ലഖ്‌നൗ: അയൽക്കാരന്റെ ക്രൂര പീഡനത്തിനിരയായ 17 വയസുള്ള പെണ്‍കുട്ടി തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. മലിഹാബാദിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. നിലവില്‍ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. 23 വയസുകാരനായ രാഹുലെന്ന പ്രതി പെൺകുട്ടിയുടെ വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സംഭവത്തിൽ അസ്വസ്ഥയായ പെൺകുട്ടി നാണക്കേട് കൊണ്ട് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നും പോലീസ്. രാഹുലിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശ്വജീത് ശ്രീവാസ്തവ പറഞ്ഞു.

സംഭവ സമയത്ത് സമയത്ത് തന്റെ ശാരീരിക നില മോശമായതിനെ തുടർന്ന് താനും ഭാര്യയും ആശുപത്രിയിൽ പോയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. ഈ സമയത്താണ് പ്രതി വീട്ടില്‍ക്കയറി വന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും ഇതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്നും അച്ഛന്‍. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി തീയണച്ചു. വിവരമറിഞ്ഞ് മാതാപിതാക്കൾ വേഗം ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അതേസമയം, 60 ശതമാനം പൊള്ളലേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത 333/74/107/62 പ്രകാരവും പോക്‌സോ നിയമത്തിലെ സെക്ഷൻ 7/8 പ്രകാരവും കേസെടുത്തതായി മലിഹാബാദ് പോലീസ് വ്യക്തമാക്കി.