാംഗങ്ങളോട് മാപ്പ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നും അത് തന്നെയും കുടുംബത്തെയും ഞെട്ടിച്ചുവെന്നും സ്‌കൂൾ അദ്ധ്യാപകൻ കൂടിയായ ബാബാ സാഹേബ് സുബാനി പറഞ്ഞു.
'നേഹ എനിക്ക് മകളെപ്പോലെയായിരുന്നു. അവളോട് ഇങ്ങനെയൊരു ക്രൂരപ്രവർത്തി ചെയ്തതിന് ഫയാസിന് അർഹിക്കുന്ന ശിക്ഷ ലഭിക്കണം. ഇനി ആർക്കും ആരോടും ഇത്തരമൊരു ക്രൂരത കാണിക്കാനുള്ള ധൈര്യമുണ്ടാവരുത്. അതിന് ഉതകുന്ന ശിക്ഷ വേണം ഫയാസിന് നൽകാൻ. നേഹയുടെ കുടുംബത്തോട് ഞാൻ കൈകൾ കൂപ്പി മാപ്പുചോദിക്കുന്നു,' നിറകണ്ണുകളോടെ ബാബാ സാഹേബ് സുബാനി പറഞ്ഞു.
ആറുവർഷമായി ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയാണെന്നും പണത്തിനുവേണ്ടി മാത്രമായിരുന്നു മകൻ തന്നെ വിളിച്ചിരുന്നതെന്നും സുബാനി പറഞ്ഞു. എട്ടുമാസം മുമ്പ് നേഹയുടെ കുടുംബാംഗങ്ങൾ തന്നെ വിളിച്ചിരുന്നുവെന്നും ഫയാസ് നേഹയെ ശല്യപ്പെടുത്തുന്നുവെന്ന് പരാതി പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതേപ്പറ്റി ചേദിച്ചപ്പോൾ ഇരുവരും പ്രണയത്തിലാണെന്നും നേഹയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുവെന്നുമാണ് ഫയാസ് പറഞ്ഞതെന്നും സുബാനി പറഞ്ഞു.
നേഹയും ഫയാസും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് ഫയാസിന്റ മാതാവ് മുംതാസും പറഞ്ഞത്. കഴിഞ്ഞ വർഷം മുതൽ ഇക്കാര്യം തനിക്കറിയാമായിരുന്നു എന്നാണ് മുംതാസ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, നേഹയുടെ കുടുംബം ഈ വാദം തള്ളി. ഫയാസ് പ്രണയാഭ്യർത്ഥന നടത്തി നേഹയുടെ പിന്നാലെ നടന്ന് ശല്യംചെയ്യുകയായിരുന്നു എന്ന വാദത്തിലാണ് അവർ ഉറച്ചുനിൽക്കുന്നത്. ഫയാസിന്റെ പ്രണയാഭ്യർത്ഥനകൾ നേഹ പലതവണയായി നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്.